കൊളംബോ: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഉയർത്തിയ 277 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 261 റൺസിന് എല്ലാവരും പുറത്തായി. 15 റൺസിനാണ് ഇന്ത്യൻ ജയം. 43 റൺസ് വിട്ടുകൊടുത്ത് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റെടുത്ത സ്നേഹ് റാണയാണ് െപ്ലയർ ഓഫ് ദ മാച്ച്.
ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ നേടിയ വിജയത്തിെന്റ ആവേശത്തിലിറങ്ങിയ ഇന്ത്യയുടെ മുൻനിര മികച്ച അടിത്തറയാണ് ഒരുക്കിയത്. പ്രതിക റാവൽ 91 പന്തിൽ 78 റൺസ് നേടി. സ്മൃതി മന്ദാന (36 റൺസ്), ഹർലീൻ ഡിയോൾ (29), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (41), ജെമീമ റോഡ്രിഗസ് (41), റിച്ച ഘോഷ് (24) എന്നിവരും മികച്ച പിന്തുണ നൽകി. അവസാന വിക്കറ്റുകളിൽ ദീപ്തി ശർമ ഒമ്പതും കശ്വീ ഗൗതം അഞ്ചും റൺസ് നേടി ആറ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ ഇന്ത്യയെ എത്തിച്ചു. ദക്ഷിണാഫ്രിക്കക്കുവേണ്ടി നോൻകുലുലേക്കോ എംലാബ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് അവസാന 13 പന്തുകൾക്കിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ബാറ്റിങ് ഓപൺ ചെയ്ത തസ്മിൻ ബ്രിറ്റ്സും ക്യാപ്റ്റൻ ലോറ വോൾവാർട്ടും ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെയെത്തിയവർക്ക് ആ താളം നിലനിർത്താനായില്ല. 28ാം ഓവറിൽ പിരിയുമ്പോൾ 140 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
107 പന്തിൽനിന്ന് 109 റൺസാണ് തസ്മിൻ ബ്രിറ്റ്സ് നേടിയത്. ലോറ വോൾവാർത്ത് 43 റൺസും സുൻ ലൂസ് 28ഉം ക്ലോ ട്രയോൺ 18ഉം അനേറീ ഡെർക്സെൻ 30ഉം റൺസ് നേടി. ഇന്ത്യക്കുവേണ്ടി സ്നേഹ് റാണയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിനൊപ്പം അരുന്ധതി റെഡ്ഡി, ശ്രീ ചരണി, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 25 ഓവർ വരെ മികച്ച നിലയിൽ നിന്നശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.