ആരാണ് ലോകഫുട്‌ബോളിലെ ഗോട്ട്? നാല് വര്‍ഷം മുമ്പ് ഖത്തര്‍ ലോകകപ്പിന് ചൂടുപിടിക്കുമ്പോള്‍ ഗോട്ട് ചര്‍ച്ചയും കത്തിജ്വലിച്ചു. മെസി-ക്രിസ്റ്റ്യാനോ ദ്വന്ദങ്ങളെ മുന്‍നിര്‍ത്തിയുള്ള വാദപ്രതിവാദങ്ങളില്‍ ഫുട്‌ബാളിലെ ഇതിഹാസങ്ങളും മുന്‍താരങ്ങളും ഇവരുടെ സഹതാരങ്ങളും പരിശീലകരും സഹപലിശീകരും ആരാധകരും ചേരിതിരിഞ്ഞ് വാദിച്ചു; മാര്‍ക്കിട്ടു..!
മെസിക്കൊപ്പം ക്ലബ്ബ് ഫുട്‌ബാള്‍ കളിക്കുന്നവരും കളിച്ചവരും ആഗോള ആരാധകവൃന്ദവും മെസിയെ ഗോട്ടാക്കി. മറുഭാഗത്ത് ക്രിസ്റ്റ്യാനോയും ക്ലബ്ബ് കരിയറിലെ സഹതാരങ്ങളാലും അതിശയിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനാലും വാഴ്ത്തപ്പെട്ടു. പക്ഷേ, ഒരു ലോകകപ്പില്‍ മുത്തമിടാതെയെങ്ങനെ ഇവര്‍ രണ്ട് പേരും ഗോട്ട് ആകും? പെലെ-മറഡോണ, തത്കാലം അവര്‍ക്ക് മുകളില്‍ ആരെയും പ്രതിഷ്ഠിക്കാന്‍ വ്യഗ്രത വേണ്ടെന്ന അഭിപ്രായവും ഗോട്ട് ചര്‍ച്ചയില്‍ ഉണ്ടായി.
എട്ട് ബാലണ്‍ദ്യോറും മൂന്ന് തവണ ഫിഫ ദ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും ആറ് തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും നേടിയ മെസിയെ വിസ്മയത്തോടെ ആരാധിക്കുന്ന അര്‍ജന്റൈന്‍ സഹതാരങ്ങള്‍ക്ക് ആ അഭിപ്രായം അത്ര പിടിച്ചില്ല - ലോകകപ്പ് നേടിയിട്ട് വേണോ മെസിയാരെന്ന് തെളിയിക്കാന്‍! ഓരോ അര്‍ജന്റൈന്‍ താരവും ഉയിര് കൊടുത്തിട്ടാണെങ്കിലും മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ ബൂട്ടുകെട്ടി. ഓര്‍മയില്ലേ, മെസിയുടെ ബോഡിഗാര്‍ഡായി മാറിയ റോഡ്രിഗോ ഡി പോളിനെ. ഷൂട്ടൗട്ടുകളില്‍ രക്ഷകനായ, ഫൈനലില്‍, അവസാന നിമിഷങ്ങളില്‍ അത്ഭുത സേവ് നടത്തിയ ഗോളി മാര്‍ട്ടിനെസിനെ മെസി ആദരവോടെ, സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചത് നമ്മളെല്ലാം കണ്ടതല്ലേ. മെസിക്ക് അര്‍ഹിക്കുന്ന ലോകകിരീടം സമ്മാനിക്കാന്‍ അവരെല്ലാവരും അമാനുഷരായി മാറിയ കാലം - അതാണ് ഖത്തര്‍ 2022..!
മരിയോ കെംപസും മറഡോണയും അര്‍ജന്റീനക്ക് നേടിക്കൊടുത്ത ലോകകപ്പ് ഉയര്‍ത്തിയതോടെ മെസിയുടെ കരിയര്‍ പൂര്‍ണതയിലെത്തി. ലോറെയ്‌സ് പുരസ്‌കാരം ആദ്യമായി ഒരു ഫുട്‌ബോളറെ തേടിയെത്തിയതും ചരിത്രസംഭവമായി. എതിര്‍ത്തവരെ പോലും അതിശയിപ്പിച്ച് മെസി ഗോട്ട് ആയി. എന്നും മെസിയോട് മത്സരിച്ച് ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മുന്നില്‍ പുതിയ വെല്ലുവിളി ഉയര്‍ന്നു - ലോകചാമ്പ്യനായ മെസി..!
അഞ്ച് ബാലണ്‍ദ്യോറും ഒരു യൂറോകപ്പും രണ്ട് നാഷന്‍സ് ലീഗ് ട്രോഫികളും തന്റെ ഷോകേസില്‍ എത്തിച്ച ക്രിസ്റ്റ്യാനോയ്ക്ക് അറിയാം, ലോകകപ്പ് ജയിക്കാത്തവന്‍ എന്ന ടാഗ്ലൈന്‍ ജീവിതാവസാനം വരെ വേട്ടയാടുമെന്ന്.
2022 ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ മൊറോക്കോയോട് ക്വാര്‍ട്ടറില്‍ തോറ്റാണ് പോര്‍ച്ചുഗല്‍ മടങ്ങിയത്. സഹതാരങ്ങളുമായും കോച്ച് ഫെര്‍നാന്‍ഡോ സാന്റോസുമായും ക്രിസ്റ്റ്യാനോ അത്ര സുഖത്തിലല്ലായിരുന്നു. ഗ്രൂപ്പ് റൗണ്ടില്‍ ദക്ഷിണകൊറിയക്കെതിരെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിന് ക്രിസ്റ്റ്യാനോ പരസ്യമായി കോച്ചിനോട് പൊട്ടിത്തെറിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ അവരുടെ ഏറ്റവും വലിയ ലോകകപ്പ് ജയങ്ങളിലൊന്ന് (6-1) നേടിയപ്പോള്‍ സൂപ്പർതാരത്തിന് പകരക്കാരന്റെ റോളായിരുന്നു. ഗോളടിച്ചവരുടെ കൂട്ടത്തില്‍ പോലും സാക്ഷാല്‍ സി ആര്‍7ന് ഇടംപിടിക്കാന്‍ സാധിച്ചില്ല. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് 1-0ന് തോറ്റ മത്സരത്തിലും കൃസ്റ്റ്യാനോ കൂടുതല്‍ നേരം ബെഞ്ചിലായിരുന്നു. ഹൃദയം തകര്‍ന്നാണ് അയാൾ അന്ന് കളം വിട്ടത്.
ഇറ്റലിയില്‍ യുവെന്റസിനൊപ്പം കിരീടവിജയങ്ങളില്‍ പങ്കാളിയായ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ദോഷമാണ് ചെയ്തത്. പോര്‍ച്ചുഗല്‍ ടീം അംഗമായ ബ്രൂണോ ഫെര്‍നാണ്ടസ് തന്റെ ആരാധനകഥാപാത്രത്തെ പലപ്പോഴും അവഹേളിക്കുന്ന ഘട്ടത്തിലെത്തി. ഗ്രൗണ്ടില്‍ രണ്ട് പേരും ഫ്രീകിക്കിനായി തര്‍ക്കിച്ചു. മാഞ്ചസ്റ്റര്‍ ടീമംഗങ്ങള്‍ക്കും കോച്ച് ടെന്‍ ഹാഗിനും ബ്രൂണോ തന്നെ ആയിരുന്നു ടീമിലെ പ്രധാനി. ക്രിസ്റ്റ്യാനോയെ പകരക്കാരനാക്കിയും പുറത്തിരുത്തിയും എറിക് ടെന്‍ ഹാഗ് പരീക്ഷണം ആരംഭിച്ചതോടെ മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരത്തിന് മാറിച്ചിന്തിക്കേണ്ടി വന്നു. എറിക് ടെന്‍ ഹാഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരു കാലത്തും ഗതിപിടിക്കില്ലെന്ന് ശപിച്ച് ക്രിസ്റ്റ്യാനോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് കൂടുമാറി. യൂറോപ്യന്‍ ക്ലബ്ബുകളെ ഒഴിവാക്കിയുള്ള ട്രാന്‍സ്ഫര്‍ ആത്മഹത്യാപരമെന്ന് ചിലര്‍ വിമര്‍ശിച്ചു. കൂടുതല്‍ കാശ് കണ്ടല്ല, കൂടുതല്‍ പ്ലെയിംഗ് ടൈം ഉറപ്പിക്കാനായിരുന്നു ഈ ചാട്ടം. മാത്രമല്ല, ലോകകപ്പ് ആകുമ്പോള്‍ പ്രായം 41 ആകും. യൂറോപ്പില്‍ തന്നെക്കാള്‍ പതിനഞ്ചും ഇരുപതും വയസും കുറവുള്ള താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ സംഭവിക്കുന്ന ഏജ് ഗ്യാപ് പ്രോബ്ലംസ് നാള്‍ക്കു നാള്‍ വര്‍ധിക്കുമെന്നും അത് തന്റെ ഫോക്കസ് നഷ്ടപ്പെടുത്തുമെന്നും ക്രിസ്റ്റ്യാനോ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അല്‍ നസറിലേക്കുള്ള ചാട്ടം ക്രിസ്റ്റ്യാനോ എടുത്ത ബുദ്ധിപരമായ നീക്കമായിരുന്നു. കണ്ടില്ലേ, അല്‍നസറിലും പ്രായത്തെ വെല്ലുന്ന ഫോമില്‍ ഗോളടിച്ചു കൂട്ടുന്നത്.
സൗദി പ്രോ ലീഗില്‍ അല്‍നസറിനെ കിരീടമണിയിച്ചാണ് ക്രിസ്റ്റ്യാനോ യു.എസിലേക്ക് പറക്കാനൊരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (മാഞ്ചസ്റ്റര്‍യുനൈറ്റഡ്), സ്പാനിഷ് ലാ ലിഗ (റയല്‍ മാഡ്രിഡ്), ഇറ്റാലിയന്‍ സീരി എ കിരീടങ്ങൾ (യുവെന്റസ്) യുവേഫ ചാമ്പ്യന്‍സ് ലീഗും ഉയര്‍ത്തിയ ക്രിസ്റ്റ്യാനോ അറബ് നാട്ടിലും തരംഗം സൃഷ്ടിച്ചു. 41ാം വയസിലും, ചിട്ടയോടെ കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ ഗോള്‍ദാഹം അടങ്ങുന്നില്ല. നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം നൂറ് ഗോളുകള്‍ നേടുന്ന ഏക താരം. 1300 ല്‍ ഏറെ പ്രഫഷണല്‍ മത്സരങ്ങള്‍ കളിച്ചു. ക്ലബ്ബുകള്‍ക്കും രാജ്യത്തിനുമായി 970 ഗോളുകള്‍. ഇതില്‍ 143 അന്താരാഷ്ട്ര ഗോളുകള്‍. ആര്‍ക്ക് സാധിക്കും ഇതുപോലെ..! ഇത് പോര്‍ച്ചുഗല്‍ ടീം അംഗങ്ങളെയും പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനെയും ഒരുപോലെ ആകര്‍ഷിച്ചു;പ്രചോദിപ്പിച്ചു.
ക്രിസ്റ്റ്യാനോക്കൊരു കപ്പ്
2022 ഖത്തറിലേക്ക് അര്‍ജന്റീന ടീം എത്തിയത് മെസിക്ക് വേണ്ടി കപ്പുയര്‍ത്താനായിരുന്നെങ്കില്‍ 2026 ല്‍ ആ ടാര്‍ഗെറ്റ് സെറ്റ് ചെയ്തിരിക്കുന്നത് പോര്‍ച്ചുഗല്‍ ടീമാണ്. രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ സുവര്‍ണാധ്യായമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹം ദേശീയ ടീമിനെ ലോകനിരയിലേക്ക് ഉയര്‍ത്തി. പോര്‍ച്ചുഗലിലെ യുവജനതയെ വലിയസ്വപ്നം കാണുവാന്‍ പ്രചോദനമേകി. ഒരു ലോകകപ്പ് നേട്ടം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ഇത്തവണ, ഞങ്ങള്‍ വരുന്നത് അദ്ദേഹത്തിന് ലോകകപ്പ് നേടിക്കൊടുക്കാനാണ് - ബ്രൂണോ ഫെർണാണ്ടസ് നയം വ്യക്തമാക്കി.
യുവേഫ നാഷന്‍സ് ലീഗ് വിജയാഘോഷത്തിനിടെ ക്രിസ്റ്റ്യാനോ മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ബ്രൂണോ ആ ട്രോഫി അദ്ദേഹത്തിന്റെ കൈകളിലേക്ക് കൊടുത്തു- തമ്മില്‍പ്പിണങ്ങിപ്പോകുമെന്ന് ആരും കരുതേണ്ട, ഞങ്ങളൊന്നാണ്, ക്രിസ്റ്റ്യാനോ ഞങ്ങളുടെ ലെജന്‍ഡാണ് - ബ്രൂണോ ആ ഒറ്റ വിഷ്വലിലൂടെ ഇതെല്ലാം അടിവരയിട്ടു.
ബെല്‍ജിയത്തിന്റെ സുവര്‍ണനിരയെ പരിശീലിപ്പിച്ച കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കൈകളില്‍ പോര്‍ച്ചുഗല്‍ ഭദ്രമാണ്. ലോകകപ്പ് ക്വാളിഫൈയിംഗ് റൗണ്ടില്‍ നാല് ജയം, ഒരു സമനില, ഒരു തോല്‍വി. അടിച്ചുകൂട്ടിയത് 20 ഗോളുകള്‍, വഴങ്ങിയത് ഏഴെണ്ണം. അതായത് ഓരോ മത്സരത്തിലും 3.3 ഗോള്‍ ശരാശരി. അവസാന മത്സരത്തില്‍ അര്‍മേനിയയെ 1-9ന് തകര്‍ത്തപ്പോഴാണ് പറങ്കികളുടെ ആയുധപ്പുര കണ്ട് ഫുട്ബോള്‍ ലോകം ഞെട്ടിയത്.
പൊസഷന്‍ നിലനിര്‍ത്തി, അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ശൈലി ഇപ്പോഴത്തെ ടീമിന് വഴങ്ങുന്നുണ്ട്. പരിചയസമ്പത്തും യുവത്വവും സമം ചേരുന്ന നിരയാണിത്. മധ്യനിരയാണ് പോര്‍ച്ചുഗലിനെ ടോപ് ഗിയറിലാക്കുന്നത്. ഗ്രൗണ്ടില്‍ ഒഴുകി നടക്കുന്ന വിറ്റിഞ്ഞയും ഊര്‍ജം ചോര്‍ന്നുപോകാതെ കളി നിയന്ത്രിക്കുന്ന ജോ നെവെസും ഗോളവസരം ഗണിച്ചെടുത്ത് അസിസ്റ്റുകള്‍ പ്ലാന്‍ ചെയ്യുന്ന ബ്രൂണോ ഫെര്‍നാണ്ടസും ലോകകപ്പ് ഉയര്‍ത്താന്‍ പോന്ന നിരയായി പോര്‍ച്ചുഗലിനെ മാറ്റുന്നു. പോര്‍ട്ടോയുടെ ഡിയഗോ കോസ്റ്റയാണ് വല കാക്കുന്നത്. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ നാഷന്‍സ് ലീഗ് ചാമ്പ്യന്‍മാരായത് കോസ്റ്റയുടെ അവിസ്മരണീയ സേവുകളിലാണ്. 4-3-3 എന്ന ഡൈനാമിക് ഫോര്‍മേഷനില്‍ പോര്‍ച്ചുഗലിനെയൊരുക്കുന്ന കോച്ച് മാര്‍ട്ടിനെസിന് കുറച്ചെങ്കിലും തലവേദനയാകുന്നത് പ്രതിരോധനിരയാണ്.
അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളില്‍ പകച്ചു പോകുന്നവര്‍ എന്ന ദുഷ്‌പേരുണ്ട്. അത് മാറ്റണം. സെന്റര്‍ബാക്കുകളായ റുബെന്‍ ഡയസും ഗോണ്‍സാലോ ഇനാസിയോയും റൈറ്റ് ബാക്ക് ജോ കാന്‍സെലോയും ലെഫ്റ്റ് ബാക്ക് നുനോ മെന്‍ഡെസും താളം കണ്ടെത്തിയാല്‍ പോര്‍ച്ചുഗലിന്റെ വലയിലേക്ക് പന്തെത്തില്ല. ക്ലീന്‍ ഷീറ്റുകള്‍ നിലനിര്‍ത്താന്‍ ഉതകും വിധം പ്രതിരോധ നിര സജ്ജമായാല്‍ കപ്പുയര്‍ത്താന്‍ പോര്‍ച്ചുഗലിന് പ്രയാസമുണ്ടാകില്ല.
യോഗ്യതാ റൗണ്ടില്‍ അഞ്ച് ഗോളടിച്ച് ടീമിന്റെ ടോപ് സ്‌കോറര്‍ ആയ ക്രിസ്റ്റ്യാനോയുടെ പരിചയ സമ്പത്ത് ടൂര്‍ണമെന്റിലെ നോക്കൗട്ട് മത്സരങ്ങളില്‍ പോര്‍ച്ചുഗലിന് തുണയാകും. പെഡ്രോ നെറ്റോ, ഫ്രാന്‍സിസ്‌കോ കോന്‍സെയ്‌കോ, റാഫേല്‍ ലിയോ എന്നിവരും സ്‌കോറിങ്ങില്‍ മിടുക്കരാണ്. ഡി.ആര്‍ കോംഗോ, ഉസ്‌ബെക്കിസ്താന്‍, കൊളംബിയ ഉള്‍പ്പെട്ട ഗ്രൂപ്പ് കെയില്‍ ഒന്നാമന്‍മാരാകാന്‍ നിലവിലെ ഫോമില്‍ പോര്‍ച്ചുഗലിന് സാധിക്കും.
ബ്രൂണോ ഫെർണാണ്ടസ് സൂചിപ്പിച്ചത് പോലെ, ടീം പോര്‍ച്ചുഗല്‍ അവരുടെ ഇതിഹാസത്തിന് ലോകകപ്പ് സമ്മാനിക്കാന്‍ ഇറങ്ങിത്തിരിക്കേണ്ടത് നോക്കൗട്ട് റൗണ്ട് മുതലാണ്. അവിടെ എല്ലാം സെറ്റായാല്‍ അതൊരു ചരിത്രമാകും...
മെസിക്ക് കാലം നല്‍കിയ കാവ്യനീതി ക്രിസ്റ്റ്യാനോയെയും അനുഗ്രഹിച്ചാല്‍, ഗോട്ട് ചര്‍ച്ച നമുക്ക് തുടരാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.