ഇവിടെ ഐ.പി.എൽ, അവിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.. ഇന്ത്യക്കു മുന്നിൽ വെല്ലുവിളി- ദ്രാവിഡിന് പറയാനുള്ളത് ഇതാണ്...

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് പൂർത്തിയാകുംമുമ്പ് ഇന്ത്യ കാത്തിരുന്ന ആ വാർത്തയെത്തിയിരുന്നു. ന്യൂസിലൻഡിനു മുന്നിൽ ശ്രീലങ്ക വീണെന്നും അതോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ ടിക്കറ്റുറപ്പാക്കിയെന്നുമായിരുന്നു വിവരം. മത്സരത്തിനിടെ ഇതറിഞ്ഞ ടീം അംഗങ്ങൾ പരസ്പരം അനുമോദനം കൈമാറുന്ന കാഴ്ച കൗതുകമായി.

നീണ്ട മൂന്നു വർഷത്തിനിടെ കോഹ്‍ലി സെഞ്ച്വറി കണ്ടെത്തുകയും ഇരട്ട സെഞ്ച്വറിക്കരികെയെത്തുകയും​ ചെയ്ത മത്സരത്തിൽ ടീം ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 480 എന്ന കൂറ്റൻ സ്കോർ ഉയർത്തിയ ഓസീസിനു മുന്നിൽ അതിലേറെ മികച്ച ഇന്നിങ്സുമായി ഇന്ത്യ തിരിച്ചടിച്ചു. ഈ സമയത്ത് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻഡ്- ശ്രീലങ്ക ടെസ്റ്റും പുരോഗമിക്കുന്നുണ്ടായിരുന്നു. അവസാന ദിവസം അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ രണ്ടു വിക്കറ്റിന് ന്യൂസിലൻഡ് ജയം പിടിക്കുകയും ചെയ്തു. എന്തു വില കൊടുത്തും ജയം തേടിയിറങ്ങിയ ലങ്ക വീണതോടെ പോയിന്റ് ശരാശരി ഏറെ മുന്നി​ൽനിന്ന ഇന്ത്യ സ്വാഭാവികമായും യോഗ്യത ഉറപ്പാക്കി.

എന്നാൽ, തുടർച്ചയായ രണ്ടാം തവണയും ടെസ്റ്റിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്ന ആവേശം നിലനിൽക്കുമ്പോഴും ഇന്ത്യയെ കുഴക്കുന്ന മറ്റൊന്നുണ്ട്. ഐ.പി.എൽ ഫൈനലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും തമ്മിലെ ​അകലം കുറഞ്ഞ ദിവസങ്ങൾ മാത്രമാണെന്നതാണ്.

ജൂൺ ഒന്നിനാണ് ഐ.പി.എൽ കലാശപ്പോര്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ ഏഴു മുതലും. രണ്ടിലും കളിക്കുന്നവരിൽ ഒരേ താരങ്ങളുണ്ടാകുമെന്നുറപ്പ്. ഇത്രയും ചുരുങ്ങിയ ദിനങ്ങളുടെ അക​ലത്തിൽ രണ്ട് ഫൈനലുകൾ കളിക്കേണ്ടിവരുന്നത് പ്രകടന മികവിനെ ബാധിക്കുമോയെന്നാണ് ആശങ്ക. ‘‘ഇതൊരു വെല്ലുവിളിയാകാൻ പോകുകയാണ്. വസ്തുവകകളും ആളും കൊണ്ടുപോകേണ്ടതുണ്ട്. ഒരാഴ്ച മാത്രമാണ് രണ്ടിനുമിടയിലെ സമയം. അതേ കുറിച്ച് ചിന്തിക്കുന്നുണ്ട്’’- ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഓസീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന താരങ്ങളെ പരാമർശിക്കാനും ദ്രാവിഡ് മറന്നില്ല. ‘‘ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയടിച്ച് രോഹിത് തുടങ്ങിയത് ഒടുവിൽ കോഹ്‍ലി ഏറ്റെടുത്തു. ടീമിന്റെ മധ്യനിരയിൽ അശ്വിൻ, ജഡേജ, അക്സർ, ശുഭ്മാൻ ഗിൽ എന്നിവരും തിളങ്ങി’’.

ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ഇന്ത്യ മൂന്നാമത്തേത് തോൽക്കുകയും നാലാമത്തേത് സമനിലയിൽ പിരിയുകയും ചെയ്തിരുന്നു. 2-1ന് മുന്നിൽനിന്ന ഇന്ത്യ പരമ്പര സ്വന്തമാക്കി. അശ്വിനും ജഡേജയും ചേർന്ന് പരമ്പരയുടെ താരങ്ങളായി.

വെറ്ററൻ താരമായ അശ്വിൻ 26 വിക്കറ്റിനൊപ്പം 86 റൺസും നേടിയപ്പോൾ ജഡേജ 22 വിക്കറ്റും 122 റൺസും നേടി. 

Tags:    
News Summary - Will IPL Schedule Impact India's WTC Final Chances? Rahul Dravid's Clear Answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.