ഹൂസ്റ്റൺ : ഫുട്ബോൾ ലോകം അവിശ്വസനീയതയോടെ നോക്കിക്കാണുന്ന മുന്നേറ്റവുമായി കേപ് വെർഡ. 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ കന്നിയങ്കത്തിൽ വമ്പൻമാരെ പിന്തള്ളിയാണ് 'ബ്ലൂ ഷാർക്ക്സ്' നോക്കൗട്ടിൽ കടന്നത്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ് വെർഡ ചരിത്രം കുറിച്ചത്.
ടൂർണമെന്റിലുടനീളം പുറത്തെടുത്ത കരുത്തുറ്റ പ്രകടനമാണ് കേപ് വെർഡയെ തുണച്ചത്. സ്പെയിൻ, ഉറുഗ്വായ് തുടങ്ങിയ വമ്പൻമാർക്കെതിരെ സമനില നേടിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കേപ് വെർഡ സൗദിക്കെതിരെയും തോൽവി അറിയാതെ കളംനിറഞ്ഞു കളിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിക്കുന്ന മൂന്നാമത്തെ ആഫ്രിക്കൻ ടീം എന്ന അപൂർവ്വ ബഹുമതിയും ഈ കുഞ്ഞൻ സംഘം സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമണത്തിനാണ് മുൻഗണന നൽകിയത്. 19-ാം മിനിറ്റിൽ സൗദിയുടെ സലേം അൽ-ദൗസാരിയുടെ അപകടകരമായ ഷോട്ട് കേപ് വെർഡയുടെ പ്രതിരോധത്തെ ഭേതിക്കാനായില്ല.
രണ്ടാം പകുതിയിൽ കേപ് വെർഡ കൂടുതൽ ഉണർന്നു കളിച്ചു. 52-ാം മിനിറ്റിൽ പീനയുടെ ലോംഗ് റേഞ്ചർ സൗദി പോസ്റ്റിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പോയി. 56-ാം മിനിറ്റിൽ ഡെറോയ് ഡുവോർട്ടെ തൊടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. 67-ാം മിനിറ്റിൽ സൗദിയുടെ നാസർ അൽ ദൗസാരിക്ക് മഞ്ഞക്കാർഡ് ലഭിച്ചു. അവസാന നിമിഷം വരെ സൗദി പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാൻ കേപ് വേർഡിന് കഴിഞ്ഞു.
ഗ്രൂപ്പ് ഘട്ടം കടന്ന കേപ് വേർഡിന് മുന്നിലുള്ളത് വലിയൊരു വെല്ലുവിളിയാണ്. ജൂലൈ മൂന്നിന് മയാമിയിൽ വെച്ച് നടക്കുന്ന നോക്കൗട്ട് റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ഇവരുടെ എതിരാളികൾ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനായി കാത്തിരിക്കുകയാണ് കേപ് വെർഡയുടെ ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.