25.67 സെക്കൻഡ്സബ് ജൂനിയർ പെൺ എസ്.ആൻവി (ബി.ഇ.എം.എച്ച്. എസ്.എസ് വടവന്നൂർ, പാലക്കാട്), 24.26 സെക്കൻഡ് സബ് ജൂനിയർ ആൺ സഞ്ജയ് (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പുല്ലൂരാംപാറ, കോഴിക്കോട്), 24.96 സെക്കൻഡ് ജൂനിയർ പെൺ ദേവനന്ദ വി ബിജു (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പുല്ലൂരാംപാറ, കോഴിക്കോട്), 21.87 സെക്കൻഡ് ജൂനിയർ ആൺ അതുൽ ടി.എം. (ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം, ആലപ്പുഴ),24.75 സെക്കൻഡ് സീനിയർ പെൺ ആദിത്യ അജി (നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ, മലപ്പുറം),21.67 സെക്കൻഡ് സീനിയർ ആൺ ജെ.നിവേദ് കൃഷ്ണ( ജി.എച്ച്.എസ്.എസ് ചിറ്റൂർ, പാലക്കാട്)
,
തിരുവനന്തപുരം: മഴ മാറി നിന്ന പകലിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ 'റെക്കോഡ് മഴ' പെയ്യിച്ച് താരങ്ങൾ. ഇന്നലെ നടന്ന 200 മീറ്റർ ഓട്ടത്തിലാണ് 38 വർഷം പഴക്കമുള്ള റെക്കോഡുകളടക്കം തകർന്ന് തരിപ്പണമായത്. സബ് ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്.ആൻവിയും ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ ദേവനന്ദ വി ബിജുവും ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ അതുൽ ടി.എം, സീനിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ.നിവേദ് കൃഷ്ണയുമാണ് പുതിയ റെക്കോഡിനുടമകളായത്.
38 വർഷത്തെ ചരിത്രം
കണ്ണൂർ ജി.വി.എച്ച്.എസ്.എസിന്റെ താരമായിരുന്ന സിന്ധു മാത്യു 1987ൽ 200 മീറ്ററിൽ കുറിച്ച 26.30 സെക്കാന്റാണ് ആൻവി 25.67 സെക്കൻഡിലേക്ക് തിരുത്തിയെഴുതിയത്. 100 മീറ്ററിൽ വെള്ളി നേടിയ എട്ടാം ക്ലാസുകാരിയുടെ ഗംഭീര തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസ് അൽക്ക ഷിനോജ് (25.55) വെള്ളിയും 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ ഇടുക്കി സി.എച്ച്.എസ് കാൽവരിമൗണ്ടിന്റെ ദേവപ്രിയ ഷൈബു (26.77) വെങ്കലവും നേടി.
സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിലും സ്വർണം നേടി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ 'അതിഥി താരം' സഞ്ജയ് (24.26) മീറ്റിലെ ഇരട്ട സ്വർണത്തിന് അർഹനായി. കഴിഞ്ഞ ദിവസം 100 മീറ്റർ ഓട്ടത്തിലും ഗുജറാത്ത് വാരണാസി സ്വദേശി സ്വർണം നേടിയിരുന്നു. തൃശൂർ കുരിയചിറ സെന്റ് പോൾസ് സി.ഇ.എച്ച്.എസ്.എസിലെ സി.എം റയാൻ (24.66) വെള്ളിയും മലപ്പുറം നവാമുകുന്ദയുടെ നീരജ് ( 24.67) മൂന്നാം സ്ഥാനവും നേടി.
വേദനയിൽ കണ്ണീരടക്കാനാകെ ദേവനന്ദ
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ നാട്ടിക ഗവ. ഫിസറീസ് സ്കൂളിലെ ആൻസി സോജൻ 2017ൽ ട്രാക്കിൽ എഴുതിയിട്ട 25.13 സെക്കാൻഡാണ് ദേവനന്ദ തകർത്തെറിഞ്ഞത്. 24.96 സെക്കൻഡാണ് ദേവനന്ദയുടെ പുതിയ സമയം. 100 മീറ്ററിലും സ്വർണം നേടിയ താരം ഉദരസംബന്ധമായ രോഗത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിച്ചെങ്കിലും മത്സരിക്കാനുള്ള ആഗ്രഹവുമായി വേദന കടിച്ചമർത്തി മത്സരത്തിനിറങ്ങി. ഫിനിഷ് ലൈൻ താണ്ടിയശേഷം വേദനകൊണ്ട് ട്രാക്കിൽ കിടന്ന് പുളഞ്ഞ താരത്തെയും ഗാലറി കണ്ടു. തലശ്ശേരി സായിയുടെ ഇവാന ടോമി (25.44), ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ആർ.ശ്രേയ (25.69 സെക്കന്റ്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അതുല്യനിവേദ്യം
100 മീറ്ററിൽ 37 വർഷത്തെ റെക്കോഡ് തകർത്ത് സ്വർണം നേടിയ അതുൽ ഇന്നലെ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ 21.87 സെക്കൻഡിൽ ഫിനിഷ് ചെയ്യുമ്പോൾ തകർന്നുവീണത് 2017ൽ തിരുവനന്തപുരം സായിയുടെ സി.അഭിനവ് കുറിച്ചിട്ട 22.28 സെക്കന്റാണ്. കോട്ടയം മുരുക്കുംവയൽ ഗവ. വി. എച്ച്.എസ്.എസിലെ ശ്രീഹരി സി ബിനും (22.09) പാലക്കാട് കോയൽമന്നം സ്കൂളിലെ എസ്.സിനിലും (22.14) നിലവിലുണ്ടായിരുന്ന സമയം ഭേദിച്ച് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ ആൺകുട്ടികളുടെ 200 മീറ്റിറിൽ റെക്കോഡോടെ സ്വർണം നേടി ജെ.നിവേദ് കൃഷ്ണയും ഇരട്ട സ്വർണത്തിന് അർഹനായി.
നേരത്തെ 100 മീറ്ററിൽ സ്വർണം നേടിയ താരം ഇന്നലെ 200 മീറ്ററിൽ 2011ൽ സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസിലെ ജിജിൻ വിജയന്റെ 21.75 സെക്കൻഡ് റെക്കോഡ് ബുക്കിൽ 21.67 സെക്കൻഡാക്കി തിരുത്തി എഴുതുകയായിരുന്നു. നവാമുകുന്ദയുടെ ഫസലുൾ ഹഖ് (21.83) വെള്ളിയും പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ അൽ ഷാമിൽ ഹുസൈൻ (21.92) വെങ്കലവും നേടി.
ട്രിപ്പിളടിച്ച് 'ലേഡി സൂപ്പർ സ്റ്റാർ'
സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിലും സ്വർണം നേടി മലപ്പുറം നാവാമുകുന്ദയുടെ ലേഡി സൂപ്പർ സ്റ്റാർ ആദിത്യ അജി (24.75 സെക്കൻഡ്) തന്റെ മെഡൽ നേട്ടം മൂന്നിലേക്കുയർത്തി. നേരത്തെ 100 മീറ്റർ ഓട്ടത്തിലും 110 മീറ്റർ ഹർഡിൽസിലും ആദിത്യ സ്വർണം നേടിയിരുന്നു.
വാശിയേറിയ പോരാട്ടത്തിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തെത്തിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിലെ അതിഥി താരം ജ്യോതി ഉപാദ്ധ്യാക്ക് (24.76 സെക്കന്റ്) സ്വർണം നഷ്ടമായത്. തൃശൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഇ.ജെ.സോണിയക്കാണ് വെങ്കലം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.