താലിബാന്‍റെ കണ്ണ് വെട്ടിക്കാൻ പുരുഷവേഷം ധരിച്ച അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ വെള്ളി
നാഗോയ : സ്വന്തം രാജ്യത്തെ കടുത്ത യാഥാസ്ഥിതിക വിലക്കുകളെയും ജീവന് ഭീഷണിയായ സാഹചര്യങ്ങളെയും അതിജീവിച്ച് കായിക സ്വപ്നങ്ങൾക്ക് പിറകെ പായുന്ന അഫ്ഗാൻ വനിതാ സൈക്ലിസ്റ്റ് ഫരിബ ഹാഷ്മിക്ക് ഏഷ്യൻ ഗെയിംസിൽ തിളക്കമാർന്ന വെള്ളിമെഡൽ നേട്ടം. ജപ്പാനിലെ നാഗോയക്ക് സമീപം നടന്ന ആവേശകരമായ വനിതകളുടെ റോഡ് റേസ് മത്സരത്തിൽ ചൈനയുടെ പ്രമുഖ താരം ഗുവോ ലിയക്ക് പിന്നിലായി രണ്ടാമതായാണ് ഇരുപത്തിമൂന്നുകാരിയായ ഫരിബ ഫിനിഷ് ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരവും വികാരഭരിതവുമായ മുഹൂർത്തമാണിതെന്നും, അഫ്ഗാനിലെ ലക്ഷക്കണക്കിന് വരുന്ന പെൺകുട്ടികൾക്ക് ഇരുണ്ട കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകാൻ ഈ വിജയം വലിയൊരു പ്രചോദനമാകുമെന്നും താരം പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്ന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഫരിബയയും കുടുംബവും രാജ്യം വിട്ട് പലായനം ചെയ്തത്. വിദ്യാഭ്യാസമടക്കം സകലമേഖലകളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ കായികരംഗത്ത് പിടിച്ചുനിൽക്കാൻ ഫരിബ അത്യന്തം ദുഷ്കരമായ വഴികളാണ് തെരഞ്ഞെടുത്തത്. നാട്ടിൽ പരിശീലനം നടത്തുന്ന കാലത്ത് തിരിച്ചറിയപ്പെടാതിരിക്കാനും ആളുകളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും പുരുഷവേഷം ധരിച്ചും മുഖംമൂടികൾ അണിഞ്ഞുമാണ് താരം സൈക്ലിംങിന് ഇറങ്ങിയിരുന്നത്. സൈക്ലിംങിനിടയിൽ പലതവണ നാട്ടുകാരുടെ കല്ലേറുകളെയും ശാരീരിക അതിക്രമങ്ങളെയും ധീരമായി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഫരിബ ഓർത്തെടുക്കുന്നു.
നിലവിൽ മുൻ ലോക ചാമ്പ്യൻ അലസ്സാൻഡ്ര കപ്പലോട്ടോയുടെ സഹായത്തോടെ ഇറ്റലിയിലാണ് ഫരീബ ജീവിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത്. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസ് മത്സരവേദിയിൽ എത്തിയപ്പോൾ കടുത്ത പരിമിതികളാണ് താരം നേരിട്ടത്. നാഷണൽ ഫെഡറേഷൻ ഏൽപിച്ച കാർ ഡ്രൈവർ മാത്രമായിരുന്നു ഒരേയൊരു കൂട്ട്. പരിശീലകരോ മെക്കാനിക്കുകളോ ഇല്ലാതിരുന്നതിനാൽ സൈക്കിൾ സ്വയം നന്നാക്കുന്നതും കഴുകുന്നതുമെല്ലാം ഫരിബ തന്നെയായിരുന്നു ചെയ്തത്. ഈ ഘട്ടത്തിൽ തനിക്ക് വലിയ തോതിൽ പിന്തുണയും സഹായവും നൽകിയ ജപ്പാൻ ടീമിന് താരം പ്രത്യേകം നന്ദിയും അറിയിച്ചു.
അഫ്ഗാൻ വനിതകളുടെ സമാനതകളില്ലാത്ത അതിജീവനത്തിന്റെ പ്രതീകമാണ് തന്റെ ഈ വെള്ളിമെഡൽ എന്ന് ഫരിബ വിശേഷിപ്പിച്ചു. താൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾ ഒരേ സ്വപ്നവുമായി തനിക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സഹോദരിയായ യുൾദുസ് ഹാഷ്മിക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ കായികരംഗത്ത് സജീവ സാന്നിധ്യമായ ഫരിബ, 2024-ലെ പാരിസ് ഒളിംമ്പിക്സിൽ മത്സരിച്ചിരുന്നു. ഈ വെള്ളിമെഡൽ നേട്ടത്തിന്റെ തിളക്കത്തിൽ ഇപ്പോൾ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള കഠിനമായ തയ്യാറെടുപ്പിലാണ് ഈ മിടുക്കി. ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും ഒരിക്കലും തോറ്റുകൊടുക്കാൻ തയ്യാറല്ലെന്നും തന്റെ പോരാട്ടം തുടരുമെന്നും ഉറച്ച ശബ്ദത്തിൽ ഫരിബ പ്രഖ്യാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.