സൂറിക്: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ 2026 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് സൂചന നൽകി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. നിലവിലെ സാഹചര്യത്തിൽ ലോകകപ്പിൽ പങ്കെടുക്കുക അസാധ്യമാണെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് പ്രതികരിച്ചു. "ഇന്നത്തെ സംഭവവികാസങ്ങളുടെയും അമേരിക്കൻ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ, ലോകകപ്പിൽ ഞങ്ങൾക്ക് പങ്കെടുക്കാനാകുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ കായിക വകുപ്പ് അധികൃതരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്," ദേശീയ വാർത്താ ചാനലായ 'ടെഹ്റാൻ' നെറ്റ്‌വർക്കിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആഭ്യന്തര ഫുട്ബോൾ ലീഗും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി സ്ഥിരീകരണമുണ്ട്.
ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളായ ദുബൈ, ദോഹ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കും ഇസ്രായേലിനും നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനിൽ 'വൻ സൈനിക നീക്കം' പ്രഖ്യാപിച്ചതോടെ ഗൾഫ് മേഖല യുദ്ധഭീതിയിലായി. ഇതിന് പിന്നാലെയാണ് ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായത്.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിപുലീകരിച്ച യാത്രാവിലക്ക് പട്ടികയിലുള്ള 39 രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. കഴിഞ്ഞ വർഷം വാഷിംഗ്ടണിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിൽ നിന്ന് ഇറാൻ വിട്ടുനിന്നിരുന്നു. ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ഉൾപ്പെടെയുള്ള ഉന്നത പ്രതിനിധികൾക്ക് അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്.
ഗ്രൂപ്പ് ജി-യിൽ ഉൾപ്പെട്ട ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കേണ്ടത്. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെയും, 21-ന് അതേ വേദിയിൽ ബെൽജിയത്തെയും, 26-ന് സിയാറ്റിലിൽ ഈജിപ്തിനെയുമാണ് ഇറാൻ നേരിടേണ്ടിയിരുന്നത്. ഇറാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ പകരം യോഗ്യതാ റൗണ്ടിൽ പുറത്തായവരിൽ ഉയർന്ന റാങ്കുള്ള ടീമിനെയോ, പ്ലേ ഓഫ് റണ്ണറപ്പിനെയോ ഉൾപ്പെടുത്താനാണ് ഫിഫയുടെ നിയമം പറയുന്നത്. ഇങ്ങനെയെങ്കിൽ ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഉയർന്ന റാങ്കുകാരായ യു.എ.ഇക്ക് നറുക്കുവീഴാൻ സാധ്യതയുണ്ട്.
അഞ്ചാം റൗണ്ട് പ്ലേ ഓഫിൽ ഇറാഖിനോട് പരാജയപ്പെട്ട യു.എ.ഇ നിലവിൽ പുറത്തായിരുന്നു. എന്നാൽ ഇറാൻ പിന്മാറിയാൽ ഇറാഖിനെ നേരിട്ട് ഗ്രൂപ്പ് ജി-യിലേക്ക് പ്രൊമോട്ട് ചെയ്യാനും, പകരം യു.എ.ഇക്ക് ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ മത്സരിക്കാൻ അവസരം നൽകാനും സാധ്യതയുണ്ട്. വെയിൽസിലെ കാർഡിഫിൽ നടന്ന ഐ.എഫ്.എ.ബി വാർഷിക യോഗത്തിൽ ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം പ്രതികരിച്ചു: "ഇറാനുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾ അറിഞ്ഞതുപോലെ തന്നെ രാവിലെയാണ് ഞാനും ശ്രദ്ധിച്ചത്. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നെങ്കിലും ഇപ്പോൾ കൂടുതൽ പ്രതികരിക്കാൻ സമയമായിട്ടില്ല. ആഗോള വിഷയങ്ങൾ നിരീക്ഷിച്ചുവരികയാണ്. വാഷിംഗ്ടണിൽ നടന്ന നറുക്കെടുപ്പിൽ എല്ലാ ടീമുകളും പങ്കെടുത്തിരുന്നു. ലോകകപ്പ് എല്ലാവർക്കും സുരക്ഷിതമായിരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആതിഥേയരായ മൂന്ന് രാജ്യങ്ങളിലെയും സർക്കാരുകളുമായി പതിവുപോലെ ആശയവിനിമയം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.