ജ്യോതി യാരാജി
റായ്പുർ: ദേശീയ ഗെയിംസ് തന്നെ സംബന്ധിച്ചിടത്തോളം മത്സരമല്ലെന്നും കാര്യമായ വെല്ലുവിളികളില്ലാത്തതിനാൽ ആസ്വദിക്കുകയാണെന്നും വനിത 100 മീറ്ററിൽ സ്വന്തം റെക്കോഡ് പുതുക്കി സ്വർണം നേടിയ ആന്ധ്രപ്രദേശ് താരം ജ്യോതി യാരാജി. ഇത് എതിരാളികളെ കുറച്ച് കാണുന്നതല്ലെന്നും അന്താരാഷ്ട്ര മത്സരങ്ങളാവുമ്പോൾ സമ്മർദ്ദമേറുമെന്നാണ് ഉദ്ദേശിച്ചതെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിനിത് ദേശീയ ഗെയിംസിലെ ഹാട്രിക് സ്വർണ നേട്ടമാണ്.
2022ൽ ഗുജറാത്തിൽ 12.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 13 സെക്കൻഡിന് താഴെയെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു. എന്നാൽ, കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ റെക്കോഡ് നൽകിയില്ല. 2023ൽ ഗോവയിൽ 13.22 സെക്കൻഡിൽ മീറ്റ് റെക്കോഡിട്ടു. ഇന്നലെ രാവിലെ 100 മീറ്റർ ഹീറ്റ്സിൽ ഇത് 13.20 ആയി പുതുക്കിയ ജ്യോതി ഉച്ചക്ക് ശേഷം 13.10 സെക്കൻഡിൽ വീണ്ടും മീറ്റ് റെക്കോഡ് തിരുത്തി. ദേശീയ റെക്കോഡും താരത്തിന്റെ പേരിലാണ്, 12.78 സെക്കൻഡ്.
ജ്യോതിയുടെ വാക്കുകളിലേക്ക്: ''മെഡൽ നേട്ടം സന്തോഷം നൽകുന്നതാണ്. തീര സമ്മർദമില്ലാത്തതിനാൽ ശരിക്കും ആസ്വദിച്ചു. അത് ഗുണം ചെയ്തു. കൂടെ ഓടുന്നവരെക്കുറിച്ച് അറിയുന്നതിനാൽ അതിനനുസരിച്ചാണ് ഒരുക്കങ്ങൾ നടത്തിയത്. അന്താരാഷ്ട്ര മത്സരങ്ങൾ ഇങ്ങനെ ആസ്വദിക്കാൻ കഴിയില്ല. ഡെറാഡൂണിലെ കാലാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ പരിശീലനത്തിന് അനുയോജ്യമായ സമയം തെഞ്ഞെടുത്തതിനാൽ പ്രശ്നമുണ്ടായില്ല. മത്സരവും വെയിലുള്ള സമത്തായിരുന്നു. ഇനി രണ്ട് പ്രധാനപ്പെട്ട മീറ്റുകളാണ് മുന്നിലുള്ളത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഇൻഡോർ മീറ്റിൽ പങ്കെടുക്കണം. തുടർന്ന് ഏഷ്യൻ ഗെയിംസ്. അതിനെല്ലാം ഒരുക്കത്തിലാണ്.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.