ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; മീരാഭായ്‌ ചാനുവിന് വെള്ളി

നഗോയ: ഏഷ്യ ഗെയിംസിലെ തന്റെ ആദ്യ മെഡൽ സ്വന്തമാക്കി ഒളിമ്പിക്സ് മെഡൽ ജേതാവായ മീരാഭായ്‌ ചാനു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ് താരത്തിന്റെ ചരിത്രനേട്ടം. സ്നാച്ചിൽ 87 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും അടക്കം ആകെ 198 കിലോഗ്രാം ഭാരം ഉയർത്തിയാണ് താരം വെള്ളി കരസ്ഥമാക്കിയത്.

28 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്. 1988ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിയാണ് അവസാനമായി മെഡൽ നേടിയത്. കർണം മല്ലേശ്വരിയും വെള്ളിയാണ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ കൂടി മെഡൽ നേടിയതോടെ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ആൻഡ് കോമൺവെൽത്ത് ചാമ്പ്യൻഷിപ്പുകൾ എന്നീ പ്രധാന അന്താരാഷ്ട്ര ഭാരോദ്വഹന ടൂർണമെന്റുകളിലെല്ലാം മെഡൽ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ചാനു സ്വന്തമാക്കി. കർണ്ണം മല്ലേശ്വരി നേരത്തെ ഈ നേട്ടത്തിലെത്തിയിരുന്നു.

ഈയിനത്തിൽ 215 കിലോഗ്രാം ഭാരം ഉയർത്തി ഏഷ്യൻ ഗെയിംസ് റെക്കോഡിട്ടിട്ട ഉത്തരകൊറിയയുടെ റി സോങ് ഗമാണ് സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ വിജയന ലുലുക് ഡയാന ട്രിക്ക് വെങ്കലം കരസ്ഥമാക്കി. അതേസമയം, 2023ലെ ഹാങ്ഷോ ഏഷ്യൻ ഗെയിംസിൽ മീരാഭായ് ചാനുവിന് തലനാരിഴക്ക് മെഡൽ നഷ്‌ടമായിരുന്നു. പരിക്കിനെത്തുടർന്ന് അവസാന ക്ലീൻ ആൻഡ് ജെർക്ക് ശ്രമത്തിൽനിന്ന് പിന്മാറേണ്ടി വന്നതോടെ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവായ ചാനു മൂന്ന് തവണ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം ചൂടിയിട്ടുണ്ട്.

2021 ഏപ്രിൽ 17ന് ഏഷ്യൻ വെയിറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിലെ ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോഗ്രാം ഭാരം ഉയർത്തി ലോക റെക്കോഡും മീരാഭായ് ചാനു സ്വന്തമാക്കിയിരുന്നു. 2023 സെപ്‌റ്റംബർ അഞ്ചുവരെ ആ റെക്കോഡ് താരത്തിന്റെ പേരിലായിരുന്നു. 2018ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലയൻ ബഹുമതിയായ പത്മശ്രീയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരവും താരത്തിന് ലഭിച്ചു.

Tags:    
News Summary - Mirabai Chanu wins maiden Asian Games medal with women's 49kg silver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.