മയ്യഴിയിലെ കാൽപ്പന്ത് ദിനങ്ങൾ

" പ്രിയപ്പെട്ട നാട്ടുകാരെ.....രാഘവൻ മെമ്മോറിയൽ ട്രോഫിക്കും, കരുണാകരൻ മെമ്മോറിയൽ ഷെൽഡിനും വേണ്ടി മാഹി സ്പോർട്സ് ക്ലബ്ബ് മൈതാനത്ത് ഇന്ന് വൈകീട്ട് നടക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിന്റെയും ബ്രദേഴ്‌സ് കണ്ണൂരിന്റെയും വാശിയേറിയ മത്സരം കാണാൻ നിങ്ങൾ ഏവരെയും ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ്. കാൽപന്ത് കളിയുടെ മന്ത്രികച്ചുവടുകൾ കാണാൻ മറക്കാതെ വരിക ആസ്വദിക്കുക ആശീർവദിക്കുക......"

ഓരോ മയ്യഴി പ്രവാസിയും ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു അന്നൗൺസ്മെന്റാണ് മുകളിലത്തേത്. സന്തോഷ് ട്രോഫിയും, ഫെഡറേഷൻ കപ്പും കഴിഞ്ഞാൽ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്‍ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് മയ്യഴിൽ വർഷം തോറും നടക്കുന്ന ഈ കാൽപന്ത് മത്സരം എന്ന് നിസ്സംശയം പറയാം. ഒരേ ഒരു വ്യത്യാസം എന്താണെന്നാൽ ആദ്യത്തേത് രണ്ടും ലെവൻസ് ആണെങ്കിൽ ഈ മത്സരം സെവൻസ് ആണ് എന്നത് മാത്രം. താരതമ്യേന ചെറിയ മൈതാനങ്ങളിൽ കാലടക്കത്തോടെ കളിച്ചിരുന്ന സെവൻസ്ഫുട്ബാൾകണ്ടു ശീലിച്ച നമ്മുടെ തലമുറക്ക് ലെവൻസ് ഫുട്ബാളിലേക്കുള്ള ചുവടുമാറ്റം ആദ്യം അത്ര രസകരമായിരുന്നില്ല എന്നതാണ് സത്യം.

ആദ്യത്തെ ലെവൻസ് മത്സരം കാണുന്നത് കണ്ണൂരിൽ വെച്ച് ഫെഡറേഷൻ കപ്പാണ് എന്നാണ് ഓർമ്മ. അന്ന് റെയിൽവേയും ഗോവയും തമ്മിലായിരുന്നു മത്സരമായിരുന്നു കണ്ടത്. എളിയാപ്പാന്റെ കൂടെ മാഹിയിൽ നിന്നും ബുള്ളറ്റ് ബൈക്കിൽ 35 കിലോമീറ്റർ അകലെയുള്ള കണ്ണൂരിലേക്ക് പോയതിന്റെ ഓർമ്മകൾക്ക് ഇന്നും യൗവനം. മമ്പാടും, അരീക്കോടും, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും, പിന്നെ എന്നത്തേയുംഫുട്ബാൾപ്രേമികളുടെ ആവേശമായ കാൽപ്പന്തു കളിയിലെ മാന്ത്രികൻ വി.പി. സത്യൻ കളിക്കുന്ന കണ്ണൂർ ബ്രദേഴ്‌സുമെല്ലാം മയ്യഴി മൈതാനത്തു നിറഞ്ഞാടിയ കായിക ദിനങ്ങൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

ആദ്യകാലത്ത് ഗാലറി കെട്ടിയിരുന്നില്ല. ഗ്രൗണ്ടിന് അതിരിലെ ലൈനിന് തൊട്ടടുത്തായിരുന്നു കാണികൾ സ്ഥാനം പിടിച്ചിരുന്നത്. അന്നത്തെ ലൈൻ അമ്പയർ മാരുടെ ഡ്യൂട്ടി ഗ്രൗണ്ടിലെ കളിക്കാരെ നോക്കുന്നത് മാത്രമായിരുന്നില്ല. ഓരോ പ്രാവശ്യവും ആവേശം മൂത്ത് കളിക്കാർക്കൊപ്പം ഒരു പെരുമ്പാമ്പിനെ പോലെ കളിക്കളത്തിലേക്ക് ഇഴഞ്ഞു കയറുന്ന കാണികളുടെ നീണ്ട നിരയെ നിയന്ത്രിക്കുക കൂടി ആയിരുന്നു. മയ്യഴി മൈതാനത്ത് കളിയാരവം നിറച്ച കായിക ദിനങ്ങൾ. ഇന്നും മത്സരം നടക്കുന്നുണ്ടെങ്കിലും പഴയ ആവേശം ഇല്ലെന്ന കാര്യം ആരും സമ്മതിക്കും. ഒരു പക്ഷെ ക്രിക്കറ്റിന്റെ അതിപ്രസരവും ഓൺലൈൻ ഗെയിമുകളിലേക്കുള്ള പുതു തലമുറയുടെ ചുവടുമാറ്റവുമാകാം കാരണങ്ങൾ. എങ്കിലും കാൽപന്ത് കളിയുടെ ആവേശം അവയ്ക്കൊന്നും നൽകാൻ കഴിയില്ല എന്ന കാര്യത്തിന്റെ ഉത്തമോദാഹരണമാണ് മൂന്ന് രാജ്യങ്ങളിലായി ലോകം ഇന്ന് ആഘോഷിക്കുന്ന ലോക കപ്പ് മാമാങ്കം. ഇനി എന്നാണാവോ നമ്മുടെ രാജ്യത്തിന് ആ മാമാങ്കത്തിൽ പങ്കാളികളാകാൻ കഴിയുക?

ഇപ്രാവശ്യത്തെ ആദ്യത്തെ ഖത്തർ ലോകകപ്പ് മത്സരത്തിന് കളിയാരംഭത്തിന്റെ ലൈനപ്പിൽ നിൽക്കുന്ന ഇന്ത്യക്കാരനായ, മലയാളിയായ, തലശ്ശേരിക്കാരനായ തഹ്‌സീൻ മുഹമ്മദ് ജംഷീദിനെ കണ്ടപ്പോഴുണ്ടായ രോമാഞ്ചം ഒരു വല്ലാത്ത അനുഭവമായിരുന്നു. ഭാവിയിൽ നമ്മുടെ രാജ്യവും ലോകകപ്പിൽ പങ്കാളികളാകും എന്ന് നമുക്ക് പ്രത്യാശിക്കാം...    

Tags:    
News Summary - mayyazhi football memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.