വനിത 200 മീറ്ററിൽ സ്വർണം നേടുന്ന കേരളത്തിന്റെ കെ. സ്നേഹ, പുരുഷൻമാരുടെ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ഒഡിഷ താരം അനിമേഷ് കുജൂർ
തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ് പ്രി-2ൽ ട്രാക്കിലും ഫീൽഡിലും ക്ലച്ചുപിടിക്കാതെ കേരള താരങ്ങൾ. വനിതകളുടെ 200 മീറ്ററിൽ കെ. സ്നേഹ നേടിയ സ്വർണവും വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. അനുവിന്റെ വെള്ളിയും പുരുഷന്മാരുടെ 400 ഹർഡിൽസിൽ അഖിൽ ബാബുവിന്റെയും 800 മീറ്ററിൽ പ്രിസ്കില ഡാനിയലിന്റെയും വെങ്കലവും മാത്രമാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
ട്രാക്കിനങ്ങളിലും ഫീൽഡ് ഇനങ്ങളിലും കേരള താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ തമിഴ്നാട്, ഒഡിഷ താരങ്ങൾ കാര്യവട്ടം ഭരിക്കുകയായിരുന്നു. ഇന്ത്യൻ താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേത്രിയുമായ തമിഴ്നാട്ടുകാരിയായ വിത്യ രാംരാജിനെ (23.72 സെക്കൻഡ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തന്റെ കരിയറിലെ മികച്ച സമയമായ 23.59 സെക്കന്‍ഡിലൂടെ സ്നേഹ സ്വർണം ഓടിയെടുത്തത്. ബംഗളൂരു സ്വദേശി ഏഞ്ചൽ സിൽവിയക്കാണ് (23.87 സെക്കന്‍ഡ്) വെങ്കലം.
സ്നേഹയോട് 200 മീറ്ററിൽ തോറ്റതിന്റെ ക്ഷീണം 400 മീറ്ററിലെ ഹർഡിൽസിലായിരുന്നു വിത്യ രാംരാജ് തീർത്തത്. 57.45 സെക്കന്‍ഡിൽ ഒന്നാം സ്ഥാനത്തെത്തിയ അന്താരാഷ്ട്ര വനിത താരത്തിന് പിന്നിൽ 58.41 സെക്കന്‍ഡിലായിരുന്നു അനുവിന്റെ ഫിനിഷിങ്. കർണാടകയുടെ ദീക്ഷിത രാമകൃഷ്ണനാണ് ഈ ഇനത്തിൽ വെങ്കലം.
ട്രാക്കിൽ ഇന്ത്യയുടെ പുതിയ കണ്ടെത്തലായ ഒഡിഷയുടെ അനിമേഷ് കുജൂർ ഇരട്ട സ്വർണം നേടി. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന സീനിയർ ഫെഡറേഷൻ മീറ്റിൽ 200 മീറ്ററിൽ ദേശീയ റെക്കോഡ് തിരുത്തിയ താരം ഇന്നലെ 100, 200 മീറ്ററുകളിലാണ് സ്വർണം നേടിയത്. 100 മീറ്ററിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ കേരളത്തിന്റെ എം. മുഹമ്മദ് ഹിഷാം, കെ.എസ്. പ്രണവ്, എം. മനീഷ്, ആർ. അജിൻ, കെ. അരവിന്ദ് എന്നിവർക്ക് ആദ്യ നാല് സ്ഥാനങ്ങളിൽപോലും ഇടംപിടിക്കാൻ കഴിഞ്ഞില്ല. 200 മീറ്ററിലും കേരളത്തിന്റെ ഓട്ടക്കാർ നിരാശപ്പെടുത്തി.
വനിതകളുടെ 100 മീറ്ററിൽ തമിഴ്നാടിന്റെ അഭിനയ രാജരാജൻ (11.55 സെക്കന്‍ഡ്) സ്വർണവും എസ്.എസ് സ്നേഹ വെള്ളിയും (11.60) തെലങ്കാനയുടെ നിത്യ (11.61 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 100 മീറ്ററിൽ മത്സരിക്കാൻ കേരളത്തിന് താരങ്ങളുണ്ടായില്ലെന്നതും നാണക്കേടായി.
വനിതകളുടെ 800 മീറ്ററിൽ ഒഡിഷയുടെ ലക്ഷ്മിപ്രിയ കിസാൻ സ്വർണവും കർണാടകയുടെ ജി.കെ. വിജയകുമാരി വെള്ളിയും നേടിയപ്പോൾ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടാനേ സായിയുടെ താരമായ പ്രിസ്കിലക്ക് കഴിഞ്ഞുള്ളൂ. വനിതകളുടെ ലോങ്ജംപിൽ 6.17 മീറ്റർ ചാടി ലക്ഷദ്വീപിന്റെ മുബാസിന മുഹമ്മദ് സ്വർണം നേടിയപ്പോൾ ബംഗളൂരുവിന്റെ ലക്ഷ്യക്കായിരുന്നു വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.