ഡി ഗുകേഷും അഭിമന്യു മിശ്രയും തമ്മിലെ മത്സരത്തിൽ നിന്ന്
സമർകന്ദ്: ഇന്ത്യയുടെ ചെസ് ലോകചാമ്പ്യൻ ഡി ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കയുടെ 16 കാരൻ താരം അഭിമന്യൂ മിശ്ര. ഉസ്ബെകിസ്താനിലെ സമർകന്ദിൽ നടക്കുന്ന ഫിഡെ ഗ്രാൻഡ് സ്വിസ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിലാണ് നിലവിലെ ലോക ചാമ്പ്യൻ കൂടിയായ ഡി ഗുകേഷിനെ കൗമാരക്കാരൻ അട്ടിമറിച്ചത്.
നിലവിലെ ലോകചാമ്പ്യനെ തോൽപിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ മാതാപിതാക്കളുടെ മകനായി അമേരിക്കയിൽ പിറന്ന ഗ്രാൻഡ്മാസ്റ്റർ അഭിമന്യൂ. 12ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ നേട്ടക്കാരനായി ചതുരംഗ കളത്തിൽ അത്ഭുതം സൃഷ്ടിച്ച അഭിമന്യുവിന്റെ അട്ടിമറി കുതിപ്പിനാണ് സമർകന്ദ് വേദിയാകുന്നത്.
ലോകചാമ്പ്യനായ ഗുകേഷിനെ 12ാം നീക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കിയായിരുന്നു അഭിമന്യൂവിന്റെ മുന്നേറ്റം. ഒടുവിൽ 61ാം നീക്കത്തിലൂടെ 16 കാരൻ വിജയം സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച ജയം കൂടിയാണ് കൗമാര താരത്തെ തേടിയെത്തിയത്.
ടൂർണമെന്റിൽ മറ്റൊരു ഇന്ത്യൻ താരമായ ആർ പ്രഗ്നാനന്ദക്കും തോൽവി കുരുങ്ങി. ജർമനിയുടെ മത്യാസ് ബ്ലൂബോം ആണ് ഇന്ത്യൻ താരത്തെ വീഴ്ത്തിയത്.
അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 4.5 പോയന്റുമായി ഇറാന്റെ പർഹാം മഗ്സൂദ്‍ലുവാണ് ലീഡ് ചെയ്യുന്നത്. നാല് പോയന്റുമായി അഭിമന്യു മിശ്ര രണ്ടാമതുമുണ്ട്. ഇന്ത്യയുടെ അർജുൻ എറിഗൈസി നാല് പോയന്റുമായി നാലാം സ്ഥാനത്താണുള്ളത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ തോൽപിച്ചായിരുന്നു 18കാരനായ ഡി ഗുകേഷ് കിരീടം ചൂടിയത്. ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനായി മാറിയാണ് ഗുകേഷ് താരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.