ഇ​ന്ത്യ​ൻ ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ പ​രി​ശീ​ല​ന​ത്തി​നി​ടെ

വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ട​ഫ് ഗെയിം

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ വ്യാഴാഴ്ച ആസ്ട്രേലിയയെ നേരിടും. കന്നി ലോകകിരീടം തേടുന്ന വിമൻ ഇൻ ബ്ലൂവിന് നിലവിലെ ചാമ്പ്യന്മാരെ തോൽപിച്ച് കലാശക്കളിക്ക് യോഗ്യത നേടുകയെന്നത് വെല്ലുവിളിയാണ്. ലീഗ് റൗണ്ടിൽ അപരാജിതരായി 13 പോയന്റോടെ ഒന്നാംസ്ഥാനം നേടി സെമിയിലെത്തിയവരാണ് ഓസീസ്. ഇന്ത്യയാകട്ടെ, ഏഴ് കളികളിൽ ഏഴ് പോയന്റ് മാത്രം നേടി നാലാംസ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു. ഏഴ് തവണ ഏകദിന ലോക ചാമ്പ്യന്മാരായവരാണ് ആസ്ട്രേലിയ.

പരിക്കേറ്റ ഓപണർ പ്രതിക റാവലിന് പകരം ഷഫാലി വർമയെ ആതിഥേയ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്ററായി ഷഫാലി ഇടക്കാലത്ത് നിറംമങ്ങിയതോടെ ടീമിൽനിന്ന് പുറത്തായിരുന്നു. ഇന്ത്യ എ ടീമിനായി തകർപ്പൻ പ്രകടനം നടത്തിയാണ് ഷഫാലിയുടെ വരവ്. ഓപണർ സ്മൃതി മന്ദാനയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ക്യാപ്റ്റനും ഓപണിങ് ബാറ്ററുമായ അലീസ ഹീലി പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇന്ന് അലീസ ഇറങ്ങുമെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. ഇരു ടീമും ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നേടിയ 330 റൺസ് ഒരു ഓവർ ബാക്കിനിൽക്കെ, ചേസ് ചെയ്തു ആസ്ട്രേലിയ. അലീസ അന്ന് സെഞ്ച്വറിയുമായി കളിയിലെ താരമായിരുന്നു.

ടീം ഇവരിൽനിന്ന്

ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, അമൻജോത് കൗർ, ദീപ്തി ശർമ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, രേണുക സിങ് താക്കൂർ, രാധ ‍യാദവ്, ശ്രീ ചരണി, ഉമാ ഛേത്രി, അരുന്ധതി റെഡ്ഡി.

ആസ്‌ട്രേലിയ: അലീസ ഹീലി (ക്യാപ്റ്റൻ), തഹ്‌ലിയ മക്ഗ്രാത്ത്, എല്ലിസ് പെറി, ബെത്ത് മൂണി, ഫീബ് ലിച്ച്‌ഫീൽഡ്, ജോർജിയ വോൾ, ആഷ്‌ലീ ഗാർഡ്‌നർ, കിം ഗാർത്ത്, ഹെതർ ഗ്രഹാം, അലാന കിങ്, സോഫി മൊളിന്യൂസ്, അന്നബെൽ സതർലാൻഡ്, ഡാർസി ബ്രൗൺ, മെഗാൻ ഷട്ട്, ജോർജിയ വരേഹം. 

Tags:    
News Summary - Women's One-Day World Cup; Tough game for India today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.