നരേന്ദ്ര മോദി
ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾക്ക് വിജയകരമായി ആതിഥ്യം വഹിച്ചതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ആദ്യ ഒളിമ്പിക്സിന് വേദിയൊരുക്കാൻ സജീവമായി തയ്യാറെടുക്കുകയാണെന്ന് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
വീഡിയോ വഴിയായിരുന്നു പ്രധാനമന്ത്രി 72ാമത് ദേശീയ വോളിബാൾ മേള ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 20ഓളം അന്താരാഷ്ട്ര കായിക മേളകൾക്ക് രാജ്യം വേദിയായതായും പ്രധാനമന്ത്രി പറഞ്ഞു.
2030 കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാൻ ഒരുങ്ങുന്ന ഇന്ത്യ, 2036 ഒളിമ്പിക്സ് വേദി നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണ ശക്തിയോടെ തയ്യാറെടുക്കുന്നു - മോദി പറഞ്ഞു.
ആദ്യമായി ഒളിമ്പിക്സിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പുമായാണ് ഇന്ത്യ രംഗത്തിറങ്ങുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ഒളിമ്പിക് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ ബിഡ് അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ഖത്തർ തലസ്ഥാനമായ ദോഹ, തുർക്കിയിലെ ഇസ്താംബൂൾ എന്നിവക്കു പുറമെ, ചിലി, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും താൽപര്യം അറിയിച്ച് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.