മിഥുൻ മൻഹാസ് (നടുവിൽ) മുംബൈയിൽ നടന്ന ബി.സി.സി.സി.ഐ വാർഷിക യോഗത്തിൽ
ന്യൂഡൽഹി: മുൻ ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ മിഥുൻ മൻഹാസ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) പ്രസിഡന്‍റായി നിയമിതനായി. വാർഷിക പൊതുയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.സ്ഥാനമൊഴിഞ്ഞ റോജർ ബിന്നിക്ക് പകരമായി പദവിയിലെത്തുന്ന 37ാമത്തെ പ്രസിഡന്‍റാണ് 45കാരനായ മൻഹാസ്. ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ബി.സി.സി.ഐ മീറ്റിങ്ങിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിർദേശിച്ച പരിചയ സമ്പന്നരായ ക്രിക്കറ്റർമാരിൽ മൻഹാസിന്‍റെ പേരും ഉയർന്നുവന്നിരുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അദ്ദേഹത്തിന്‍റെ നോമിനേഷനെ ശക്തമായി പിന്തുണക്കുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച കരിയർ റെക്കോഡ് സ്വന്തമാക്കിയ താരമാണ് മധ്യനിര ബാറ്ററായ മൻഹാസ്. 1997മുതൽ 2016 നീണ്ട കാലയളവിലായി 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, 150 ലിസ്റ്റ് എകളിലും 55 ഐ.പി.എൽ മത്സരങ്ങളിലും മൻഹാസ് പാഡുകെട്ടിയിട്ടുണ്ട്. 27 സെഞ്ച്വറികളും 49 അർധ സെഞ്ച്വറികളും ഉൾപ്പെടെ 9,714 ഫസ്റ്റ് ക്ലാസ് റണ്ണുകളാണ് മൻഹാസിന്റെ സമ്പാദ്യം. 2007-08 സീസണിൽ മാത്രം രഞ്ജി ട്രോഫിയിൽ 921 റൺ നേടിയ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ക്രിക്കറ്ററാണ് മൻഹാസ്. രാഹുൽ ദ്രാവിഡ്, സചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ് തുടങ്ങിയ മഹാരഥന്മാരുടെ സമകാലികനായതുകൊണ്ടു മാത്രം ഇന്ത്യൻ ടീമിലെത്താതെ പോയ താരമാണ് അദ്ദേഹം. 1979ൽ ജമ്മുവിൽ ജനിച്ച അദ്ദേഹം, ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കുവേണ്ടിയാണ് ക്രീസിലിറങ്ങിയത്.
ഡൽഹി ഡെയർ ഡെവിൾസ്, പുണെ വാരിയേഴ്‌സ് ഇന്ത്യ, ചെന്നൈ സൂപ്പർ കിങ്സ് എന്നീ മൂന്ന് ഐ.പി.എൽ ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ച് 55 മത്സരങ്ങളിൽ നിന്ന് 514 റൺസ് മൻഹാസ് സ്വന്തമാക്കിയിട്ടുണ്ട്. വിരമിച്ചതിനുശേഷം, പരിശീലകനായും അഡ്മിനിസ്ട്രേറ്ററായും ക്രിക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
പുതിയ പദവിയിലൂടെ സൗരവ് ഗംഗുലിക്കും റോജർ ബിന്നിക്കും ശേഷം ബി.സി.സി.ഐയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ മുൻ ക്രിക്കറ്റ് താരമെന്ന പദവിയും മൻഹാസ് സ്വന്തമാക്കുകയാണ്. മൻഹാസിന് പുറമെ രാജീവ് ശുക്ലയെ വെസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും ദേവജിത്ത് സൈകിയയെ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ജോയന്‍റ് സെക്രട്ടറിയായി റോഹൻ ദേശായിക്ക് പകരം പ്രഭ്തേജ് സിങ് ഭാട്ടിയയും ട്രഷററായി രഘു റാം ഭട്ടിനെയും തെരഞ്ഞെടുത്തു.
അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ എസ്. ശരത്തിനും സുബ്രതോ ബാനർജിക്കും പകരം മുൻ ഇന്ത്യൻ താരങ്ങളായ ആർ.പി. സിങ്ങിനെയും പ്രഗ്യാൻ ഓജയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.