ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം: കമാലിനിക്ക് 75 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് വിജയ്
ചെന്നൈ: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി. കമാലിനിക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. 18-കാരിയായ കമാലിനിക്ക് 75 ലക്ഷം രൂപ ഉപഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു.
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ ശ്രീലങ്കയുടെ പോരാട്ടം 69 റൺസിൽ അവസാനിച്ചു. ടൂർണമെന്റിൽ ജപ്പാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരായ മത്സരങ്ങളിൽ കമാലിനി ഇന്ത്യക്കായി മൈതാനത്തിറങ്ങിയിരുന്നു.
മധുര സ്വദേശിയായ കമാലിനി ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ലെഗ് സ്പിന്നറുമാണ്. ചെറുപ്രായത്തിൽ തന്നെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ താരം 2024-ലെ അണ്ടർ-19 ടി20 ട്രോഫിയിൽ തമിഴ്‌നാടിനായി 311 റൺസ് അടിച്ചുകൂട്ടിയിരുന്നു. തുടർന്ന് ഇന്ത്യ കിരീടം ചൂടിയ അണ്ടർ-19 ഏഷ്യ കപ്പിലും 2025-ലെ അണ്ടർ-19 ടി20 ലോകകപ്പ് ടീമിലും അംഗമായി.
വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ 1.6 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് കമാലിനിയെ സ്വന്തമാക്കിയത്. ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും കമാലിനിക്കാണ്. 2025 ഡിസംബറിലാണ് താരം ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയത്.
ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ ടീമിന് ആശംസകൾ നേരുകയും കമാലിനിയുടെ നേട്ടത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്ത മുഖ്യമന്ത്രി വിജയ്, കമാലിനിയുടെ വിജയം സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രചോദനമാണെന്ന് എക്‌സിൽ കുറിച്ചു. കായികപ്രതിഭകൾക്കൊപ്പം എന്നും സംസ്ഥാന സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാറിന്റെ പ്രഖ്യാപനത്തിന് മുഖ്യമന്ത്രി വിജയിനും തമിഴ്‌നാട് സർക്കാറിനും നന്ദി അറിയിച്ചുകൊണ്ട് കമാലിനി വീഡിയോ സന്ദേശം പങ്കുവെച്ചു. സംസ്ഥാനത്തെ കായിക മേഖലയ്ക്കും കായികതാരങ്ങൾക്കും നൽകുന്ന പിന്തുണയ്ക്ക് 18-കാരിയായ താരം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.