ന്യൂയോർക്: ഫിഫ ലോകകപ്പ് കളിച്ച പിതാക്കന്മാരുടെയും മക്കളുടെയും പട്ടികയിലെ ജോടികളുടെ എണ്ണം 2026 ലോകകപ്പോടെ 35നരികിലെത്തും. ഇതുവരെ 27 ജോടി അച്ഛനും മകനുമാണ് വിശ്വമേളയിൽ പന്ത് തട്ടിയത്. ഇറ്റലിയുടെ സെസാറെ മാൽദീനി (1962)-പാവോലോ മൽദീനി (1990, 94, 98, 2002), ഫ്രാൻസിന്റെ ലിലിയൻ തുറാം (1998, 2002, 06)-മാർകസ് തുറാം (2022, 26*), ഉറുഗ്വായിയുടെ പാബ്ലോ ഫോർലാൻ (1966, 74)-ഡീഗോ ഫോർലാൻ (2002, 2010 & 2014) തുടങ്ങിയവർ പട്ടികയിലെ പ്രമുഖരാണ്. മെക്സികോയിലെ ഒരു കുടുംബത്തിൽനിന്ന് മൂന്ന് തലമുറകളും ലോകകപ്പ് കളിച്ചിട്ടുണ്ട്. തോമസ് ബൽകാസർ (1954), മകളുടെ ഭർത്താവ് യാവിയർ ഹെർണാണ്ടസ് (1986), യാവിയറിന്റെ മകനും ബൽകാസറിന്റെ പൗത്രനുമായ ചിചാരിറ്റോ ഹെർണാണ്ടസ് (2010, 14, 18) എന്നിവരാണവർ. മറ്റു ചില കൗതുകങ്ങളുമുണ്ട്.
സിമിയോണി, ഹാലൻഡ് അത്യപൂർവ ജനറേഷൻ
സഹതാരങ്ങളായിരുന്ന അച്ഛന്മാരുടെ മക്കൾ ലോകകപ്പിൽ ഒരുമിച്ചിറങ്ങുന്ന അപൂർവ കാഴ്ചക്കാണ് വടക്കൻ അമേരിക്കൻ മൈതാനങ്ങൾ സാക്ഷിയാവാൻ പോവുന്നത്. 1990കളിൽ അർജന്റീന ടീമിലെ നിർണായക സാന്നിധ്യങ്ങളായിരുന്നു മിഡ്ഫീൽഡർ ഡീഗോ സിമിയോണിയും ഡിഫൻഡർ പാബ്ലോ പാസും. 1998 ലോകകപ്പിൽ ഇരുവരും ഒരുമിച്ച് കളിച്ചു. 28 വർഷങ്ങൾക്കിപ്പുറം ഡീഗോയുടെ മകൻ ജിയൂലിയാനോ സിമിയോണിയും പാബ്ലോയുടെ മകൻ നികോ പാസും അർജന്റീന സംഘത്തിലുണ്ട്. അത്ലറ്റികോ മഡ്രിഡ് വിങ്ങറാണ് ജിയൂലിയാനോ സിമിയോണിയുടെ കന്നി ലോകകപ്പാണിത്. ഇറ്റാലിയൻ ക്ലബ് കോമോയുടെ മിഡ്ഫീൽഡറായ നികോക്കും ഇത് അരങ്ങേറ്റം.
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കറായ എർലിങ് ഹാലൻഡും ക്രിസ്റ്റ്യൻ തോർസ്റ്റ്വെഡും ഈ പട്ടികയിലുണ്ട്. 1994 ലോകകപ്പിൽ നോർവേക്കായി കളിച്ച ആൽഫി ഹാലൻഡിന്റെ മകനാണ് എർലിങ്. മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ തോർസ്റ്റ്വെഡിന്റെ പിതാവായ എറിക് തോർസ്റ്റ്വെഡ് 1994 ലോകകപ്പിലെ നോർവീജിയൻ ഗോൾ കീപ്പറായിരുന്നു.
സിദാൻ മകൻ ലൂക
ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം സിനദിൻ സിദാന്റെ മകൻ ലൂക സിദാൻ ഇക്കുറി ലോകകപ്പിനുണ്ട്. ഫ്രാൻസിന്റെ യൂത്ത് ടീമുകളിൽ കളിച്ചിട്ടുണ്ടെങ്കിലു ലൂക അൽജീരിയൻ ദേശീയ ടീമിന്റെ ഗോൾകീപ്പറായാണ് ലോകകപ്പിനെത്തുന്നത്. നെതർലൻഡ്സ് താരമായ ജസ്റ്റിൻ ക്ലൈവർട്ട് 1998ൽ ഡച്ച് സംഘത്തിൽ തിളങ്ങിയ സ്ട്രൈക്കർ പാട്രിക് ക്ലൈവർട്ടിന്റെ മകനാണ്. യൂറോ 2024ലടക്കം പോർചുഗലിനായി മിന്നിയ വിങ്ങർ ഫ്രാൻസിസ്കോ കോൺസീസാവോയും കളിക്കുന്നുണ്ട്. 2002 ലോകകപ്പ് കളിച്ച സെർജിയോ കോൺസീസാവോയാണ് ഫ്രാൻസിസ്കോയുടെ പിതാവ്. യു.എസിനുവേണ്ടി 2002, 2006 ലോകകപ്പുകളിൽ ഇറങ്ങിയ ഗ്രെഗ് ബെർഹാൽട്ടറുടെ മകനാണ് അമേരിക്കൻ ടീമിലെ മിഡ്ഫീൽഡർ സെബാസ്റ്റ്യൻ ബെർഹാൽട്ടർ. 2002 ലോകകപ്പിൽ ദക്ഷിണ കൊറിയയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലീ ഉൾ-യോങ്ങിന്റെ മകനാണ് ലീ തെയ്സോക്ക്. സ്കോട്ടിഷ് താരം ആംഗസ് ഗൺ 1990 ലോകകപ്പിൽ സ്കോട്ട്ലൻഡിന്റെ ഗോൾകീപ്പറായിരുന്ന ബ്രയാൻ ഗണ്ണിന്റെ പുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.