മെട്രോപൊളിറ്റൻ നഗരങ്ങളിൽ വിവാഹമോചന നിരക്ക് കൂടിവരികയാണ്. ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ വിവാഹമോചനം കുറെ കൂടി കഠിനമാണ്. വിവാഹമോചിതരായി അച്ഛനും അമ്മയും രണ്ടുവഴിക്കു പോകുന്നത് കുഞ്ഞുങ്ങളുടെ മാനസിക, വൈകാരിക തലങ്ങളെ മോശമായി സ്വാധീനിക്കും എന്നതിൽ തർക്കങ്ങളൊന്നുമില്ല.
ഇതെ കുറിച്ച് ഫറാഖാനോട് മനസുതുറക്കുകയാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. 14 വർഷം നീണ്ട വൈവാഹിക ബന്ധത്തിന് വിരാമമിട്ടാണ് സാനിയ മിർസയും പാക് മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹമോചിതരായത്. ബോളിവുഡ് സംവിധായിക ഫറാഖാന്റെ പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയതായിരുന്നു സാനിയ.
തന്റെ കുട്ടിക്കാലത്ത് വിവാഹ മോചനം നിഷിദ്ധമായിരുന്നുവെന്നും എന്നാൽ ഇന്നത് സർവസാധാരണമായ ഒന്നാണെന്നും ഫറാ ഖാൻ പറഞ്ഞു. ''അക്കാലത്ത് ഞങ്ങളുടെ സുഹൃത്തുക്കളെ വിളിക്കാനോ സ്കൂളിൽ പോലും ഞങ്ങളുടെ മാതാപിതാക്കൾ വേർപിരിച്ചു എന്ന് പറയാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല. വളരെ വിലക്കപ്പെട്ട ഒന്നായിരുന്നു അത്. എന്നാൽ ഇപ്പോൾ എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അത് വളരെ സാധാരണവത്കരിക്കപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞു. തകർന്ന വീട്ടിൽനിന്നു വരുന്ന കുട്ടികളെ നിങ്ങൾ എത്ര സാധാരണവത്കരിക്കാൻ ശ്രമിച്ചാലും അത് വല്ലാതെ ബാധിക്കും''-ഫറാഖാൻ പറഞ്ഞു.
ഫറാഖാന്റെ വിലയിരുത്തലുകളെ ശരിവെച്ചുവെങ്കിലും സ്നേഹം ലഭിക്കാത്ത കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ വളരുന്നതിലും നല്ലത് രണ്ടുവഴികളാണെന്ന അഭിപ്രായവും സാനിയ മിർസ പങ്കുവെച്ചു. അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെ എന്തായാലും ബാധിക്കും. അതിനാൽ എല്ലാം മനസിലാക്കി നിങ്ങൾ മെച്ചപ്പെട്ട ഒരു സാഹചര്യം തെരഞ്ഞെടുക്കണം. അങ്ങേയറ്റം അസന്തുഷ്ടരായ ആളുകളെയാണ് കുട്ടികൾ കാണുന്നതെങ്കിൽ തീർച്ചയായും ഒരു തീരുമാനം എടുക്കുന്നത് തന്നെയാണ് നല്ലത്-സാനിയ മിർസ പറഞ്ഞു.
കുഞ്ഞുങ്ങളെ കണക്കിലെടുത്ത് ചിലപ്പോൾ ദമ്പതികൾ തമ്മിൽ സ്നേഹിക്കുന്നതായി അഭിനയിച്ചേക്കാം. എന്നാൽ സത്യം പുറത്തുവരിക തന്നെ ചെയ്യും. കുട്ടികൾ എല്ലാം മനസിലാക്കുമ്പോൾ നമ്മൾ അവർക്കു മുന്നിൽ പരിഹാസ്യരായി മാറുകയും ചെയ്യും.
നമുക്ക് തന്നെ ആത്മനിന്ദതോന്നുകയും ചെയ്യും. ഒരും സിംഗിൾ പേരന്റ് ആയിരിക്കുക എന്നത് അത്യന്തം വിഷമം പിടിച്ച ഒന്നാണെന്നും ഫറാഖാനും സാനിയ മിർസയും ഒരുപോലെ സമ്മതിച്ചു. എന്നാൽ അമ്മയുടെയും കുട്ടികളുടെയും മനസ്സമാധാനത്തിന് വേണ്ടി തകർന്ന ദാമ്പത്യം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണെന്നും
ഇരുവരും പറഞ്ഞു.
വിവാഹമോചനം കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് മനശാസ്ത്രജ്ഞരുടെ അഭിപ്രായം ഇതാണ്;
മാതാപിതാക്കൾ വിവാചമോചനം നേടുന്ന കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ സ്ട്രസ് അനുഭവിക്കുന്നവരായിരിക്കും. നഷ്ടങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചുമാണ് അവർ പ്രധാനമായും ചിന്തിക്കുക. സ്കൂൾ പ്രായത്തിലുള്ള കുട്ടികളാണെങ്കിൽ അവരുടെ പഠനത്തിലും ഇത് ബാധിച്ചേക്കാം. അതേപോലെ മാതാപിതാക്കളുടെ കലഹം കണ്ടുവളരുന്ന കുട്ടികളിലും സമാനരീതിയിലുള്ള പ്രശ്നങ്ങളുണ്ടാകും. ഇത്തരക്കാരിൽ ഉൽക്കണ്ഠ, വിവാഹ രോഗത്തിന്റെ ലക്ഷണങ്ങൾ, ബന്ധങ്ങൾ സൂക്ഷിക്കാനുള്ള പ്രശ്നങ്ങൾ എന്നിവയും കണ്ടുവരാമെന്ന് മനശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.