ധനലക്ഷ്മി, ഐശ്വര ബാബു

ഉത്തേജക മരുന്നടിയിൽ ഇന്ത്യൻ താരങ്ങൾ പിടിയിൽ; കോമൺവെൽത്ത് ഗെയിംസിന് സെലക്ഷൻ കിട്ടിയവർ

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ രണ്ട് പ്രധാന താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിൽ. സ്പ്രിന്‍റർ എസ്. ധനലക്ഷ്മി, ട്രിപ്പിൾ ജംപ് താരം ഐശ്വര്യ ബാബു എന്നിവരാണ് പിടിയിലായത്.

മരുന്നടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ താരങ്ങളെ ജൂലൈ 28 മുതൽ ആഗസ്റ്റ് 8 വരെ നടക്കുന്ന ഗെയിംസിൽ നിന്ന് ഒഴിവാക്കുകയും താൽകാലിക സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഗെയിംസ് തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ താരങ്ങൾ മരുന്നടിയിൽ പിടിയിലായത് നാണക്കേടായി.

അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) വിദേശത്ത് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് 24കാരിയായ ധനലക്ഷ്മി നിരോധിത സ്റ്റിറോയിഡ് കഴിച്ചതായി സ്ഥിരീകരിച്ചത്.

100 മീറ്റർ, 4x100 മീറ്റർ റിലേ ടീമിലും അംഗമായിരുന്നു ധനലക്ഷ്മി. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബാനി നന്ദ എന്നിവരായിരുന്നു റിലേ ടീമിലെ സഹതാരങ്ങൾ. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ താരമാണ് ധനലക്ഷ്മി. എന്നാൽ, വിസാ പ്രശ്നത്തെ തുടർന്ന് ധനലക്ഷ്മിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ജൂൺ 26ന് നടന്ന ക്വോസനോവ് മെമ്മോറിയൽ അത്‌ലറ്റിക്‌സ് മീറ്റിൽ 200 മീറ്റർ മത്സരത്തിൽ സ്വർണം നേടിയ ധനലക്ഷ്മി, 22.89 സെക്കൻഡിന്റെ വ്യക്തിഗത മികച്ച സമയം രേഖപ്പെടുത്തിയിരുന്നു. ദേശീയ റെക്കോഡിന് ഉടമയായ സരസ്വതി സാഹക്കും (22.82 സെക്കൻഡ്) ഹിമ ദാസിനും ശേഷം 23 വയസിന് താഴെയുള്ളവരുടെ ഗണത്തിൽപ്പെട്ട മൂന്നാമത്തെ ഇന്ത്യൻ വനിതയായിരുന്നു ധനലക്ഷ്മി (22.88 സെക്കൻഡ്).

ചെന്നൈയിൽ നടന്ന ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 24കാരിയായ ഐശ്വര്യ 14.14 മീറ്റർ ചാടി ട്രിപ്പിൾ ജംപിലെ ദേശീയ റെക്കോർഡ് തകർത്തിരുന്നു. ചെന്നൈ ഇനത്തിൽ ലോംങ് ജംപ് യോഗ്യതാ റൗണ്ടിൽ 6.73 മീറ്ററാണ് അവർ നേടിയത്. അഞ്ജു ബോബി ജോർജിന് (6.83 മീറ്റർ) ശേഷം ഒരു ഇന്ത്യൻ വനിത ലോങ് ജംപറുടെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത നേട്ടമാണിത്.

Tags:    
News Summary - Commonwealth Games: Indian athletes arrested for doping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.