ഒളിമ്പിക്‌സ് മെഡൽ നേടുന്നത് വരെ പൊറോട്ട കഴിക്കില്ല; കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് ഈ പ്രതിജ്ഞയെടുത്തതെന്തിനാണ്?

കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കർ മുരളി ഒരു അസാധാരണ പ്രതിജ്ഞയെടുത്തിട്ട് ഏകദേശം രണ്ട് വർഷമാകുകയാണ്. ഒളിമ്പിക്‌സ് മെഡൽ നേടുന്നത് വരെ തന്റെ ഇഷ്ട വിഭവങ്ങളിലൊന്നായ കേരള പൊറോട്ട ഉപേക്ഷിക്കുമെന്നതാണ് 23കാരനായ ലോങ് ജമ്പ് താരത്തിന്റെ ദൃഢനിശ്ചയം. കോമൺവെൽത്ത് ഗെയിംസ് വിജയത്തിന് ശേഷം പോലും അത് ലംഘിച്ചിട്ടില്ല.

"എനിക്കറിയില്ല, എങ്ങനെയാണ് ആ കഥ പുറത്തുവന്നതെന്ന്. 2019ൽ ഒരു ദിവസം, ഞാൻ പൊറോട്ട കഴിക്കുകയായിരുന്നു. മലയാളിയുടെ ജീവിതത്തിൽ പൊറോട്ട എത്ര വലുതാണെന്ന് എല്ലാവർക്കും അറിയാം. എന്റെ അച്ഛൻ എന്നോട് പറഞ്ഞു, 'നീ ഇത് കഴിച്ചുകൊണ്ടിരുന്നോ, മറ്റ് താരങ്ങൾ 8.15 മീറ്ററും അതിനുമുകളിലും ചാടുന്നു'. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സ് വരെ ഞാനത് കഴിക്കില്ലെന്ന് എന്റെ അച്ഛനോട് പറഞ്ഞു''.

എന്നാൽ ടോക്കിയോ ഒളിമ്പിക്‌സിൽ, ശ്രീശങ്കറിന് 7.69 മീറ്റർ ചാടി ഹീറ്റ്‌സിൽ 24ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തുടർന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്‌.ഐ) ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ ശിവശങ്കരൻ മുരളിയെ പിരിച്ചുവിട്ടു. തുടർന്നുള്ള മാസങ്ങൾ ഏറെ പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു.

"തീർച്ചയായും ഇത് ഒരു പ്രയാസകരമായ സമയമായിരുന്നു, ശാരീരികമായി മാത്രമല്ല, മാനസികമായും. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും. മാന്യമായ കുതിപ്പോടെ യോഗ്യത നേടിയ ശേഷം ടോക്കിയോയിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഫൈനൽ അല്ലെങ്കിൽ ആദ്യ എട്ടിൽ ഇടം നേടാമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായതിനാൽ തുടർച്ചയായി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടി വന്നു. അത് ശരിക്കും മോശം ഫിറ്റ്നസിന് കാരണമായി; ആ മൂന്ന് മാസങ്ങളിൽ എനിക്ക് പൂർണമായി പരിശീലിക്കാൻ കഴിഞ്ഞില്ല. എല്ലാം കൈവിടുകയായിരുന്നു, ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിൽ ഞാൻ ഒരിക്കലും 100 ശതമാനം എത്തിയിരുന്നില്ല," ശ്രീശങ്കർ പറഞ്ഞു.

"ഇപ്പോൾ പാരീസ് ഒളിമ്പിക്‌സിനായുള്ള തയാറെടുപ്പിലാണ്. പാരിസിൽ എനിക്ക് അത് ലഭിച്ചില്ലെങ്കിൽ പോലും, അതിനുശേഷം നാല് വർഷം കൂടി കാത്തിരിക്കാൻ ഞാൻ തയാറാണ്," താരം പറയുന്നു. 

Tags:    
News Summary - Don't eat porrata until win an Olympic medal; Why did the Commonwealth Games silver medalist take this pledge?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.