നീരജ് ചോപ്ര, സച്ചിൻ യാദവ്
ന്യൂഡൽഹി: ലോക അത്‍ലറ്റിക്സിലെ ഉത്തേജകവിരുദ്ധ സമിതിയായ അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റിന്റെ (എ.ഐ.യു) രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിൽ (ആർ.ടി.പി) ഇടം നേടിയത് രണ്ട് ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം. ജാവലിൻ ത്രോ താരങ്ങളായ നീരജ് ചോപ്രയും സച്ചിൻ യാദവും മാത്രമാണ് പട്ടികയിലുള്ളത്.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് വർഷങ്ങളായി പട്ടികയിൽ സ്ഥിരമായി ഇടം നേടാറുണ്ട്. കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയതിന് സച്ചിൻ യാദവ് ഇതാദ്യമായാണ് ആർ.ടി.പിയിലുൾപ്പെടുന്നത്.
മുൻകൂർ നോട്ടീസ് നൽകി ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയരാകുന്ന അത്‌ലറ്റുകളുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സംവിധാനമാണ് ആർ.ടി.പി. ഈ പട്ടികയിലുള്ള അത്‌ലറ്റുകൾ വീട്ടുവിലാസം ഉൾപ്പെടെ വിശദാംശങ്ങൾ നൽകണം. പരിശോധനക്കായി ഓരോ ദിവസവും 60 മിനിറ്റ് ലഭ്യമാകുന്ന സമയവും അത്‌ലറ്റുകൾ അറിയിക്കണം.
പട്ടികയിൽ ഇത്യോപ്യ, കെനിയ, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള അത്‌ലറ്റുകളാണ് കൂടുതലുമുള്ളത്. മുമ്പ് ജാവലിൻ ത്രോ താരം കിഷോർ ജെന, സ്റ്റീപ്പിൾ ചേസർ അവിനാശ് സാബ്ളെ, വനിതാ ജാവലിൻ താരം അന്നു റാണി, ലോങ്ജംപ് താരങ്ങളായ മുരളി ശ്രീശങ്കർ, ജെസ്വിൻ ആൽഡ്രിൻ എന്നിവർ ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.