ലയണൽ മെസ്സി

പെലെയ്‌ക്കൊപ്പമെത്തി മെസ്സി; കരിയറിലെ 70-ാം ഫ്രീ കിക്ക് ഗോളോടെ പുതിയ ചരിത്രം

മിയാമി: പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വീണ്ടും തെളിയിക്കുന്നു. മേജർ ലീഗ് സോക്കറിൽ ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ച മെസ്സി, കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. തകർപ്പനൊരു ഫ്രീ കിക്ക് ഗോളിലൂടെ സാക്ഷാൽ പെലെയുടെ 70 ഫ്രീ കിക്ക് ഗോളുകളെന്ന റെക്കോർഡിനൊപ്പമെത്താൻ അർജന്റീനൻ നായകന് കഴിഞ്ഞു.

ഞായറാഴ്ച ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ 4-2 നായിരുന്നു ഇന്റർ മിയാമിയുടെ വിജയം. മത്സരത്തിന്റെ 57-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. പിന്നീട് ഇഞ്ചുറി ടൈമിൽ (90-ാം മിനിറ്റിൽ) ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക്, പ്രതിരോധ മതിലിനെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് താരം വളച്ചിറക്കി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ (64 ഫ്രീ കിക്ക് ഗോളുകൾ) ഫ്രീ കിക്ക് ഗോളുകളിൽ മുന്നിലെത്താൻ മെസ്സിക്ക് സാധിച്ചു.

ഒർലാൻഡോ സിറ്റിക്കെതിരായ ഇരട്ട ഗോളുകളോടെ മെസ്സിയുടെ കരിയർ ഗോളുകളുടെ എണ്ണം 898 ആയി ഉയർന്നു. 900 ഗോളുകളെന്ന മാന്ത്രിക സംഖ്യയ്ക്ക് വെറും രണ്ട് ഗോളുകൾ മാത്രം അകലെയാണ് താരമിപ്പോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ 1238 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് 900 ഗോളുകൾ തികച്ചതെങ്കിൽ, വെറും 1139 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള മെസ്സിക്ക് ഈ റെക്കോർഡ് വേഗത്തിൽ മറികടക്കാൻ അവസരമുണ്ട്. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 900 ഗോളുകൾ തികയ്ക്കുന്ന താരമെന്ന നേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത്.

പുതിയ നേട്ടത്തോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ പെലെയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്താണ് മെസ്സി. ബ്രസീലിയൻ ഇതിഹാസം ജുനിഞ്ഞോ പെർണാമ്പുകാനോയുടെ (77 ഗോളുകൾ) പേരിലാണ് നിലവിൽ ഈ ലോകറെക്കോർഡ് ഉള്ളത്. അമേരിക്കൻ ലീഗിലെ മെസ്സിയുടെ നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ, ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടുന്ന താരമായി മെസ്സി എന്ന് മാറും എന്നത് മാത്രമാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

Tags:    
News Summary - Lionel Messi equals Pele's free-kick record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.