ന്യൂഡൽഹി: ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുക 634 അംഗ സംഘം. 2018ലെ ജകാർത്ത ഗെയിംസിൽ അയച്ച 572 അംഗസംഘത്തെയും എണ്ണത്തിൽ മറികടന്നാണ് 38 ഇനങ്ങളിലായി വൻതാരപ്പട ചൈനയിലേക്ക് പുറപ്പെടുക. 16 സ്വർണമുൾപ്പെടെ 70 മെഡലുകളായിരുന്നു ജകാർത്ത ഗെയിംസിൽ ഇന്ത്യൻ സമ്പാദ്യം. സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഗെയിംസിന് 850 അത്‍ലറ്റുകളെ അയക്കാനായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആവശ്യപ്പെട്ടത്.
പ്രമുഖ മലയാളിതാരങ്ങളും പട്ടികയിൽ ഇടംപിടിക്കുക. പുതുതായി കരുത്തുറപ്പിച്ചുകഴിഞ്ഞ ട്രാക് ആൻഡ് ഫീൽഡ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ സാന്നിധ്യം- 34 പുരുഷന്മാരും 31 വനിതകളുമായി 65 പേർ. പുരുഷ വനിത ഫുട്ബാൾ ടീമുകളിൽ 22 പേർ വീതമാകും പങ്കെടുക്കുക. ഹോക്കിയിൽ ഇരുവിഭാഗങ്ങളിലായി 18 താരങ്ങൾ വീതമുണ്ടാകും. ക്രിക്കറ്റിൽ 15 അംഗ സംഘങ്ങളാകും പുരുഷന്മാരിലും വനിതകളിലുമുണ്ടാകുക.
വൻകരയിൽ ഇന്ത്യ കരുത്തു കാട്ടാറുള്ള ഷൂട്ടിങ്ങിൽ 30 അംഗ സംഘമാകും പുറപ്പെടുക. സെയ്‍ലിങ്ങിൽ 33 പേരുമുണ്ടാകും. വെയ്റ്റ്ലിഫ്റ്റിങ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബാൾ, റഗ്ബി ഇനങ്ങളിൽ പുരുഷ താരങ്ങളില്ല. കുറാഷ്- രണ്ട്, ഭാരോദ്വഹനം- രണ്ട് എന്നിങ്ങനെയുമുണ്ട്. ജിംനാസ്റ്റിക്സിൽ ഒരാൾക്ക് മാത്രമാണ് അനുമതി.
കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസ് യോഗ്യതയിൽ പങ്കെടുക്കാതിരുന്നിട്ടും ഭാരോദ്വഹനം 65 കിലോ വിഭാഗത്തിൽ ബജ്രങ് പൂനിയക്ക് അനുമതി നൽകിയത് ശ്രദ്ധേയമായി. ഈ വിഭാഗത്തിൽ വിശാൽ കാളിരാമനായിരുന്നു ഒന്നാമതെത്തിയിരുന്നത്. അതേസമയം, ജന്തർ മന്തർ സമരങ്ങളിൽ തനിക്ക് ഒപ്പം നിന്ന ഖാപ് പഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ ഏഷ്യൻ ഗെയിംസിൽനിന്ന് പിൻമാറുമെന്ന് ബജ്രങ് സൂചന നൽകി. 2018ലെ സ്വർണമെഡൽ ജേതാവ് വിനേഷ് പങ്കൽ കാൽമുട്ടിലെ പരിക്കിനെ തുടർന്ന് പിൻവാങ്ങിയതിനെ തുടർന്ന് 53 കിലോ വിഭാഗത്തിൽ ആന്റിം പങ്കൽ ഇടം പിടിച്ചിട്ടുണ്ട്.
ചെസിൽ ആർ. പ്രഗ്നാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, കൊനേരു ഹംപി, ഡി. ഹരിക, അർജുൻ എരിഗെയ്സി എന്നിവരടക്കം ഏറ്റവും കരുത്തരുടെ നിരതന്നെയാണ് ഹാങ്ഷു ഗെയിംസിൽ ഇന്ത്യൻ പതാകക്കു കീഴിൽ അണിനിരക്കുക. ബാഡ്മിന്റൺ സിംഗ്ൾസിൽ എച്ച്.എസ് പ്രണോയ്, കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, പി.വി സിന്ധു, മാളവിക ബൻസോദ് തുടങ്ങിയവരും ഡബ്ൾസിൽ സാത്വിക്- ചിരാഗ്, ഗായത്രി- ട്രീസ കൂട്ടുകെട്ടുകളുമടക്കം 19 പേരുണ്ടാകും. സാജൻ പ്രകാശ്, ശ്രീശങ്കർ, അബ്ദുല്ല അബൂബക്കർ, ജിൻസൺ ജോൺസൺ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, ആൻസി സോജൻ, എച്ച്.എസ് പ്രണോയ്, ട്രീസ ജോളി തുടങ്ങിയവർ മലയാളി സാന്നിധ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.