ബാഴ്സലോണ ടീം പരിശീലനത്തിൽ
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ ക്വാർട്ടർ തേടിയിറങ്ങുമ്പോൾ ചിലർക്ക് ചങ്കിടിപ്പും ചിലർക്ക് കാത്തിരിപ്പും. ആദ്യ പാദത്തിൽ ഒരു ഗോളിന് പിറകിലായിപ്പോയ ചെമ്പടക്കും ന്യൂകാസിലിനെതിരെ സമനിലക്കുരുക്കിൽ വീണ ബാഴ്സക്കും ഇന്നത്തെ പോര് ജയിച്ചേതീരൂവെങ്കിൽ ഗോൾശരാശരിയിൽ ബഹുദൂരം മുന്നിൽനിൽക്കുന്ന ബയേണിനും അറ്റ്ലറ്റികോ മഡ്രിഡിനും പ്രതീക്ഷ വാനോളമാണ്.
ന്യൂകാസിലിനെതിരെ അവരുടെ തട്ടകത്തിൽ കളി ജയിക്കാമെന്ന് കണക്കുകൂട്ടി ആദ്യ പാദത്തിൽ ബൂട്ടുകെട്ടിയ ബാഴ്സലോണക്ക് അവസാന നിമിഷത്തിലെ പെനാൽറ്റി ഗോളാണ് വിലപ്പെട്ട സമനിലയും ഒരു പോയിന്റും സമ്മാനിച്ചത്. ഇന്നും അതേ ദൗർബല്യങ്ങൾ ടീമിനെ വിടാതെ പിടികൂടിയാൽ ക്യാമ്പ് നൂവിൽ കണ്ണീർ വീഴും. ഗ്രൂപ്പ് ഘട്ടത്തിൽ 2-1ന് ഇതേ ടീമിനെ വീഴ്ത്തിയ ശേഷമാണ് ബാഴ്സ നോക്കൗട്ടിൽ ന്യൂകാസിലിനോട് 1-1ന് സമനില പിടിക്കുന്നത്. ഹാർവി ബാർനെസ് പ്രിമിയർ ലീഗ് ടീമിനെ മുന്നിലെത്തിച്ച ശേഷം ലമീൻ യമാലാണ് പെനാൽറ്റി വലയിലെത്തിച്ച് കളി സമനിലയിലാക്കിയത്.
ആൻഫീൽഡിൽ ചെമ്പടക്ക് ശുഭോദർക്കമല്ല കാര്യങ്ങൾ. ഒരു ഗോളിന് പിറകിൽ നിൽക്കുന്ന ആതിഥേയർക്ക് ഗലറ്റ്സരെക്കെതിരെ മികച്ച ജയം കുറിക്കാനാകണം. നേരത്തെ ഇറ്റാലിയൻ അതികായരായ യുവന്റസിനെ വൻമാർജിനിൽ കടന്നാണ് തുർക്കിയ ടീം പ്രീക്വാർട്ടറിലെത്തിയത്. പ്രിമിയർ ലീഗിനെ തീപ്പിടിപ്പിച്ച ഒസിംഹൻ നയിക്കുന്ന മുന്നേറ്റമാണ് ഗലറ്റ്സരെയുടെ പ്രതീക്ഷ. ഇന്ന് ജയിക്കാനായാൽ ടീമിനിത് സ്വപ്ന നേട്ടമാകും. എന്നാൽ, ആൻഫീൽഡിൽ അക്ഷരാർഥത്തിൽ ലിവർപൂളിനാണ് മേൽക്കൈ, പോരാട്ടം ചാമ്പ്യൻസ് ലീഗിലാകുമ്പോൾ വിശേഷിച്ചും. മറുവശത്ത് ബയേണിനും അറ്റ്ലറ്റികോ മഡ്രിഡിനും അനായാസമാകണം കാര്യങ്ങൾ. അത്ര ദുർബലരാകുമെന്ന് കരുതിയില്ലെങ്കിലും പാവം അറ്റ്ലാന്റയെ ആദ്യ പാദം 6-1ന് തീർത്ത് അലയൻസ് അറീനയിലെത്തുന്ന ബയേണിന് ക്വാർട്ടർ ബെർത്ത് 90 മിനിറ്റ് മാത്രം അകലെയാണ്. അത്രക്ക് ആധികാരികമായിട്ടായിരുന്നു ടീമിന്റെ പ്രകടനം. ഗോൾ മെഷീൻ ഹാരി കെയിൻ കാലിലെ വേദനയുമായി ബെഞ്ചിലിരുന്ന നാളിൽ തന്നെ ഇത്ര വലിയ മാർജിനിൽ ജയം ടീമിനെ തേടിയെത്തുമെന്ന് കോച്ച് വിൻസെന്റ് കൊമ്പനി കരുതികാണില്ല. എന്നാൽ, ജോസിപ് സ്റ്റാനിസിച്, മൈക്കൽ ഒലീസെ, സെർജ് നബ്രി, നികൊളാസ് ജാക്സൺ, ജമാൽ മുസിയാല എന്നിവരെല്ലാം വല കുലുക്കി നിറഞ്ഞാടിയപ്പോൾ കാര്യങ്ങളെല്ലാം നേരത്തെ തീരുമാനമായി. ഇന്നും കെയിൻ കളത്തിലിറങ്ങിയേക്കില്ല. ഗോൾവല കാക്കാൻ മാനുവൽ നോയറും രണ്ടാമൻമാരായ ലിയോൺ ക്ലാനകും സ്വൻ ഉൾറീച്ചുമില്ലെന്നത് മാത്രമാണ് ഏക പ്രശ്നം. ജൊനാസ് ഉർബിഗ് കൂടി ഫിറ്റല്ലെങ്കിൽ 16കാരൻ ലിയോനാർഡ് പ്രസ്കോർട്ടിന് നറുക്ക് വീഴും. ഇറ്റാലിയൻ ക്ലബായ അറ്റ്ലാന്റക്ക് അഞ്ചു ഗോൾ വ്യത്യാസം മറികടക്കുകയെന്ന ഭീമൻ ദൗത്യമാണ് മുന്നിൽ. അത് വിജയകരമായി പൂർത്തിയാക്കാനായാൽ യൂറോപ്യൻ ഫുട്ബാൾ ചരിത്രത്തിലെ അദ്ഭുതമാകും. ടോട്ടൻഹാമിനെ 5-2ന് വീഴ്ത്തിയാണ് അറ്റ്ലറ്റികോ മഡ്രിഡ് രണ്ടാം പാദം കളിക്കാനിറങ്ങുന്നത്. ഹൂലിയൻ അൽവാരസും സംഘവും മുന്നിൽനിൽക്കുന്ന മഡ്രിഡ് ടീം പടയോട്ടത്തിന് വേഗം കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.