കലൂർ സ്റ്റേഡിയത്തിലെ വാർത്തസമ്മേളനം ജി.സി.ഡി.എ തടഞ്ഞു; ഇന്ത്യൻ കോച്ചിനെ പുറത്താക്കി, പരിശീലനവും തടഞ്ഞു

കൊച്ചി: മാര്‍ച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന വാർത്തസമ്മേളനം സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയുടെ പിടിവാശിമൂലം ഉപേക്ഷിച്ചു. ഇന്ത്യയും ഹോങ്കോങും തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിന്റെ മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ വാര്‍ത്തസമ്മേളനമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ലെന്ന പേരില്‍ ജി.സി.ഡി.എ തടഞ്ഞത്. വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ ഫുട്‌ബാള്‍ ടീം പരിശീലകന്‍ ഖാലിദ് ജമീലിനെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനവും തടഞ്ഞു.

അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൗണ്ടിലാണ് ടീം പരിശീലനം നടത്തിയത്. നേരത്തേ വാടകയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെയും ഉടമകളെയും സ്റ്റേഡിയത്തില്‍നിന്ന് ഇറക്കിവിട്ടിരുന്നു. ഇന്ത്യയും ഹോങ്കോങും തമ്മിലെ മത്സരത്തിന് ആതിഥ്യം വഹിക്കുന്നത് കേരള ഫുട്‌ബാള്‍ അസോസിയേഷനാണ്. മത്സര വാടകയായി മൂന്നുലക്ഷം രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 25 ലക്ഷം രൂപയുമാണ് സ്‌റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എ ആവശ്യപ്പെട്ടത്. ഈ തുക അടക്കാമെന്ന് കെ.എഫ്.എ സമ്മതിക്കുകയും ചെയ്തു. ഇതിന് സാവകാശം ചോദിച്ചെങ്കിലും ജി.സി.ഡി.എ വഴങ്ങിയില്ല.

വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച വാർത്തസമ്മേളനവും പരിശീലനവും നടത്തണമെങ്കില്‍ മുഴുവന്‍ തുകയും അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന പിടിവാശിയിലായിരുന്നു ജി.സി.ഡി.എ. ഇതിനിടെ പരിശീലകന്‍ ഖാലിദ് ജമീല്‍ സ്റ്റേഡിയത്തിലെത്തി. തര്‍ക്കത്തെ തുടര്‍ന്ന് കെ.എഫ്.എ ഓഫിസില്‍ ഏറെനേരം കാത്തിരുന്ന അദ്ദേഹം, ജി.സി.ഡി.എ വഴങ്ങാത്തതിനെ തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെയും സുരക്ഷ ജീവനക്കാര്‍ തടഞ്ഞു.

Tags:    
News Summary - GCDA blocks press conference at Kaloor Stadium; Indian coach expelled, training halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.