ന്യൂഡൽഹി: ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഇന്ത്യാ ഓപ്പൺ സൂപ്പർ 750’ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ മോശം സാഹചര്യങ്ങളിൽ വിമർശനം ആവർത്തിച്ച് ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്. അവയെ ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതും’ എന്ന് അവർ വിശേഷിപ്പിച്ചു.
‘ഇവിടെ ഒരു ലോക ചാമ്പ്യൻഷിപ്പ് എങ്ങനെ നടത്താൻ കഴിയുമെന്ന് കാണാൻ വളരെ ബുദ്ധിമുട്ടാണ്’ എന്നായിരുന്നു അവരുടെ വാക്കുകൾ. കളി നടക്കുന്ന വേദിയിലെ മോശം സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു ബ്ലിച്ച്ഫെൽഡിന്റെ വിമർശനം.
കടുത്ത വായു മലിനീകരണത്തെക്കുറിച്ചുള്ള കളിക്കാരുടെ പരാതികൾ, സ്റ്റാൻഡുകളിൽ കുരങ്ങിനെ സാന്നിധ്യം, പക്ഷി കാഷ്ഠം കാരണം കളി തടസ്സപ്പെടുന്നത് തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങൾ അതിൽ ഉൾപ്പെടുന്നു.
ആഗസ്റ്റിൽ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന, ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യമായി നടക്കുന്ന ‘സൂപ്പർ 750’ ഇവന്റിന്റെ ഉദ്ഘാടന ദിവസം തന്നെ ലോക 20-ാം നമ്പർ താരം വേദിയിലെ അനാരോഗ്യകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു.
തലസ്ഥാനത്തെ വായു മലിനീകരണം മൂലം ബാഡ്മിന്റണ് ആതിഥേയത്വം വഹിക്കാൻ ഡൽഹി യോഗ്യമല്ലെന്ന് പറഞ്ഞ് ലോക മൂന്നാം നമ്പർ താരം ആൻഡേഴ്‌സ് ആന്റൺസെൻ പിന്മാറിയപ്പോൾ, മിയ ബ്ലിച്ച്ഫെൽഡ് വേദിയിൽ വെച്ച് ശുചിത്വ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി.അത് ആവർത്തിക്കുന്നതാണ് അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
‘ഇന്ത്യയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കഠിനമായിരുന്നു. പ്രതീക്ഷിച്ചതിലും കഠിനതരം. വീണ്ടും ഏറ്റവും മോശം അവസ്ഥക്ക് ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നു. പക്ഷെ, ചുറ്റുമുള്ള സാഹചര്യങ്ങൾ അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതുമാണ്’. ബ്ലിച്ച്ഫെൽഡ് തന്റെ പോസ്റ്റിൽ എഴുതി.
‘കോർട്ടിലും പുറത്തും പ്രകടനം നടത്താനും തയ്യാറെടുപ്പുകൾ നടത്താനും ആണ് ഞങ്ങൾ ഇവിടെയെത്തിയത്. നിർഭാഗ്യവശാൽ, ഈ സാഹചര്യങ്ങളിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. വേൾഡ് ടൂർ ‘സൂപ്പർ 750’ ഇവന്റിൽ ഞങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ എല്ലാവരും സമ്മർദ്ദത്തിലും നിരാശയിലുമാണ്. നിങ്ങളതിനെ പരിഹസിക്കാൻ ശ്രമിക്കുന്നു. പക്ഷേ, ഈ ഇവന്റിൽ പങ്കെടുക്കുന്ന ആർക്കും ഇത് തമാശയോ ന്യായമോ അല്ല’ -ബ്ലിച്ച്ഫെൽഡ് പറഞ്ഞു.
ഇതേ കാരണത്താൽ ആന്റൺസെൻ ടൂർണമെന്റ് ഒഴിവാക്കുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്. നാല് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ആന്റൺസെൻ, പരിപാടിയിൽ പങ്കെടുക്കാത്തതിന് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ തനിക്ക് 5,000 ഡോളർ പിഴ ചുമത്തിയതായും വെളിപ്പെടുത്തിയിരുന്നു. ‘തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പണിൽ നിന്ന് ഞാൻ പിന്മാറിയതിൽ പലർക്കും ജിജ്ഞാസയുണ്ട്. ഡൽഹിയിലെ കടുത്ത മലിനീകരണം കാരണം ഇപ്പോൾ അത് ഒരു ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ പറ്റിയ സ്ഥലമാണെന്ന് ഞാൻ കരുതുന്നില്ല’ എന്ന് ആന്റൺസെണും ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.