ഗോൾ നേടിയ ഹാരി കെയിന്റെ ആഹ്ലാദം
മ്യൂണിക്ക്: ജർമൻ ബുണ്ടസ്‌ലിഗയിലെ ആവേശകരമായ 'ഡെർ ക്ലാസിക്കർ' പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ വിജയം സ്വന്തമാക്കിയത്. ഇരട്ട ഗോളുകൾ നേടിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌നും അവസാന മിനിറ്റുകളിൽ വിജയഗോൾ നേടിയ ജോഷ്വ കിമ്മിഷുമാണ് ബയേണിന്റെ വിജയശില്പികൾ. വിജയത്തോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഡോർട്ട്മുണ്ടിനേക്കാൾ 11 പോയിന്റ് ലീഡ് നേടാനും വിൻസെന്റ് കോംപനിയുടെ സംഘത്തിനായി.
സ്വന്തം തട്ടകമായ സിഗ്നൽ ഇഡുന പാർക്കിൽ നടന്ന മത്സരത്തിൽ 26-ാം മിനിറ്റിൽ നിക്കോ ഷ്ളോട്ടർബെക്കിലൂടെ ഡോർട്ട്മുണ്ടാണ് ആദ്യം ലീഡെടുത്തത്. ഡാനിയൽ സ്വെൻസണിന്റെ ബോക്സിലേക്ക് പറന്നിറങ്ങിയ കൃത്യതയാർന്ന ഫ്രീ കിക്കിൽ ഹെഡ് ചെയ്ത് പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടായിരുന്നു ആദ്യ ഗോൾ. ആദ്യപകുതിയിൽ ലീഡ് നിലനിർത്താൻ ആതിഥേയർക്കായെങ്കിലും, 54-ാം മിനിറ്റിൽ ബയേൺ തിരിച്ചടിച്ചു. സെർജ് ഗ്നാബ്രിയുടെ അസിസ്റ്റിൽ നിന്ന് ഹാരി കെയ്ൻ ബയേണിനായി ഗോൾ മടക്കി. തുടർന്ന് 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കെയ്ൻ ബയേണിന് ലീഡ് സമ്മാനിച്ചു. ഷ്ളോട്ടർബെക്ക് ബോക്‌സിൽ വെച്ച് സ്റ്റാനിസിച്ചിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, 83-ാം മിനിറ്റിൽ മാഴ്സൽ സാബിറ്റ്സറുടെ ക്രോസിൽ നിന്ന് വോളിയിലൂടെ ഡാനിയൽ സ്വെൻസൺ ഡോർട്ട്മുണ്ടിനായി വീണ്ടും സമനില ഗോൾ നേടി. എന്നാൽ സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ 87-ാം മിനിറ്റിൽ ബയേൺ നിർണായക പ്രഹരമേൽപ്പിച്ചു. ഡോർട്ട്മുണ്ട് പ്രതിരോധം ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്ത് ബോക്സിന് പുറത്തുനിന്നും ജോഷ്വ കിമ്മിഷ് ഉജ്ജ്വലമായൊരു വോളിയിലൂടെ ബയേണിന്റെ വിജയഗോൾ വലയിലാക്കി. രണ്ട് ഗോളുകൾ നേടിയ ഹാരി കെയ്ൻ ആണ് മാൻ ഓഫ് ദ മാച്ച്. ഈ സീസണിൽ കെയ്നിന്റെ ലീഗ് ഗോളുകളുടെ എണ്ണം ഇതോടെ 30 ആയി. ബുണ്ടസ്‌ലിഗയിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ ഇരട്ട ഗോൾ നേടുന്ന താരമെന്ന റെക്കോർഡിനൊപ്പമെത്താനും (1967ൽ ലോതർ എമ്മറിച്ചും 2001ൽ ടോമിസ്ലാവ് മാരിചും നേടിയ റെക്കോർഡ്) കെയ്‌നായി. ഇതിനുപുറമെ, ബുണ്ടസ്‌ലിഗയിൽ താനെടുത്ത 24 പെനാൽറ്റികളും ലക്ഷ്യത്തിലെത്തിക്കാനും കെയ്ന് കഴിഞ്ഞു. മുൻ ബയേൺ പരിശീലകൻ കൂടിയായ നിക്കോ കോവാച്ചിന്റെ കീഴിലിറങ്ങിയ ഡോർട്ട്മുണ്ടിന്റെ 16 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനാണ് ഇതോടെ ബയേൺ വിരാമമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.