വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ആധികാരിക ജയത്തോടെ ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയം തകർത്തുവിട്ടത്. ലിയാൻഡ്രോ ട്രൊസാർഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ കെവിൻ ഡി ബ്രൂയ്‍നും റൊമേലു ലുക്കാക്കുവും ഓരോ തവണ ലക്ഷ്യം കണ്ടു.ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി ബെൽജിയം നോക്കൗട്ട് ഉറപ്പിച്ചു. ആദ്യ പകുതി മുതൽക്കേ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബെൽജിയം 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ട് ട്രൊസാർഡ് തന്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കി.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ ബെൽജിയത്തിന്റെ സൂപ്പർതാരം കെവിൻ ഡി ബ്രൂയിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. ബോക്സിന് വെളിയിൽ നിന്ന് അസാധ്യമായൊരു ഷോട്ടിലൂടെ ഡി ബ്രൂയ്ൻ പന്ത് വലയിലെത്തിച്ചപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി. 14-ാം മിനിറ്റിൽ ഡി ബ്രൂയ്ന്‍റെ മികച്ചൊരു ഷോട്ട് തടഞ്ഞിട്ട ന്യൂസിലാൻഡ് ഗോൾകീപ്പർ മാക്സ് ക്രോകോംബിന് ഈ വെടിച്ചില്ല് ഷോട്ടിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മത്സരത്തിന്റെ 84-ാം മിനിറ്റിൽ എലിജ ഹെൻറിയിലൂടെ ന്യൂസിലാൻഡ് ഒരു ഗോൾ മടക്കിയെങ്കിലും ബെൽജിയത്തിന്റെ കുതിപ്പ് അവസാനിച്ചില്ല. 84-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും ഇഞ്ചുറി ടൈമിൽ അലക്സിസ് സാലേമാക്കേഴ്സും ലക്ഷ്യം കണ്ടതോടെ ബെൽജിയത്തിന്റെ ഗോൾ പട്ടിക അഞ്ചായി ഉയർന്നു. ഈ തോൽവിയോടെ ന്യൂസിലാൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.