ബജ്‌റംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും നേരിട്ട് യോഗ്യത നല്‍കിയത് വേദനിപ്പിച്ചു, കായിക രംഗത്തെ ദോഷകരമായി ബാധിക്കും -ബ്രിജ് ഭൂഷൺ

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അഡ്-ഹോക് പാനലിന്റെ (ഡബ്ല്യു.എഫ്‌.ഐ) നടപടി നിർഭാഗ്യകരമെന്നും രാജ്യത്തെ കായികരംഗത്തെ ദോഷകരമായി ബാധിക്കുന്നതെന്നും വനിത ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ നടപടി നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിങ്.

അഡ്-ഹോക് പാനൽ ഈ തീരുമാനമെടുത്തതിൽ എനിക്കേറെ വേദനയുണ്ട്. അത് രാജ്യത്തെ ഗുസ്തിയെന്ന കായിക ഇനത്തെ ദോഷകരമായി ബാധിക്കും. ഇന്ന്, ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിക്കാവുന്ന ഒരു കായിക ഇനമാണ് ഗുസ്തി. താരങ്ങളെ ഈ രീതിയിൽ ഏഷ്യൻ ഗെയിംസ് പോലുള്ള ഇവന്റുകൾക്ക് അയക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണ്. കായികതാരങ്ങൾ, അവരുടെ മാതാപിതാക്കൾ, കായിക പ്രേമികൾ തുടങ്ങിയവരെല്ലാം ഈ കായികരംഗത്തെ വളർത്താൻ ഒരുപാട് പേർ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ദേശീയ ടീമിന്റെ പരിശീലകരോട് അനുവാദം ചോദിക്കാതെ അഡ്-ഹോക് കമ്മിറ്റി തീരുമാനമെടുത്തത് പരിശീലകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ബജ്‌റംഗ് പുരുഷന്മാരുടെ 65 കിലോ വിഭാഗത്തിലും വിനേഷ് വനിതകളുടെ 53 കിലോ വിഭാഗത്തിലുമാണ് മത്സരിക്കുക. ജൂലൈ 22നാണ് സെലക്ഷന്‍ ട്രയല്‍ ആരംഭിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരമാണ് ബജ്‌റംഗ്. വിനേഷ് ഫോഗട്ട് 2018 ഏഷ്യന്‍ ഗെയിംസില്‍ 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ കൂടിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുന്‍നിര്‍ത്തി സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ മുന്നില്‍ നിന്നവരാണ് ബജ്‌റംഗും വിനേഷ് ഫോഗട്ടും. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡനക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഡൽഹി കോടതി കഴിഞ്ഞ ദിവസം രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷയിൽ വ്യാഴാഴ്ച വാദം കേൾക്കുന്നുണ്ട്.

Tags:    
News Summary - Direct qualification for Bajrang Punia, Vinesh Phogat hurt, will hurt the sport - Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.