നാലു ഗോളിന്റെ കടം വീട്ടണം; അത്‌ലറ്റികോക്കെതിരെ 'അസാധ്യമായത് സാധ്യമാക്കാൻ' ബാഴ്സലോണ

ബാഴ്‌സലോണ: കോപ്പ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദത്തിൽ അത്‌ലറ്റികോ മഡ്രിഡിനെതിരെ കളത്തിലിറങ്ങുമ്പോൾ 'അസാധ്യമായത് സാധ്യമാക്കാൻ' യുവതാരം ലാമിൻ യമാലിൻ്റെ മികവ് മാത്രം പോരെന്നും ടീമിൻ്റെ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്ക്. കഴിഞ്ഞ മാസം മഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് (4-0) തകർന്നടിഞ്ഞ ബാഴ്സയ്ക്ക്, ബുധനാഴ്ച സ്വന്തം തട്ടകമായ സ്പോട്ടിഫൈ കാമ്പ് നൗവിൽ ഇറങ്ങുമ്പോൾ വലിയ വെല്ലുവിളിയാണ് ബാഴ്‌സക്ക് മുന്നിലുള്ളത്. വിയ്യാറയലിനെതിരായ കഴിഞ്ഞ മത്സരത്തിൽ കരിയറിലെ ആദ്യ ഹാട്രിക് നേടി മിന്നും ഫോമിലാണ് ലാമിൻ യമാൽ. സ്വന്തം കാണികളുടെ പിന്തുണയും യമാലിൻ്റെ ഫോമും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

"ടീമിൻ്റെ കൂട്ടായ്മയിലാണ് ഞങ്ങളുടെ ശ്രദ്ധ," വമ്പൻ തിരിച്ചുവരവിന് യമാലിൻ്റെ ചിറകിലേറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫ്ലിക്കിൻ്റെ മറുപടി ഇതായിരുന്നു. "ശനിയാഴ്ചത്തെ ആദ്യ ഗോളിന് ശേഷം അവൻ്റെ പ്രകടനം ഗംഭീരമായിരുന്നു. അതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ ഞങ്ങൾക്ക് എല്ലാവരെയും ആവശ്യമുണ്ട്. ലാമിനെ മാത്രമല്ല, കളത്തിലുള്ള എല്ലാവരും ഒരുപോലെ പൊരുതണം." ഫ്ലിക്ക് വ്യക്തമാക്കി. "ഞങ്ങൾ നാല് ഗോളുകൾക്ക് പിന്നിലാണ്. അസാധ്യമായത് സാധ്യമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതാണ് നാളത്തെ ലക്ഷ്യവും. ഇതൊട്ടും എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഒരിക്കലും പിന്മാറില്ല. ഗോൾ വഴങ്ങാതിരിക്കുക എന്നത് പ്രധാനമാണ്, ഒപ്പം ഞങ്ങളുടെ കരുത്തിൽ വിശ്വസിക്കുകയും വേണം," ഫ്ലിക്ക് കൂട്ടിച്ചേർത്തു.

മാനേജർ കരിയറിൽ ഒരു കപ്പ് പോരാട്ടത്തിൻ്റെ രണ്ടാം പാദത്തിൽ ഇത്രയും വലിയൊരു തിരിച്ചടി നേരിട്ട് ഇറങ്ങുന്നത് ഫ്ലിക്കിന് ആദ്യ അനുഭവമാണ്. എന്നാൽ ഭയമില്ലെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ബാഴ്‌സ നേടിയ 4-0ൻ്റെ വിജയമാണ് ഫ്ലിക്ക് മാതൃകയാക്കുന്നത്. "ഓരോ പകുതിയിലും രണ്ട് ഗോളുകൾ വീതം നേടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മികച്ച ഒരു ടീമിനെതിരെയാണ് കളിക്കുന്നത് എന്നതിനാൽ കാര്യങ്ങൾ ദുഷ്കരമാണ്." ഫ്ലിക്ക് പറഞ്ഞു.

നിർണായക മത്സരത്തിന് മുന്നോടിയായി സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിക്ക് പരിക്കേറ്റത് ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ്. വിയ്യാറയലിനെതിരായ മത്സരത്തിൽ കണ്ണിന് പരിക്കേറ്റ താരം, ഫ്രെങ്കി ഡി ജോങ്, ഗാവി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവർക്കൊപ്പം പരിക്കേറ്റവരുടെ പട്ടികയിലായി. എറിക് ഗാർഷ്യക്ക് സസ്പെൻഷൻ കാരണം കളിക്കാനാവില്ല. അതേസമയം, പരിക്കിൽ നിന്ന് മുക്തരായി പെഡ്രിയും റഫീഞ്ഞയും തിരിച്ചെത്തുന്നത് ടീമിന് വലിയ ആശ്വാസമാണ്. വിയ്യാറയലിനെതിരെ ടീം മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തതെന്നും, അത്‌ലറ്റികോക്കെതിരെയും ഒറ്റക്കെട്ടായി സ്മാർട്ടായി കളിക്കണമെന്നും ഫ്ലിക്ക് വ്യക്തമാക്കി.

Tags:    
News Summary - Barcelona vs Atletico Madrid – Copa del Rey semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.