വിൻഡീസ് പൊരുതുന്നു; കാംപ്ബെല്ലിനും ഹോപ്പിനും അർധ സെഞ്ച്വറി, രണ്ടാം ഇന്നിങ്സിൽ രണ്ടിന് 173

ന്യൂഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു! ഫോളോ ഓൺ വഴങ്ങിയ സന്ദർശകർ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇനിയും 97 റൺസ് വേണം.

അർധ സെഞ്ച്വറി നേടിയ ഓപ്പണർ ജോൺ കാംപ്ബെല്ലും ഷായ് ഹോപ്പുമാണ് ക്രീസിൽ. കാംപ്ബെൽ 145 പന്തിൽ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 87 റൺസെടുത്തിട്ടുണ്ട്. 103 പന്തിൽ 66 റൺസുമായാണ് ഹോപ്പ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 135 റൺസാണ് നേടിയത്. തഗേനരെയ്ൻ ചാന്ദർപോൾ (30 പന്തിൽ 10), അലിക് അതനാസെ (17 പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.

ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന സന്ദർശകർ ഒന്നാം ഇന്നിങ്സിൽ 248 റൺസിന് പുറത്തായി. ഇന്ത്യക്ക് 270 റൺസിന്‍റെ ലീഡ്. ഇന്ത്യ ഫോളോ ഓൺ ചെയ്യിപ്പിച്ചതോടെയാണ് വിൻഡീസ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയത്. മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ എന്നിവർക്കാണ് വിക്കറ്റ്. നേരത്തെ, കുൽദീപ് യാദവിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിൻഡീസിനെ തകർത്തത്. 26.5 ഓവറിൽ 82 റൺസ് വിട്ടുകൊടുത്താണ് താരം അഞ്ചു വിക്കറ്റെടുത്തത്. രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് നേടി. 84 പന്തിൽ 41 റൺസെടുത്ത അലിക് അതനാസെയാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 518 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ആതിഥേയർക്ക് 270 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. നാലിന് 140 എന്ന നിലയിലാണ് മൂന്നാംദിനം വിൻഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. 16 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഷായ് ഹോപ്പിനെ നഷ്ടമായി. 57 പന്തിൽ 36 റൺസെടുത്ത ഹോപ്പിനെ കുൽദീപ് ക്ലീൻ ബൗൾഡാക്കി.

തൊട്ടുപിന്നാലെ ടെവിൻ ഇംലാഷ് (67 പന്തിൽ 21), ജസ്റ്റിൻ ഗ്രീവ്സ് (20 പന്തിൽ 17) എന്നിവരെ കുൽദീപ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. വിൻഡീസ് ഏഴിന് 174 റൺസ്. ജോമെൽ വാരികാനെ (അഞ്ചു പന്തിൽ ഒന്ന്) മുഹമ്മദ് സിറാജ് മടക്കി. ഇന്നിങ്സിൽ ഒരു ഇന്ത്യൻ പേസറുടെ ആദ്യ വിക്കറ്റ്. ഖാരി പിയറുടെ (46 പന്തിൽ 23) സ്റ്റമ്പ് ബുംറ തെറിപ്പിച്ചു. പത്താം വിക്കറ്റിൽ ആൻഡേഴ്സൺ ഫിലിപ്പും ജയ്ഡൻ സീലസും ശ്രദ്ധയോടെ കളിച്ച് സ്കോർ കണ്ടെത്തി. ഒടുവിൽ സീലസിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി കുൽദീപ് വിൻഡീസിന്‍റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. 25 പന്തിൽ 13 റൺസെടുത്താണ് താരം പുറത്തായത്. ഫിലിപ്പ് 93 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.

അലിക് അതനാസെ (41), തഗേനരെയ്ൻ ചാന്ദർപോൾ (67 പന്തിൽ 34), ജോൺ കാംപ്ബൽ (25 പന്തിൽ 10), നായകൻ റോസ്റ്റൺ ചേസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ദിനം തന്നെ ഇന്ത്യ വീഴ്ത്തിയിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും (175) ഗില്ലിന്റെയും സെഞ്ച്വറി (129*) കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 518 റൺസ് അടിച്ചുകൂട്ടിയത്.

Tags:    
News Summary - Windies struggle; Campbell and Hope hit half-centuries, 173 for two in second innings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.