മുഹമ്മദ് ഷമിക്കും മലയാളി അത്‍ലറ്റ് ശ്രീശങ്കറിനും അർജുന; സാത്വികിനും ചിരാഗിനും ഖേൽരത്ന

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്. 2023ലെ മികച്ച പ്രകടനം മുൻനിർത്തിയാണ് പുരസ്കാരം. 2023ലെ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ ഫാസ്റ്റ് ബൗളറായ ഷമി നിർണായക പങ്കു​വഹിച്ചിരുന്നു. 24 വിക്കറ്റുകൾ ലോകകപ്പ് വേദിയിൽ പിഴുതുകൊണ്ടാണ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് ആ​ക്രമണത്തിന്റെ കുന്തമുനയായത്. പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് (സമ​ഗ്രസംഭാവന) കബഡി കോച്ച് ഭാസ്ക്കരനും അർഹനായി. മലയാളി ലോങ്ജംപ് താരം ശ്രീശങ്കറിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക പുരസ്കാരമാണ് അർജുന. ഷമിയെ കൂടാതെ മറ്റ് 25 പേർക്ക് കൂടി അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‍വിക്സായിരാജ് രങ്കിറെഡ്ഡി എന്നിവർക്ക് ഇന്ത്യയുടെ ഉയർന്ന കായിക പുരസ്കാരമായ​ ഖേൽരത്ന പുരസ്കാരം ലഭിച്ചു. 

ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ശ്രീശങ്കർ പാലക്കാട് സ്വദേശിയാണ്. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഈ യുവതാരം വെള്ളി സ്വന്തമാക്കിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ പ​ങ്കെടുത്ത ശ്രീശങ്കർ, അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിലും മത്സരിക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങളായ എസ്. മുരളിയുടെയും കെ.എസ് ബിജിമോളുടെയും മകനാണ്. ശ്രീപാർവതിയാണ് സഹോദരി.

വർഷങ്ങളായി ഇന്ത്യൻ കബഡി ടീമുക​ളെ പരിശീലിപ്പിക്കുന്ന ഇടച്ചേരി ഭാസ്കരൻ കാസർക്കോട് സ്വദേശിയാണ്. മൂന്ന് ഏഷ്യൻ ഗെയിംസകളിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത ഇദ്ദേഹത്തിന് ​ദ്രോണാചാര്യ പുരസ്കാരം ഏറെ വൈകിയെത്തിയ നേട്ടമാണ്. പ്രോ കബഡിയിൽ യു മുമ്പയുടെയും തമിഴ് തലൈവയുടെയും പരിശീലകനായിരുന്നു മുൻ ഇന്ത്യൻ കളിക്കാരൻ കൂടിയായ ഭാസ്കരൻ.

2023ലെ അർജുന അവാർഡ് ജേതാക്കൾ

ഓജസ് പ്രവീൺ (ആർച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആർച്ചറി),എം. ശ്രീശങ്കർ (അത്‍ലറ്റിക്സ്),പാരുൾ ചൗധരി (അത്‍ലറ്റിക്സ്),മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്),ആർ. വൈശാലി (ചെസ്),മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), ഋതു നേഗി (കബഡി), നസ്രീൻ (ഖോ ഖോ), പിങ്കി (ലോൺ ബോൾസ്), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് സന്ധു (സ്ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിൾ ടെന്നിസ്), സുനിൽ കുമാർ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാര ആർച്ചറി), ഇല്ലുരി അജയ് കുമാർ റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനൂയിങ്)

Tags:    
News Summary - Arjuna for Mohammed Shami and Malayalee athlete Sreesankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.