ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യുവ കായിക താരങ്ങളിൽ നാലാമനായി പി.എസ്.ജി സൂപ്പർ താരം. ക്ലബിന്‍റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് പട്ടികയിൽ നാലാമതുള്ളത്. 26 വയസ്സും അതിനു താഴെയുമുള്ള കായിക താരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2021 മെയ് മുതൽ 2022 മെയ് വരെയുള്ള താരങ്ങളുടെ പ്രതിഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.
പ്രഫഷനൽ അമേരിക്കൻ ഫുട്ബാൾ ലീഗായ നാഷനൽ ഫുട്ബാൾ ലീഗ് താരം ജോഷ് അലനാണ് പട്ടികയിൽ ഒന്നാമത്. 58.5 മില്യൺ ബ്രിട്ടീഷ് പൗണ്ടാണ് താരം കഴിഞ്ഞ ഒരുവർഷം പ്രതിഫലമായി നേടിയത്. ബഫലോ ബിൽസ് ടീം 26കാരനായ അലന്‍റെ പ്രകടന മികവിലാണ് കഴിഞ്ഞവർഷം ഫസ്റ്റ് ഡിവിഷനിൽ ജേതാക്കളാകുന്നത്. ടെന്നീസിലെ ജപ്പാൻ യുവ താരം നവോമി ഒസാക്കയാണ് രണ്ടാമത്.
2018 യു.എസ് ഓപ്പൺ ഫൈനലിൽ സെനീറ വില്യംസിനെ തോൽപിച്ചതോടെയാണ് ഒസാക്ക ടെന്നീസ് ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന താരമാകുന്നത്. 51 മില്യൺ പൗണ്ടാണ് കഴിഞ്ഞ വർഷം പ്രതിഫലമായി 24കാരി വാങ്ങിയത്. ലോക ചാമ്പ്യനും റെഡ് ബുൾ ഡ്രൈവറുമായ ഡച്ചുകാരൻ മാക്സ് വെർസ്റ്റപ്പനാണ് മൂന്നാമത്. 42 മില്യൺ പൗണ്ടാണ് പ്രതിഫലം. നാലാമതുള്ള എംബാപ്പെ 38 മില്യൺ പൗണ്ടാണ് പ്രതിഫലമായി വാങ്ങിയത്.
ക്ലബിലെ സഹതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ എന്നിവരെ പിന്തള്ളി ഫുട്ബാൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായി എംബാപ്പെ മറിയിരുന്നു. നാഷനൽ ഫുട്ബാൾ ലീഗ് താരം മാർഷൺ ലാറ്റിമോർ (36 മില്യൺ പൗണ്ട്), ബാസ്കറ്റ് ബാൾ താരം ഡെവിൻ ബൂക്കർ (35 മില്യൺ പൗണ്ട്), ബോക്സിങ് താരം ജെക് പോൾ (33 മില്യൺ പൗണ്ട്) എന്നിവരാണ് യഥാക്രമം അഞ്ചു മുതൽ ഏഴുവരെയുള്ള സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.