റോയ് കൃഷ്ണ

ഗോളടിക്കാൻ മലപ്പുറം; ഐ.എസ്.എല്ലിലെ ഗോൾ മെഷീൻ റോയ് കൃഷ്ണയെ റാഞ്ചി മലപ്പുറം എഫ്.സി

മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയെ തട്ടകത്തിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻബഗാൻ, ബെംഗളൂരു എഫ്‌.സി, ഒഡീഷ എഫ്‌.സി തുടങ്ങി കളിച്ച ടീമുകൾക്കെല്ലാം മിന്നും പ്രകടനം കാഴ്ചവെച്ച പരിചയ സമ്പന്നനായ താരത്തെയാണ് കേരള സൂപ്പർ ലീഗിലെ മലപ്പുറം സംഘം തങ്ങളുടെ നിരയിലെത്തിച്ചത്.

വിവിധ ക്ലബുകളിലൂടെ ഇന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കിയ വിദേശ കളിക്കാരിലൊരാളാണ് ഫിജിയൻ സ്ട്രൈക്കറായ റോയ് കൃഷ്ണ.

ആസ്ട്രേലിയൻ എ– ലീഗിൽ നിന്ന് കൊൽക്കത്തൻ ക്ലബായ എ.ടി.കെ മോഹൻ ബഗാനിലൂടെയായിരുന്നു ഐ.എസ്.എല്ലിലെ തുടക്കം. 2019–20 (15 ഗോൾ, 6 അസിസ്റ്റ്), 2020–21 (14 ഗോൾ,8 അസിസ്റ്റ്) സീസണുകളിൽ ഐഎസ്എൽ ടോപ് സ്കോറർ ആയിരുന്നു. 2021–22 സീസണിൽ ഏഴ് ഗോളും നാല് അസിസ്റ്റും നേടിയിട്ടുണ്ട്. 2019–20 സീസണിൽ ഐഎസ്എൽ കിരിടം നേടുകയും 2020–21 സീസണിൽ റണ്ണർഅപ്പാവുകയും ചെയ്തു. മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

മോഹൻ ബഗാനിൽ നിന്നും ബെംഗളൂരു എഫ്.സിയിലെത്തിയ ശേഷം, 2022-23 ഐ.എസ്.എൽ സീസണിൽ 22 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും അഞ്ച് അസിസ്റ്റും നേടി. ബെംഗളൂരുവിനൊപ്പം 2022ൽ ഡ്യൂറൻഡ് കപ്പ് നേടുകയും 2023ൽ സൂപ്പർ കപ്പിൽ റണ്ണർഅപ്പാവുകയും ചെയ്തു. പിന്നീട് ഒഡീഷ എഫ്സിയിലേക്ക് ചേക്കേറിയ താരം 2023–24 സീസണിൽ മാത്രം 13 ഗോളുകൾ നേടി ഒരു സീസണിൽ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കി. രണ്ട് സീസണുൾപ്പെടെ ഒഡീഷയ്ക്ക് വേണ്ടി ആകെ 47 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും ആറ് അസിസ്റ്റും നേടിയിട്ടുണ്ട്.

ഇന്ത്യൻ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസീലൻഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണു കളിക്കുന്നത്.

ഫിജിയുടെ നായകൻ കൂടിയാണ് ഈ 38കാരൻ. 61 കളികളിൽ നിന്നും 44 ഗോളുകളാണ് ദേശീയ ടീമിനായി റോയിയുടെ സമ്പാദ്യം. ടീമിന്റെ ടോപ് സ്കോററും, 50 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ കളിക്കാരനുമാണ്.

ഓക്ക്‌ലാൻഡ് സിറ്റി എഫ്‌സി, വെയ്റ്റക്കരെ യുണൈറ്റഡ് തുടങ്ങിയ ന്യൂസിലാന്റ് ക്ലബുകൾക്കും ഓസ്‌ട്രേലിയൻ എ-ലീഗ് ടീമായ വെല്ലിംഗ്ടൺ ഫീനിക്സ് എഫ്.സിയിലും റോയ് പന്ത് തട്ടിയിട്ടുണ്ട്. മലപ്പുറം എഫ്.സി ഈ സീസണില്‍ സ്വന്തമാക്കുന്ന ആറാമത്തെ വിദേശതാരമാണ് റോയ് കൃഷ്ണ. നേരത്തെ ഐറ്റർ അൽദലൂർ, ജോൺ കെന്നഡി, സെർജിയോ ഗോൺസാലസ്, ഫാകുണ്ടോ ബല്ലാർഡോ, കമ്രോൺ തുർസനോവ് എന്നീ താരങ്ങളെ ടീമിലെത്തിച്ചിരുന്നു.

മലപ്പുറം എഫ്.സിയിലൂടെ ലീഗിന്റെ ആവേശവും ആരാധകരുടെ ഊർജ്ജവും നേരിട്ട് അനുഭവിക്കാൻ കാത്തിരിക്കുകയാണെന്ന് റോയ് കൃഷ്ണ പറഞ്ഞു. 

Tags:    
News Summary - Super League Kerala side Malappuram FC sign ISL’s Star Roy Krishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.