കരിയറിലെ ആദ്യ ഹാട്രിക്കുമായി ലമീൻ യമാൽ; വിയ്യാറയലിനെ തകർത്ത് ബാഴ്‌സലോണ തലപ്പത്ത്

ബാഴ്‌സലോണ: ലാ ലിഗയിൽ വിയ്യാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. ബാഴ്‌സ കുപ്പായത്തിൽ കരിയറിലെ ആദ്യ ഹാട്രിക് കുറിച്ച യുവതാരം ലമീൻ യമാലാണ് ബാഴ്‌സയുടെ വിജയശിൽപ്പി. വിജയത്തോടെ ചിരവൈരികളായ റയൽ മഡ്രിഡുമായുള്ള പോയിൻ്റ് വ്യത്യാസം നാലായി ഉയർത്താനും കറ്റാലൻ പടയ്ക്കായി. ഒന്നാമതുള്ള ബാഴ്‌സക്ക് 64 പോയിൻ്റും രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡിന് 60 പോയിൻ്റും, മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിന് 51 പോയിൻ്റുമാണുള്ളത്.

ലമീൻ യമാൽ 

18 വയസ്സും 230 ദിവസവും മാത്രം പ്രായമുള്ള യമാൽ മത്സരത്തിൻ്റെ 28, 37, 69 മിനിറ്റുകളിലാണ് വലകുലുക്കിയത്. വിയ്യാറയൽ താരം പാപെ ഗെയ്യെയിൽ നിന്ന് പന്ത് റാഞ്ചിയ ഫെർമിൻ ലോപ്പസ് നൽകിയ പാസിൽ നിന്നാണ് യമാൽ അക്കൗണ്ട് തുറന്നത്. ഒമ്പത് മിനിറ്റുകൾക്ക് ശേഷം തൻ്റെ പ്രതിഭ വിളിച്ചോതുന്ന സോളോ റണ്ണിലൂടെ താരം രണ്ടാം ഗോളും കണ്ടെത്തി. വലതുവിങ്ങിലൂടെ മുന്നേറി സെർജി കാർഡോണയെയും ആൽബർട്ടോ മൊലേറോയെയും മറികടന്ന് പോസ്റ്റിൻ്റെ മൂലയിലേക്ക് താരം പന്തെത്തിക്കുകയായിരുന്നു. പിന്നീട് ഡാനി ഓൽമോയ്ക്ക് പകരം കളത്തിലിറങ്ങിയ പെഡ്രി നൽകിയ മികച്ചൊരു പാസിൽ നിന്നാണ് യമാൽ തൻ്റെ കരിയറിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ നാലാം ഗോൾ നേടിയത്. വിയ്യാറയലിൻ്റെ ഏക ഗോൾ പാപെ ഗെയ്യുടെ വകയായിരുന്നു.

വിയ്യാറയലിനെയുള്ള ഹാട്രിക്കോടെ 21-ാം നൂറ്റാണ്ടിൽ ലാ ലിഗയിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടവും യമാൽ സ്വന്തമാക്കി (18 വയസ്സും 230 ദിവസവും). ടീമിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മാറിയ യമാൽ, കുറച്ചു നാളുകളായി തന്നെ അലട്ടിയിരുന്ന പരിക്കിൻ്റെ പ്രശ്നങ്ങളിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് ഈ മത്സരത്തിലൂടെ നടത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി പരിക്കിൻ്റെ പ്രശ്നങ്ങൾ കാരണം എനിക്ക് എന്നെക്കുറിച്ച് നല്ല തോന്നലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എൻ്റെ കളിയിൽ എനിക്ക് വളരെ സന്തോഷമുണ്ട്," ഹാട്രിക് നേട്ടത്തിന് ശേഷം മാച്ച് ബോൾ കയ്യിലേന്തി യമാൽ മാധ്യമങ്ങളോട് പറഞ്ഞു. 16-ാം വയസ്സിൽ തന്നെ ഞാൻ നൂറ് ഗോളുകൾ നേടണമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നത്, എനിക്കും അതിഷ്ടമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ പടിപടിയായി ഞാൻ എൻ്റെ കളി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ടീമിനെ സഹായിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്," താരം കൂട്ടിച്ചേർത്തു. വിയ്യാറയലിനെതിരെയുള്ള വിജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി ബാഴ്സ ഒന്നാമതും 25 നൽസരങ്ങളിൽ നിന്നായി 60 പോയിന്റുമായി റയൽ മഡ്രിഡ് രണ്ടാംസ്ഥാനത്തുമുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ റയൽ മഡ്രിഡ് ഗെറ്റാഫയെ നേരിടും.

Tags:    
News Summary - Barcelona beat Villarreal 4-1 to extend lead at the top of La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.