1. തഹ്സിൻ മുഹമ്മദ് കളിയിൽ 2. ഇന്ത്യൻ പതാകയും ഖത്തർ പതാകയും ചേർത്ത് ഒരുക്കുന്ന ഫ്ലക്സിന്റെ മാതൃക
വളപട്ടണം: ഫിഫ ലോകകപ്പ് ഫുട്ബാളിൽ പന്തു തട്ടാൻ ആദ്യമായി ഒരു മലയാളിക്ക് അവസരം ലഭിച്ചതിന്റെ ആവേശക്കൊടുമുടിയിലാണ് വളപട്ടണം ഗ്രാമം. ഖത്തറിൽ സ്ഥിരതാമസമാക്കിയ ജംഷീദ് തച്ചൻകണ്ടിയുടെയും ഷൈമയുടെയും മകനായ തഹ്സിൻ മുഹമ്മദിന്റെ നേട്ടം ആഘോഷിക്കുകയാണ് നാട്. ഖത്തർ ടീമിന്റെ ജഴ്സിയണിഞ്ഞ് ഈ പത്തൊമ്പതുകാരന്റെ ലോകകപ്പ് അരങ്ങേറ്റ മുഹൂർത്തം കാത്തിരിക്കയാണ് കൂട്ടുകാർ.
ഖത്തറിൽ സ്ഥിരതാമസമാണെങ്കിലും അവധിക്ക് നാട്ടിലെത്തിയാൽ കാൽപന്തിനൊപ്പമാണ് തഹ്സിൻ. പ്രായവ്യത്യാസമില്ലാതെ ഫുട്ബാൾ പ്രേമികളുടെ കൂട്ടത്തിൽ നിറഞ്ഞുനിൽക്കുകയാണ് രീതിയെന്ന് പ്രദേശത്തെ ഫുട്ബാൾ പ്രേമികളായ ഹനീഫ, സാക്കിർ, അസ്നീത്, ജസീം, റിഷാദ്, നാസിൽ തുടങ്ങിയവർ പറയുന്നു. അവനോടൊത്ത് തങ്ങൾവയലിലെ ഗ്രൗണ്ടിൽ ഒത്തുചേർന്ന് കളിക്കുന്നവർ അതിരറ്റ ആവേശത്തിലാണ്.
മികച്ച നിലവാരത്തിൽ കളിക്കുന്ന തഹ്സിനോടൊപ്പം കളിക്കുന്ന മുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് പ്രാദേശിക ടീമായ എക്സ് ഗൈഡ് ടീമംഗങ്ങൾ. വളപട്ടണത്തിന്റെയും കണ്ണൂരിന്റെയും കേരളത്തിന്റെയും അഭിമാനമായ തഹ്സിന്റെ കളിക്കളത്തിലെ ചുവടുവെപ്പുകളിലെ മനോഹാരിതയാണ് ഇവർ ഓർക്കുന്നത്.
തഹ്സിന്റെ പിതാവ് വർഷങ്ങളായി ഖത്തറിൽ അക്കൗണ്ടന്റാണ്. അദ്ദേഹം കാലിക്കറ്റ് സർവകലാശാലയുടെ പഴയ ഫുട്ബാൾ ക്യാപ്റ്റനാണ്. തഹ്സിന് ഏറ്റവും പിന്തുണ നൽകിയതും പ്രോൽസാഹിപ്പിച്ചതും ദുബൈയിലുള്ള അമ്മാവനായ മുഹമ്മദ് ഷമീലും ബാപ്പയുമാണ്. ലോകകപ്പിൽ ആദ്യമായി പന്തുരുട്ടുന്ന തഹ്സിന്റെ നേട്ടം ആഘോഷമാക്കാൻ ഒരുങ്ങിനിൽക്കുകയാണ് വളപട്ടണം തങ്ങൾവയലിലെ ഫുട്ബാൾ ആരാധകർ.
ദേശീയ പാതയോരത്ത് തഹ്സിന്റെ കൂറ്റൻ ഫ്ലക്സ് വെക്കാൻ തയാറെടുത്തുവരുകയാണ് ഇവർ. ഓരോ ലോകകപ്പ് വരുമ്പോഴും വളപട്ടണത്തുകാർ ഫ്ലക്സുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇത്തവണ തഹ്സിന്റെ ഫ്ലക്സ് കൂടി വളപട്ടണത്തിന്റെ പാതകളിൽ ഉയരും.
17 വയസ്സിനു താഴെയുള്ളവരുടെ ഫുട്ബാൾ കളിയിലേക്ക് തഹ്സിൻ 2022ൽ തിരഞ്ഞെടുത്തിരുന്നു. അന്ന് ഖത്തറിൽ ചെന്നാണ് പ്രദേശത്തുകാർ ആദരിച്ചതെന്ന് ക്ലബ് പ്രസിഡന്റ് ഹനീഫ പറഞ്ഞു. തഹ്സിൻ കളിച്ച തങ്ങൾവയലിലെ ഗ്രൗണ്ടിനു ചുറ്റിലും ഇത്തവണ ഫ്ലക്സുകൾ ഉയരും. കളി നടക്കുന്ന ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ പ്രകടനവും കരിമരുന്ന് പ്രയോഗവും നടക്കും. ഇങ്ങനെ കുറെ പ്ലാനുകളുമായാണ് ഇത്തവണത്തെ ലോകകപ്പ് ആവേശം വളപട്ടണത്തുകാർക്ക്. ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്നത് പ്രദേശത്തെ ഹനീഫ, സാക്കിർ, അസ്നീത്, ജസീം, റിഷാദ്, നാസിൽ തുടങ്ങിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.