ന്യൂയോർക്: 2026 ഫിഫ ലോകകപ്പിന് തിരിതെളിയാൻ ഇനി 100 ദിനങ്ങൾ മാത്രം ബാക്കി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരക്കുന്ന, മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന വിശ്വമാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. എന്നാൽ ആവേശം വാനോളം ഉയരുമ്പോഴും ആശങ്കകൾക്ക് തെല്ലും കുറവില്ല എന്നതും ശ്രദ്ധേയമാണ്. ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണം, ഇറാന്റെ തിരിച്ചടി, ഗൾഫ് മേഖലയിലെ യുദ്ധഭീതി, മെക്സിക്കോയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ, ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ എന്നിവ സൃഷ്ടിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ കരിനിഴലിലാണ് ഇത്തവണത്തെ ലോകകപ്പ്.
11ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ജൂലൈ 19ന് ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ 16 വേദികളിലായാണ് 104 മത്സരങ്ങൾ നടക്കുന്നത്. ഇതിൽ 78 മത്സരങ്ങൾക്കും അമേരിക്കയാണ് വേദിയാകുന്നത്. 2022-ലെ ഖത്തർ ലോകകപ്പിൽ ലഭിച്ച 700 കോടി ഡോളറിനെ മറികടന്ന്, ഇത്തവണ 1100 കോടി ഡോളറിന്റെ റെക്കോർഡ് വരുമാനമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ലക്ഷ്യമിടുന്നത്.
ടൂർണമെന്റിന്റെ നടത്തിപ്പിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയമാണ്. ട്രംപ് ഭരണകൂടത്തിന്റെ വിദേശ-ആഭ്യന്തര നയങ്ങൾ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളാണ് നിലവിലെ പ്രധാന പ്രതിസന്ധി. ലോകകപ്പിന് യോഗ്യത നേടിയ ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും സിയാറ്റിലുമായാണ് നടക്കേണ്ടത്. എന്നാൽ, അമേരിക്കൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകകപ്പിനെ പ്രതീക്ഷയോടെ കാണാനാവില്ലെന്നും, പങ്കെടുക്കുന്ന കാര്യത്തിൽ ഉന്നതതല തീരുമാനം ഉണ്ടാകുമെന്നും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദിതാജ് വ്യക്തമാക്കി. ഇറാൻ പിന്മാറിയാൽ പകരം ഇറാഖ്, അല്ലെങ്കിൽ യു.എ.ഇ പങ്കെടുക്കും. കൂടാതെ, ട്രംപിന്റെ യാത്രാവിലക്ക് പട്ടികയിലുള്ള ഇറാൻ, ഹെയ്തി, സെനഗൽ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിലും വലിയ തടസ്സങ്ങളുണ്ടാകും. കളിക്കാർക്കും ഒഫീഷ്യലുകൾക്കും മാത്രമാണ് ഇളവുള്ളത്.
മയക്കുമരുന്ന് മാഫിയാ തലവനെ വധിച്ചതിന് പിന്നാലെ മെക്സിക്കോയിലുണ്ടായ ആഭ്യന്തര സംഘർഷങ്ങളും ടൂർണമെന്റിന് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്. നാല് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വാഡലഹാരയിലടക്കം അക്രമങ്ങൾ വ്യാപിച്ചിരുന്നു. എന്നാൽ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്.
48 ടീമുകൾ മാറ്റുരക്കുന്നതിനാൽ പ്രാഥമിക റൗണ്ടിൽ വമ്പന്മാർ പുറത്താകാനുള്ള സാധ്യത കുറവാണ്. 12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കും മികച്ച 8 മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാം. ജൂൺ 24-ന് 39-ാം ജന്മദിനം ആഘോഷിക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സിയുടെയും പോർച്ചുഗീസ് ഇതിഹാസം ക്രിസ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പാകും ഇത്.
ഫുട്ബാൾ ലോകം കാത്തിരിക്കുന്ന അര്ജന്റീന - പോർചുഗൽ മത്സരം നടക്കാനുള്ള സാഹചര്യവും ഈ ലോകകപ്പിലുണ്ട്. ഇതിനെല്ലാം പുറമെ, കേപ് വെർഡെ, കുറസാവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കന്നി ലോകകപ്പിനായി ബൂട്ടുകെട്ടുന്നതിനും 2026 സാക്ഷ്യം വഹിക്കും.
ഉയർന്ന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാരായ ആരാധകരെ അകറ്റിനിർത്തുന്നതാണ്. ടിക്കറ്റ് വിൽപനയിലെ ഫിഫയുടെ നടപടിയെ 'ചരിത്രപരമായ വഞ്ചന' എന്നാണ് ഫുട്ബോൾ സപ്പോർട്ടേഴ്സ് യൂറോപ്പ് ഉൾപ്പെടെയുള്ള സംഘടനകൾ വിശേഷിപ്പിച്ചത്. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ 2,000 ഡോളറിലാണ് (ഏകദേശം 1.7 ലക്ഷം രൂപ) ആരംഭിക്കുന്നത്. മികച്ച സീറ്റുകൾക്ക് 8,680 ഡോളർ വരെ നൽകണം. ഫിഫയുടെ റീസെയിൽ പോർട്ടലിൽ ഒരു ടിക്കറ്റിന് 143,750 ഡോളർ വരെ വിലയിട്ടിരുന്നു. അമേരിക്കൻ സ്റ്റേഡിയങ്ങളിലെ പാർക്കിങ് നിരക്കുകളും കുതിച്ചുയരുകയാണ്. ലോസ് ഏഞ്ചൽസിലെ സോഫി സ്റ്റേഡിയത്തിൽ പാർക്കിംഗിന് മാത്രം 300 ഡോളറാണ് ഈടാക്കുന്നത്. ഫെഡറൽ ഷട്ട്ഡൗൺ കാരണം അമേരിക്കയിലെ ഫാൻ പാർക്കുകളുടെ നടത്തിപ്പും വലിയ പ്രതിസന്ധിയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.