വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ബോക്സിങ് താരമായ പെൺകുട്ടി

റോത്തക്: വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത ദേശീയ ബോക്‌സിങ് താരമായ പെണ്‍കുട്ടി രംഗത്ത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റോത്തക്കിലെ നാഷണൽ ബോക്സിങ് അക്കാദമിയിലാണ് സംഭവം. അക്കാദമിയിലെ പരിശീലകക്കെതിരെയാണ് 17കാരി പരാതി നല്‍കിയത്. പരിശീലക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും മകള്‍ വിഷാദരോഗത്തിലായെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

17കാരിയുടെ പരാതി ലഭിച്ചതായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്‌സ് അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു ലൈംഗിക പീഡന പരാതിയല്ലെന്നാണ് അതോറിറ്റിയുടെ വാദം.

പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ആരോപണ വിധേയായ ദേശീയ ക്യാമ്പിൽ ജൂനിയര്‍, യൂത്ത് ടീമുകളുടെ പരിശീലകയായി തുടരുന്നുണ്ട്.

പരാതിയില്‍ റോത്തക് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലക നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചുവെന്നും പല തവണ മര്‍ദ്ദിച്ചുവെന്നും കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മോശം താരമാണെന്ന് സഹ താരങ്ങളോട് പരിശീലക പെൺകുട്ടിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതായും പരാതിയിലുണ്ട്. പരിശീലകക്കെതിരെ ലൈംഗികമായി ഉപദ്രവിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുട്ടിയുടെ മാതാപിതാക്കളും മുന്‍ കായിക താരങ്ങളാണ്. ഇരുവരും ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.

പൊലീസിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. 

Tags:    
News Summary - Boxing star girl files sexual harassment complaint against female coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.