കളി തത്സമയം കാണാൻ സജ്ജീകരിച്ചിരിക്കുന്ന ബിഗ് സ്ക്രീൻ സംവിധാനം
ജിദ്ദ: വടക്കേ അമേരിക്കയിൽ അരങ്ങേറുന്ന 2026 ഫിഫ ലോകകപ്പിെൻറ സമയക്രമം സൗദി അറേബ്യയിലെ ഫുട്ബാൾ ആരാധകരുടെ ദിനചര്യകളെയും ശീലങ്ങളെയും സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വലിയൊരു ജനവിഭാഗം താമസിക്കുന്ന സൗദിയിൽ, മത്സരങ്ങളുടെ സമയ വ്യത്യാസമാണ് കായികപ്രേമികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരങ്ങൾ സൗദി സമയപ്രകാരം പുലർച്ചെ ഒന്ന് മുതൽ അഞ്ച് വരെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇത് തത്സമയം കാണുന്നതിനായി ആരാധകർക്ക് തങ്ങളുടെ ഉറക്ക ഷെഡ്യൂളുകൾ പൂർണമായും മാറ്റേണ്ടി വരുന്നു.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സൗദി സ്വദേശികളും മലയാളികൾ അടക്കമുള്ള പ്രവാസികളും വലിയ ആവേശത്തിലാണ്. ഒരു പ്രാദേശിക പത്രം നടത്തിയ സർവേ പ്രകാരം, രാജ്യത്തെ ഭൂരിഭാഗം ഫുട്ബാൾ പ്രേമികളും സമയക്രമത്തിലെ ബുദ്ധിമുട്ടുകൾ വകവെക്കാതെ അർധരാത്രിയിലെ മത്സരങ്ങൾ കാണാൻ താല്പര്യപ്പെടുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ജൂലൈ 19ന് ടൂർണമെൻറ് അവസാനിക്കുന്നത് വരെ ഈ രീതിയിൽ ഉറക്കത്തിെൻറ സമയക്രമം പുനഃക്രമീകരിക്കേണ്ട അവസ്ഥയിലാണ് ആരാധകർ. രാത്രി മുഴുവൻ കളി കണ്ട് ഉറക്കമിളയ്ക്കുന്നതിനാൽ, പിറ്റേന്ന് പകൽ സമയങ്ങളിൽ ജോലിസ്ഥലങ്ങളിലും മറ്റും കടുത്ത ക്ഷീണവും ഉറക്കംതൂങ്ങലും അനുഭവപ്പെടുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു.
എങ്കിലും ഫുട്ബാൾ ലഹരി ഒട്ടും ചോരാതെ തെരുവോരങ്ങളിലെ കോഫി ഷോപ്പുകൾക്ക് മുന്നിലും ക്ലബ്ബ് ഹാളുകളിലും വലിയ സ്ക്രീനുകൾ സജ്ജമാണ്. ചില മലയാളി പ്രവാസി കൂട്ടായ്മകളും വിവിധ പ്രദേശങ്ങളിൽ ബിഗ് സ്ക്രീനുകൾ സ്ഥാപിച്ച് ഒന്നിച്ച് കളി കാണാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കളി നടക്കുന്ന സമയങ്ങളിൽ ഇത്തരം കേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ലോകകപ്പ് ആവേശത്തോടനുബന്ധിച്ച് സൗദിയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രത്യേക പ്രമോഷൻ കാമ്പയിനുകളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കായിക ലോകത്തിെൻറ ആവേശത്തോടൊപ്പം ഷോപ്പിങ് അനുഭവങ്ങളും ഒത്തുചേരുന്നതോടെ രാജ്യമെമ്പാടും വലിയൊരു ഉത്സവ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.