പാകിസ്താനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; നാടകീയ വിജയത്തിനിടയിലും ചരിത്രനേട്ടം
സാനോ: ഇന്ത്യ - ജപ്പാൻ ചരിത്ര ട്വന്റി20 മത്സരത്തിൽ കഷ്ടിച്ചാണ് ശ്രേയസും സംഘവും വിജയിച്ചത്. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ കേവലം രണ്ട് റൺസിനാണ് ഇന്ത്യൻ സംഘത്തിന്റെ വിജയം. അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 32 റൺസെടുത്തപ്പോൾ അസാമാന്യ പോരാട്ടം നടത്തിയ ജപ്പാന് 30 റൺസിൽ കീഴടങ്ങേണ്ടി വന്നു. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ഇന്ത്യയെ വിറപ്പിച്ചാണ് ജപ്പാൻ അടിയറവ് പറഞ്ഞത്.
അവസാന ഓവറിൽ ജപ്പാന് വിജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. പന്തെറിഞ്ഞ സ്പിന്നർ അക്ഷർ പട്ടേൽ വെറും അഞ്ച് റൺസ് മാത്രം വിട്ടുനൽകിയതോടെ ആവേശപ്പോരിൽ ഇന്ത്യ വിജയിക്കുകയായിരുന്നു. ഇതോടെ ട്വന്റി20യിൽ 200 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ കരസ്ഥമാക്കി. 291 മത്സരങ്ങളിൽ കളിച്ചാണ് ഇന്ത്യ ഇത്രയും വിജയങ്ങൾ നേടിയത്. 81 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഒമ്പതെണ്ണം ഫലമില്ലാതെയും ഒരു മത്സരം സമനിലയിലും അവസാനിച്ചു.
ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ടീമുകളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമതുള്ളത് പാക്സിതാനാണ്. 303 ട്വന്റി20 മത്സരങ്ങൾ കളിച്ച ടീമിന് 176 വിജയങ്ങളാണുള്ളത്. ഇംഗ്ലണ്ട് കൗണ്ടി ക്ലബ്ബുകളായ സോമർസെറ്റ്, ലങ്കാഷെയർ, ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ ആറ് സ്ഥാനങ്ങൾ വരെയുള്ളത്.
അതേസമയം, മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ പേരുകേട്ട മുൻനിരയെ ജപ്പാൻ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു. അഭിഷേക് ശർമ (0) നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങിയപ്പോൾ, സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും വേഗത്തിൽ പുറത്തായി.
12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ ബോർഡിന് ജീവൻ നൽകിയത്. തിലക് വർമ (1), ശിവം ദുബെ (0) എന്നിവർ പുറത്താകാതെ നിന്നതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ പെട്ടെന്ന് തന്നെ ഇന്ത്യയുടെ ബൗളിങ് നിര തകർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും ജപ്പാൻ അസാമാന്യ ചെറുത്തുനിൽപ്പ് നടത്തി.
ആദ്യ രണ്ടോവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ ജപ്പാന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ കെൻഡെൽ കഡോവാകി ഫ്ലെമിങ് (12), ബെഞ്ചമിൻ ഇറ്റോ ഡേവിസ് (9) എന്നിവരുടെ പോരാട്ടം ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ അവസാന പന്തിലാണ് ഇന്ത്യ വിജയമുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.