മെക്സികോ സിറ്റി: സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെയും സ്പെയിൻ ദേശീയ ടീമിന്‍റെയും മുൻ പ്രതിരോധ താരം സെർജിയോ റാമോസ് മെക്സിക്കൻ ക്ലബിൽ. മെക്സിക്കൻ മുൻനിര ഡിവിഷനായ ലിഗ എം.എക്സിലെ മോണ്ടെറി റയാഡോസുമായി ഒരു വർഷത്തേക്കാണ് 38കാരനായ താരം കരാർ ഒപ്പിട്ടത്.
ലോക ഫുട്ബാളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളായ റാമോസ് സൗജന്യ ട്രാൻസ്ഫറിലാണ് മെക്സിക്കൻ ക്ലബിലെത്തുന്നത്. കഴിഞ്ഞ സീസണിൽ സെവ്വിയയുമായുള്ള കരാർ അവസാനിച്ചതോടെ താരം ഒരു ക്ലബുമായും കരാറില്ലാതെ നിൽക്കുകയായിരുന്നു. റയലിനൊപ്പം 16 വർഷം കളിച്ച താരം, ക്ലബിന്‍റെ 22 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ചു ലാ ലിഗ കിരീടങ്ങളും ഇതിൽ ഉൾപ്പെടും. 2021ൽ റയൽ വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് കൂടുമാറി.
2023ൽ ആദ്യ ക്ലബായ സെവ്വിയയിലേക്ക് തന്നെ മടങ്ങി. 2010ൽ ലോകകപ്പ് കിരീടം നേടിയ സ്പെയിൻ ടീമിലും 2008, 2012 വർഷങ്ങളിൽ യൂറോ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു. മുൻ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം മാർട്ടിൻ ഡെമിഷെലിസാണ് നിലവിൽ മോണ്ടെറി ക്ലബിനെ പരിശീലിപ്പിക്കുന്നത്. 93ാം നമ്പർ ജഴ്സിയാണ് താരം ക്ലബിൽ അണിയുക. 2014 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇൻജുറി ടൈമിന്‍റെ 93ാം മിനിറ്റിൽ നേടിയ ഗോളിന്‍റെ ഓർമക്കാണിത്.
റയലിനായി 16 സീസണുകളിലായി 671 മത്സരങ്ങൾ കളിക്കുകയും 101 ഗോളുകൾ നേടുകയും ചെയ്തു. 40 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. സ്പെയിനിനായി 180 മത്സരങ്ങളിൽനിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്.
യൂറോപ്പിൽ തുടരാൻ റാമോസ് ആഗ്രഹിച്ചിരുന്നെങ്കിലും നല്ല ഓഫറുകളൊന്നും താരത്തിന് ലഭിച്ചില്ല. പിന്നാലെയാണ് മെക്സിക്കോയിലേക്ക് ചുവടുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.