ഉസൈൻ ബോൾട്ടിന്റെ കോടികളുടെ നിക്ഷേപം കാണാതായ സംഭവം: എഫ്.ബി.ഐയുടെ സഹായം തേടി ജമൈക്ക

ട്രാക്കുകളിൽ കൊടുങ്കാറ്റുവിതച്ച സ്പ്രിന്റർ ഉസൈൻ ബോൾട്ട് ലോകം ജയിച്ച കരിയറിനിടെ ജമൈക്കയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ച കോടികൾ കാണാതായ സംഭവത്തിൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ സഹായം തേടി ജമൈക്കൻ സർക്കാർ. 13 വർഷത്തിനിടെ നിക്ഷേപിച്ച 1.27 കോടി ഡോളർ (1,03.6 കോടി രൂപ) ആണ് നഷ്ടമായത്. സ്ഥാപനത്തിലെ ഒരു മാനേജർ വക മാറ്റിയതായി സംശയിക്കുന്ന തുക സ്ഥാപനം ഇതുവരെയും തിരിച്ചുനൽകിയിട്ടില്ല.

അവസാനമായി പരിശോധിച്ചപ്പോൾ 12,000 ഡോളർ മാത്രമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. ഇതോടെ, സ്ഥാപനത്തെ സമീപിച്ച ബോൾട്ട് വെള്ളിയാഴ്ചക്കകം തുക തിരികെ കിട്ടണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജമൈക്കൻ സർക്കാർ സഹായം തേടി അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷനെയും മറ്റു രാജ്യാന്തര സംഘടന​കളെയും സമീപിച്ചത്.

ആദ്യമായി തുക നിക്ഷേപിച്ചതു മുതൽ പണം ചോർത്തുന്നതും തുടങ്ങിയതായാണ് സംശയം. പ്രായമായ മാതാപിതാക്കൾക്കും മറ്റും സഹായമാകാനാണ് ഉസൈൻ ബോൾട്ട് തുക നിക്ഷേപിച്ചിരുന്നത്. ജമൈക്കയിൽ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തി തന്നെ കവർച്ചക്കിരയായത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

കിങ്സ്റ്റൺ ആസ്ഥാനമായുള്ള സ്റ്റോക്സ് ആന്റ് സെക്യുരിറ്റീസ് ലിമിറ്റഡിൽ ആണ് ബോൾട്ട് നിക്ഷേപം നടത്തിയിരുന്നത്. സ്ഥാപനത്തിൽ തുക നൽകിയ മറ്റുള്ളവർക്കും പണം നഷ്ടമായി​ട്ടുണ്ടെന്ന് സംശയമുണ്ട്. ഉടമകൾക്ക് വ്യാജ കണക്കുകൾ നൽകി മാനേജർ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.

സംഭവത്തിനു പിന്നാലെ രാജ്യത്ത് സാമ്പത്തിക രംഗത്ത് കടുത്ത നടപടികളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Jamaican officials turn to FBI to help probe $12.7m fraud targeting Usain Bolt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.