ഡി. ഗുകേഷ്
ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീട നേട്ടത്തിനു പിന്നാലെ ദൊമ്മരാജു ഗുകേഷിന്‍റെ സ്വദേശത്തെ ചൊല്ലി തമിഴ്നാടും ആന്ധ്ര പ്രദേശും തമ്മിൽ പുതിയ ‘പോരി’ന് തുടക്കമായി. 18കാരനായ ഗുകേഷിന്‍റെ വമ്പൻ ജയത്തിനു പിന്നാലെ, താരം തങ്ങളുടേതാണെന്ന രീതിയിൽ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ട്വീറ്റ് ചെയ്തതോടെയാണ് പുതിയ വാഗ്വാദങ്ങൾക്ക് തുടക്കമായത്. വ്യാഴാഴ്ച വൈകിട്ട് ഗുകേഷിന്‍റെ കിരീട നേട്ടത്തിനു പിന്നാലെ രണ്ട് മിനിറ്റ് വ്യത്യാസത്തിലാണ് എക്സിൽ പോസ്റ്റുകൾ വന്നതെന്നത് ശ്രദ്ധേയമാണ്,
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഗുകേഷിനെ അഭിനന്ദിച്ച് ആദ്യം പോസ്റ്റിട്ടത്. “18-ാം വയസ്സിൽ എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഗുകേഷിന് അഭിനന്ദനങ്ങൾ. ശ്രദ്ധേയമായ നേട്ടം ഇന്ത്യയുടെ സമ്പന്നമായ ചെസ് പാരമ്പര്യം കാത്തുസൂക്ഷിക്കുകയും മറ്റൊരു ലോകോത്തര ചാമ്പ്യനെ സൃഷ്ടിച്ചുകൊണ്ട് ആഗോള ചെസ് തലസ്ഥാനമെന്ന വിശേഷണം വീണ്ടും ഉറപ്പിക്കാൻ ചെന്നൈയെ സഹായിക്കുകയും ചെയ്യുന്നു. ഈ നേട്ടത്തിൽ തമിഴ്നാട് അഭിമാനിക്കുന്നു” - ഗുകേഷിന്‍റെ കഴുത്തിൽ മെഡലണിയിക്കുന്ന ചിത്രത്തിനൊപ്പം സ്റ്റാലിൻ കുറിച്ചു.
സ്റ്റാലിൻ അഭിനന്ദനക്കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഗുകേഷിനെ അഭിനന്ദിച്ച് രംഗത്തെത്തി. “സിംഗപ്പൂരിൽ ചരിത്രം രചിച്ച നമ്മുടെ സ്വന്തം തെലുങ്ക് പയ്യനും ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററുമായ ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! അവിശ്വസനീയമായ ഈ നേട്ടം രാജ്യം ആഘോഷിക്കുന്നു. ഭാവിയിൽ കൂടുതൽ വിജയങ്ങളും അംഗീകാരങ്ങളും നേടട്ടെയെന്ന് ആശംസിക്കുന്നു” -എന്നിങ്ങനെയായിരുന്നു നായിഡുവിന്‍റെ പോസ്റ്റ്.
ഇതോടെ സമൂഹമാധ്യമങ്ങളിൽ ഗുകേഷിന്‍റെ സ്വദേശം സംബന്ധിച്ച വാഗ്വാദങ്ങളും ശക്തമായി. വേരും വംശപരമ്പരയും അന്വേഷിച്ചുള്ള പോരിന് ഓൺലൈൻ പ്ലാറ്റ്ഫോം വേദിയായി. വംശീയതയെയും ഭാഷയെയും സംബന്ധിച്ച സംവാദത്തിലേക്കു വരെ ഇത് എത്തി. താരത്തിന് തമിഴ്‌നാട് സർക്കാർ നൽകിയ സാമ്പത്തിക സഹായം സംബന്ധിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട് വരെ പോസ്റ്റിനടിയിലെത്തി. അതേസമയം തെലുങ്ക് വേരുകളുണ്ടെങ്കിലും, ചെന്നൈയിൽ ജനിച്ച് വളർന്നയാളാണ് ഗുകേഷ്. മെഡിക്കൽ പ്രഫഷനലുകളായ മാതാപിതാക്കൾ ആന്ധ്രയിൽ നിന്നുള്ളവരാണ്.
അതേസമയം, ചൈനയുടെ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് അവിശ്വസനീയ നേട്ടത്തിലെത്തിയത്. വിശ്വനാഥൻ ആനന്ദിനുശേഷം ഇതാദ്യമായാണ് ഇന്ത്യക്കൊരു ലോക ചാമ്പ്യനെ ലഭിക്കുന്നത്. 14 റൗണ്ട് പിന്നിടുമ്പോൾ ഇന്ത്യൻ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ.
അവസാന മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ വിവിധനിർണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കൽ ടൈം കൺട്രോൾ ഗെയിമിൽ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് വിജയതീരമണഞ്ഞത്. 22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.