വടക്കേ അമേരിക്കൻ മണ്ണിൽ 2026ാം ലോകകപ്പ് ഫുട്ബാളിന് കേളികൊട്ടുയരുമ്പോൾ കായികലോകത്തിന്റെ ശ്രദ്ധയത്രയും സൗദി അറേബ്യ എന്ന രാജ്യത്തിലേക്കാണ്. ഭരണാധികാരികളുടെ മികച്ച പിന്തുണയോടെ ലോക ഫുട്ബാളിന്റെ വൻശക്തിയായി സൗദി മാറിയിരിക്കുന്നു. സഈദ് ഉവൈരാൻ തൊടുത്ത അത്ഭുത ഗോളിന്റെ ചരിത്രം പിറന്ന 1994 ലെ അമേരിക്കൻ ലോകകപ്പ് മുതൽ, ഖത്തറിൽ സാക്ഷാൽ മെസിപ്പടയെ വിറപ്പിച്ച സാലെം ദോസരിയുടെ നേതൃത്വം വരെയുള്ള സൗദി ഫുട്ബാളിെൻറ വളർച്ച വിസ്മയകരമാണ്. ഇപ്പോൾ 'മെക്മേരിക്കാനഡ' ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ ഉറുഗ്വേ, സ്പെയിൻ, കുഞ്ഞൻ കേപ് വെർദെ എന്നിവർക്കൊപ്പമാണ് സൗദി ഗ്രീൻ ഫാൽക്കനുകളുടെ പോരാട്ടം. അതിൽ വമ്പന്മാരായ ഉറുഗ്വേയെ ആദ്യ കളിയിൽ തന്നെ സമനിലയിൽ തളയ്ക്കുകയും ചെയ്തിരിക്കുന്നു. കനകക്കിരീടം ലക്ഷ്യമിടുന്ന ടീമിനായി സ്വദേശികളും പരദേശികളും ഒരേ മനസ്സോടെ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളൊരുക്കി ലോക ഫുട്ബാളിെൻറ പുതിയൊരു പറുദീസയായി സൗദി മാറിക്കഴിഞ്ഞു. ഈ ലോകകപ്പ് സൗദി പ്രോ ലീഗിെൻറ വൻ സ്വീകാര്യതയ്ക്കുള്ള തെളിവാണ്.
സൗദിയിലെ വിവിധ ക്ലബുകളിലായി കളിക്കുന്ന വിവിധ രാജ്യക്കാരായ ഇരുപത്തിമൂന്നോളം കളിക്കാരാണ് ഇത്തവണ തങ്ങളുടെ ദേശീയ ടീമുകൾക്കായി ബൂട്ട് കെട്ടുന്നത്. മിഡിൽ ഈസ്റ്റിൽ ഇത്രയധികം കളിക്കാരെ ലോകവേദിയിലേക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞത് സൗദി ലീഗിെൻറ ഉന്നത നിലവാരത്തെ കാണിക്കുന്നു. 2024ൽ സൗദി ക്ലബായ അൽ ഖാദിസിയയിൽ ചേർന്ന് സീസണിൽ 20 ഗോളുകൾ അടിച്ചുകൂട്ടിയ മെക്സിക്കൻ താരം ജൂലിയൻ ആൻഡ്രെസ് സ്വന്തം നാട്ടുകാരുടെ ആരവങ്ങൾക്കിടെ 2026 ലോകകപ്പിലെ ഗോൾ വെടിക്കെട്ടിന് തിരി കൊളുത്തിയത് സൗദി ഫുട്ബാളിന് അഭിമാന നിമിഷമായി.
മറ്റു പ്രമുഖ ടീമുകളിലെ സൗദി സാന്നിധ്യം പരിശോധിച്ചാൽ ഈ സ്വാധീനം വ്യക്തമാകും. സെനഗലിനായി വല കാക്കുന്ന എഡ്വേർഡ് ഒസോക്വു മെൻഡി, ഫോർവേഡ് സാദിയോ മാനെ, പ്രതിരോധക്കോട്ട പണിയുന്ന കാലിഡോഉ കൗലിബാലി എന്നിവരും, അൾജീരിയയുടെ ആഫ്രിക്കൻ കുതിപ്പിന് കരുത്തേകാൻ ഫോർവേഡ് റിയാദ് കരീം മെഹ്റസും മിഡ്ഫീൽഡിൽ കളി മെനയാൻ ഹുസാമെദ്ദീനും സൗദിയിലെ കളിപരിചയത്തിെൻറ കരുത്തുമായാണ് അണിനിരക്കുന്നത്. ബ്രസീലിെൻറ കാവൽപ്പടയിൽ റോജർ ഐബാനെസ് ഡാസിൽവയും മിഡ്ഫീൽഡ് നിയന്ത്രിക്കാൻ ഫാബിയോ ഹെൻഡ്രികും അണിനിരക്കുമ്പോൾ, പോർച്ചുഗലിനെ മുന്നിൽ നിന്ന് നയിക്കുന്നത് അൽ നസ്റിെൻറ കപ്പിത്താൻ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കൂട്ടിന് സൗദിയിലെ സഹകളിക്കാരനായ ജോഓ ഫെലിക്സ് സെക്വേറിയയുമുണ്ട്. കൂടാതെ ഐവറികോസ്റ്റ്, കാറാഗാവ്, ഈജിപ്ത്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഘാന, ഇറാഖ്, ജോർഡൻ, മൊറോക്കോ, പാനമ, സ്കോട്ട്ലാന്റ്, തുർക്കി തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളുടെ സ്ക്വാഡിലും സൗദി സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിക്കാറുള്ള പ്രിയപ്പെട്ട താരങ്ങളുണ്ട്.
ഈ ലോകകപ്പിലെ ഏറ്റവും കൗതുകകരമായ കാഴ്ച സൗദിയുടെ ആദ്യ അങ്കത്തിൽ തന്നെ കാണാം. സൗദിയുടെ വല കാക്കുന്ന അൽഉല എഫ്സിയുടെ മുഹമ്മദ് ഖലീൽ അൽ ഒവൈസിനെ വെല്ലുവിളിച്ച് ഗോളടിക്കാൻ യുറഗ്വായുടെ ഡാർവിൻ ഗബ്രിയേൽ നുനെസ് റിബേറിയോ ഇരമ്പിയെത്തുമ്പോൾ, അദ്ദേഹത്തെ പ്രതിരോധിക്കാൻ സൗദി ജേഴ്സിയിൽ നെഞ്ചുറപ്പോടെ കാവൽ നിൽക്കുന്നത് അദ്ദേഹത്തിെൻറ സൗദി ക്ലബായ അൽഹിലാലിലെ സഹകളിക്കാരായ അലി ലജാമിയും ഹസൻ അൽതംപക്തിയും മൊതെബ് അൽഹർബിയുമായിരിക്കും. ക്ലബ്ബിലെ സഹകളിക്കാർ ലോകവേദിയിൽ പരസ്പരം പോരടിക്കുന്ന ഈ കാഴ്ച കാൽപന്ത് കളിയുടെ വല്ലാത്തൊരു ചാരുത തന്നെയാണ്. മുഹമ്മദ് ഖലീൽ അൽഒവൈസി കാവൽ നിൽക്കുകയും സാലെം ദോസരി പട നയിക്കുകയും ചെയ്യുന്ന സൗദി അറേബ്യ കനകക്കിരീടം ഉയർത്തുമെന്ന സുമോഹന മുഹൂർത്തം സ്വപ്നം കാണുകയാണ് ആരാധകർ.
ഒപ്പം, തങ്ങളുടെ പ്രിയപ്പെട്ട ആഭ്യന്തര ക്ലബുകളിലെ താരങ്ങൾ ഇതര രാജ്യങ്ങളുടെ ജേഴ്സിയിൽ പോരാടുന്നത് കാണാനും അവരെ പ്രോത്സാഹിപ്പിക്കാനുമായി ഉറക്കമിളക്കാൻ അവർ തയ്യാറാണ്. പല രാജ്യങ്ങളിലെ കളിക്കാരിലൂടെ കളിമൈതാനങ്ങളിൽ സൗദിയുടെ പെരുമ ഉയരുന്നത് പുളകത്തോടെയാണ് കാൽപന്തിനെ പ്രണയിക്കുന്ന സൗദി ജനത നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.