അമേരിക്കയിലെ കാട്ടുതീ; അഞ്ച് സ്വർണവും മൂന്ന് വെള്ളിയുമടക്കം പത്ത് മെഡൽ നഷ്ടപ്പെട്ട് ഒളിമ്പിക്സ് താരം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലോസ് എ‍യ്ഞ്ജൽസിൽ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ ഒളിമ്പിക്സ് താരത്തിന് നഷ്ടമായത് വീടും മെഡലുകളും. മുന്‍ യു.എസ് ഒളിമ്പിക്സ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിനാണ് ദുരവസ്ഥ. അഞ്ച് സ്വർണം മൂന്ന് വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ പത്ത് മെഡലുകളാണ് താരത്തിന് നഷ്ടമായത്.

പസിഫിക്ക് പാലിസാഡ്‌സിലുള്ള തന്റെ വസതിയും 10 ഒളിമ്പിക്സ് മെഡലുകളും നഷ്ടമായതായി 50വയസ്സുകാരനായ ഗാരി ഹാൾ അറിയിച്ചു. വീട്ടിലെ കുറച്ചു സാധനങ്ങളും വളര്‍ത്തു നായയേയും മാത്രമാണ് അദ്ദേഹത്തിനു രക്ഷപ്പെടുത്താന്‍ സാധിച്ചത്. എല്ലാം ഒന്നിൽ നിന്നും തുടങ്ങണമെന്നും കഠിന സാഹചര്യത്തിൽ ശാന്തത കൈവിടാതെ നിൽക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവൻ തിരികെ ലഭിച്ചത് വലിയ കാര്യമായിട്ടാണ് ഗാരി കാണുന്നത്. 

50 മീറ്റര്‍ ഫ്രീസ്റ്റൈൽ നീന്തലിൽ തുടരെ രണ്ട് വട്ടം ഒളിമ്പിക്സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. 2000ത്തില്‍ സിഡ്‌നി, 2004ല്‍ ഏഥന്‍സ് ഒളിമ്പിക്സിലാണ് അദ്ദേഹത്തിന്‍റെ നേട്ടം. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്. ഈ അഞ്ച് സ്വര്‍ണത്തിനൊപ്പം 3 വെള്ളി, 2 വെങ്കലം മെഡലുകളുമാണ് താരം നേടിയത്. ഇവയെല്ലാം കാട്ടു തീയില്‍ നഷ്ടമായി.

കാട്ടുതീയില്‍ വന്‍ നാശനഷ്ടമാണ് ലോസ് എയ്ഞ്ജൽസിൽ സംഭവിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നരലക്ഷം ആളുകളെ ഒഴിപ്പിച്ചു. ലൊസഅ എയ്ഞ്ജൽസിൽ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തിനശിച്ചു.

Tags:    
News Summary - Garry Hall Junior losses 10 swimming olympics medal due to wildfire in los angeles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.