ലോക ഫുട്ബാൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമുള്ള സ്പാനിഷ് യുവതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നു. സ്പെയിനിന്റെ വിസ്മയ താരം ലാമിൻ യമാലിനൊപ്പമുള്ള മെസ്സിയുടെ ചിത്രം നേരത്തെ തന്നെ ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ യമാൽ മാത്രമല്ല, നിലവിലെ സ്പാനിഷ് ടീമിലെ മറ്റ് മൂന്ന് പ്രമുഖ താരങ്ങൾ കൂടി കുട്ടിക്കാലത്ത് മെസ്സിക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുതുതായി പുറത്തുവന്നിരിക്കുന്നത്.
2007-ൽ യുണിസെഫും പ്രാദേശിക പത്രമായ 'സ്പോർട്ടും' ചേർന്ന് സംഘടിപ്പിച്ച ഒരു ചാരിറ്റി കലണ്ടറിന് വേണ്ടിയാണ് അന്ന് ബാഴ്സലോണയുടെ യുവതാരമായിരുന്ന മെസ്സിയും ശിശുവായ ലാമിൻ യമാലും ഒന്നിച്ചുള്ള അപൂർവ്വ ചിത്രമെടുത്തത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ നൗ ക്യാമ്പിൽ വെച്ചായിരുന്നു ഈ ഫോട്ടോ ഷൂട്ട്. ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരാനിരിക്കെ, ഈ ചിത്രം വീണ്ടും വൈറലായതിനെ "അവിശ്വസനീയം" എന്നാണ് ലയണൽ മെസ്സി വിശേഷിപ്പിച്ചത്. തങ്ങളുടെ ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ഈ അപ്രതീക്ഷിത ബന്ധം ഫുട്ബാൾ ലോകവും കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
ലാമിൻ യമാലിന് പുറമെ ഡാനി ഓൽമോ, ഗാവി, ഗോൾകീപ്പർ ഗാർസിയ എന്നിവരോടൊപ്പമുള്ള മെസ്സിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത്. ഒരു കാലത്ത് മെസ്സിയെ മാതൃകയാക്കി വളർന്ന ഈ താരങ്ങൾ ഇന്ന് സ്പാനിഷ് ദേശീയ ടീമിന്റെ നെടുംതൂണുകളാണ്.
ബാഴ്സലോണയിലെ തന്റെ വളർച്ചാഘട്ടത്തിൽ മെസ്സിയെ കണ്ട് വളർന്ന ഗാവി, ഇതിഹാസ താരത്തോടൊപ്പം പലപ്പോഴായി ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് സ്പെയിനിന്റെ നിർണായക താരമായ ഗാവിക്ക്, താൻ ആരാധിച്ച അതേ നായകനെതിരെ മൈതാനത്ത് പൊരുതേണ്ടി വരുന്നു എന്നത് ഈ മത്സരത്തിന്റെ ആവേശം കൂട്ടുന്നു.
ബാഴ്സലോണയിൽ മെസ്സിയുടെ സുവർണ്ണ കാലഘട്ടത്തിൽ അദ്ദേഹത്തെ ഒരു റോൾ മോഡലായി കണ്ടാണ് ഓൽമോ വളർന്നത്. ഇന്ന് സ്പെയിനിന്റെ ആക്രമണ നിരയിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനായി ഓൽമോ മെസ്സിക്കെതിരെ കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ്.
സ്പാനിഷ് ഗോൾകീപ്പർ ജോവാൻ ഗാർസിയയും കുട്ടിക്കാലത്ത് മെസ്സിയെ കണ്ടുമുട്ടിയ നിമിഷങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്. അന്ന് വെറുമൊരു സാധാരണ ഓർമ്മയായിരുന്ന ആ നിമിഷം, ഇന്ന് ചരിത്രലിപികളിൽ എഴുതപ്പെടാൻ പോകുന്ന ഒരു മഹാപോരാട്ടത്തിന് മുന്നോടിയായി മാറിയിരിക്കുകയാണ്.
ഒരു കാലത്ത് തങ്ങൾ ആരാധനയോടെ നോക്കിനിന്ന ഫുട്ബോൾ ഇതിഹാസത്തിനെതിരെ, ചരിത്രപ്രധാനമായ ഒരു ഫൈനൽ മത്സരത്തിൽ നേർക്കുനേർ പോരാടാൻ ഒരുങ്ങുന്ന സ്പാനിഷ് യുവനിരയുടെ ഈ മാറ്റം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്നായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.