മെൽബൺ: 2026 ഫിഫ ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടി ശ്രീലങ്കൻ തമിഴ്-ഇന്ത്യൻ വംശജനായ നിഷാൻ വേലുപ്പിള്ള. ഫുട്‌ബാൾ ലോകകപ്പിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ തമിഴ് പാരമ്പര്യമുള്ള ഫുട്‌ബാൾ താരമെന്ന നേട്ടമാണ് നിഷാൻ സ്വന്തമാക്കിയത്. നിലവിൽ എ-ലീഗിൽ മെൽബൺ വിക്ടറി ടീമിന്റെ വിങ്ങറാണ് ഈ ഇരുപത്തിയഞ്ചുകാരൻ.
താരം തമിഴ്‌നാട് സ്വദേശിയാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് ശശിനാഥ് വേലുപ്പിള്ള ശ്രീലങ്കൻ തമിഴ് പാരമ്പര്യമുള്ള മലേഷ്യൻ പൗരനാണ്. മാതാവ് ഗില്ലിയൻ വേലുപ്പിള്ള ആംഗ്ലോ-ഇന്ത്യൻ വംശജയുമാണ്. മെൽബണിൽ ജനിച്ച് വളർന്ന നിഷാൻ, വിവിധ യൂത്ത് റാങ്കുകളിലൂടെ മുന്നേറിയാണ് മെൽബൺ വിക്ടറി അക്കാദമിയുടെ ഭാഗമായത്.
2024-ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചൈനയ്‌ക്കെതിരെയായിരുന്നു നിഷാന്റെ സീനിയർ ദേശീയ ടീമിലെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ഓസ്‌ട്രേലിയക്ക് വേണ്ടി ഗോൾ നേടി തിളങ്ങാൻ ഈ യുവതാരത്തിന് സാധിച്ചു. 3-1 എന്ന സ്കോറിന് ഓസ്‌ട്രേലിയ വിജയിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിൽ, പകരക്കാരനായി ഇറങ്ങിയാണ് നിഷാൻ വലകുലുക്കിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതുവരെ മൂന്ന് അന്താരാഷ്ട്ര ഗോളുകൾ നിഷാൻ തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ ഗ്രൂപ്പ് ഡി-യിലാണ് ഓസ്‌ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്. തുർക്കി, അമേരിക്ക, പരാഗ്വേ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 13-ന് വാൻകൂവറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ തുർക്കിയെയാണ് ഓസ്‌ട്രേലിയ ആദ്യമായി നേരിടുക. മുഖ്യ പരിശീലകൻ ടോണി പോപോവിച്ച് പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിൽ നിഷാൻ വേലുപ്പിള്ളയ്ക്ക് പുറമെ പരിക്കേറ്റ റിലി മക്ഗ്രീയ്ക്ക് പകരക്കാരനായി മുൻ ഇറ്റാലിയൻ യൂത്ത് താരം ക്രിസ്റ്റ്യൻ വോൾപാറ്റോ അടക്കമുള്ള യുവതാരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.