​'പത്മശ്രീ തിരിച്ചു നൽകുകയാണ്'; പ്രധാനമന്ത്രിക്ക് കത്തെഴുതി ബജ്റംഗ് പൂനിയ

ന്യൂഡൽഹി: ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ താരങ്ങളുടെ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം ഗുസ്തിതാരമായ സാ​ക്ഷി മാലിക് ബൂട്ടഴിച്ചതിന് പിന്നാലെ തന്റെ പത്മശ്രീ തിരിച്ചു നൽകുകയാണെന്ന്  ബജ്റംഗ് പൂനിയ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂനിയ ഇതുസംബന്ധിച്ച് കത്തെഴുതി.

താൻ തന്നെ പത്മശ്രീ അവാർഡ് പ്രധാനമന്ത്രിക്ക് തിരിച്ച് നൽകുകയാണ്. ഇതാണ് പത്മശ്രീ നൽകുന്നതിന് മുന്നോടിയായുള്ള തന്റെ കത്തെന്നും പൂനിയ എക്സിലെ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകാരികമായാണ് ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് പറഞ്ഞത്.

ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിൽ 40 ദിവസമാണ് ഞങ്ങൾ തെരുവോരത്ത് ഉറങ്ങിയതെന്ന് 32കാരിയായ സാക്ഷി പറഞ്ഞിരുന്നു. ഞങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാവുകയാണെങ്കിൽ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്നും സാക്ഷി കണ്ണീരോടെ പറഞ്ഞിരുന്നു.

അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വോട്ടുകളാണ് സഞ്ജയ് സിങ് നേടിയത്. യു.പി ഗുസ്തി അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ദീര്‍ഘ നാളായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സഞ്ജയ് സിങ്.

വനിത ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ​കേസിൽ നിലവിൽ ജാമ്യത്തിലാണ് ബ്രിജ് ഭൂഷൺ. അധ്യക്ഷനായില്ലെങ്കിലും ഫെഡറേഷനെ നിയന്ത്രണത്തിൽ നിർത്താനുള്ള ബ്രിജ് ഭൂഷന്‍റെ നീക്കമാണ് വിശ്വസ്തനെ അധ്യക്ഷ സ്ഥാനത്തെത്തിച്ചതിലൂടെ ലക്ഷ്യംകണ്ടിരിക്കുന്നത്.


Tags:    
News Summary - Bajrang Punia to return Padma Shri award in protest over WFI chief election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.