ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്ന് ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി അർച്ചന ജാദവിന് നാലുവർഷത്തെ വിലക്ക്. ഡിസംബറിൽ നടന്ന പുണെ ഹാഫ് മാരത്തണിനെത്തുടർന്നാണ് താരത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചത്.
ഇതിൽ നിരോധിത പദാർഥമായ ഒക്സോൻഡ്രോലോൺ അടങ്ങിയതായി കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റ് (എ.ഐ.യു) അർച്ചനക്ക് ജനുവരി ഏഴിന് താൽക്കാലിക സസ്പെൻഷൻ ഏർപ്പെടുത്തി. എ.ഐ.യുവിന്റെ ഇ-മെയിലിന് ‘‘ക്ഷമിക്കണം സർ... നിങ്ങളുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു’’-എന്നാണ് അർച്ചന മറുപടി നൽകിയത്.
ഉത്തേജകവിരുദ്ധ നിയമം ലംഘിച്ചതായി സമ്മതിക്കാൻ മാർച്ച് മൂന്നുവരെ സമയവും അനുവദിച്ചിരുന്നു. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഇക്കാര്യം ഓർമിപ്പിച്ചെങ്കിലും ഇരുപതുകാരിയായ താരത്തിൽനിന്ന് മറുപടിയുണ്ടായില്ല. അർച്ചനക്ക് വാദം കേൾക്കലോ അനുബന്ധ നടപടികളോ ആവശ്യമില്ലെന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നതെന്നും ജനുവരി ഏഴു മുതൽ നാലു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി എ.ഐ.യു അറിയിച്ചു. ഹാഫ് മാരത്തണിൽ എലൈറ്റ് ഇന്ത്യൻ വനിത വിഭാഗത്തിൽ അർച്ചനക്ക് ലഭിച്ച നാലാംസ്ഥാനം റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.