മനു ഭാക്കറിന് മെഡലില്ല; ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് നിരാശ
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്തായി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ 181.1 പോയന്റോടെ അഞ്ചാം സ്ഥാനത്താണ് ഒളിമ്പിക് മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. എട്ട് റൗണ്ടുകളുള്ള ഫൈനലിൽ നാലാം റൗണ്ടിലാണ് താരം പുറത്തായത്.
അവസാന നിമിഷം വരെ മെഡൽ പോരാട്ടത്തിൽ സജീവമായി നിലനിന്നെങ്കിലും എലിമിനേഷൻ റൗണ്ടിൽ കൃത്യമായ സ്കോർ നിലനിർത്താനാകാതെ പോയതാണ് മനു ഭാക്കറിന് വിനയായത്. ഫൈനലിൽ ആദ്യ റൗണ്ടിൽ 50.8 പോയിന്റ് നേടി താരത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ബാക്കി രണ്ട് റൗണ്ടുകളും മികച്ച പ്രകടനം തുടർന്നെങ്കിലും നാലാം റൗണ്ടിൽ കാലിടറുകയായിരുന്നു. കടുത്ത പോരാട്ടം നടന്ന യോഗ്യതാ റൗണ്ടിൽ ചൂവിനും ജിയാങ്ങിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഭാക്കർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്.
മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ചൂ ഗായുൻ 264.3 ഏഷ്യൻ ഗെയിംസ് റെക്കോഡ് പോയന്റോടെ സ്വർണം സ്വന്തമാക്കി. ചൈനയുടെ ഷെൻ യിയാവോ 241.3 പോയന്റോടെ വെള്ളിയും ജിയാങ് റാൻക്സിൻ 221.6 പോയന്റുമായി വെങ്കലവും നേടി. ചൈനീസ് തായ്‌പേയിയുടെ ചെങ് യെൻ-ചിംഗ് 200.7 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് തലനാരിഴക്ക് മെഡൽ നഷ്ടമായിരുന്നു. ഭാക്കറിനൊപ്പം ഇഷ സിങ്, സുരുചി ഇന്ദർ സിങ് എന്നിവരടങ്ങിയ സംഘം നാലാം സ്ഥാനമാണ് നേടിയത്. ഇഷ സിങ്ങിനും സുരുചി ഇന്ദർ സിങ്ങിനും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, ഇന്ത്യ ഷൂട്ടിങ്ങിൽ ഇതിനോടകം അഞ്ച് മെഡലുകൾ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ഹിമാംശു ധില്ലൺ വെള്ളി മെഡലും രുദ്രാങ്ക്ശ് പാട്ടീൽ വെങ്കല മെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഹിമാംശുവും രുദ്രാങ്ക്ശും അടങ്ങിയ സംഘം ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വ്യക്തിഗത വിഭാഗത്തിൽ ഇളവേണിൽ വാളറിവനും വെള്ളി മെഡലുകൾ കരസ്ഥമാക്കിയിരുന്നു.
എന്നാൽ, ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിവസവും ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വർണ മെഡൽ വരൾച്ച തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യ നേടിയ ആറിൽ അഞ്ച് മെഡലുകളും ഷൂട്ടർമാരുടെ വകയായിരുന്നെങ്കിലും 2023നെ അപേക്ഷിച്ച് പ്രകടനം താഴോട്ടാണ്. 2023 ഹാങ്ഷൂ ഏഷ്യൻ ഗെയിംസിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഷൂട്ടിങ് ടീമിന് ഇത്തവണ പ്രതീക്ഷിച്ചത്ര മികച്ച തുടക്കം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഷൂട്ടിങ്ങിൽ സ്വർണ വേട്ട ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.